മാസപ്പടി കേസ്; എസ്എഫ്‌ഐഒ നടപടികള്‍ക്ക് സ്‌റ്റേയില്ല, സിഎംആർഎല്ലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല
ന്യൂഡൽഹി: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ നടപടികള്‍ തുടരും. എസ്എഫ്‌ഐഒയുടെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് വിട്ടു. എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് നിലനില്‍പ്പില്ലാതായെന്നാണ് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
കേസിൽ കുറ്റപത്രം നല്‍കില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്‌റ്റിസ് സുബ്രമണ്യം പ്രസാദ് നല്‍കിയെന്ന വാദം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്‌റ്റിസിന്റെ തീരുമാനത്തിന് വിട്ടത്. കേസ് ഈമാസം 21ന് വീണ്ടും പരിഗണിക്കും. കേസ് ജസ്‌റ്റിസ് സുബ്രമണ്യം പ്രസാദ് പരിഗണിക്കും. സിഎംആര്‍എല്ലിന് വേണ്ടി കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജുവുമാണ് കോടതിയില്‍ ഹാജരായത്.

അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമായിരുന്നു സിഎംആര്‍എല്‍ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇവയൊന്നും അംഗീകരിക്കാൻ കോടതി തയ്യറായില്ല.
സിഎംആർഎലിന്റെ ആവശ്യം കൂടി കണക്കിലെടുത്താണ് കേസ് മുൻപ് പരിഗണിച്ചിരുന്ന ജസ്‌റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് മാറ്റിയത്. അവരുടെ രണ്ട് ഹർജിളും ഇനി പുതിയ ബെഞ്ചായിരിക്കും പരിഗണിക്കുക. എസ്എഫ്ഐഒ തുടർനടപടികൾ സ്‌റ്റേ ചെയ്യണമോ എന്ന സിഎംആർഎല്ലിന്റെ രണ്ടാമത്തെ ഹർജി നിലനിൽക്കുമോ എന്നതുൾപ്പെടെ ഈ ബെഞ്ച് പരിശോധിക്കും.
കഴിഞ്ഞ ഒരു വർഷത്തോളമായി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ് ഈ കേസ്. ആദ്യം കേസ് പരിഗണിച്ചത് ജസ്‌റ്റിസ് നവീൻ ചവ്‌ലയായിരുന്നു. പിന്നീട് ജസ്‌റ്റിസ് സുബ്രഹ്മണ്യൻ പ്രസാദ്, പിന്നാലെ ജസ്‌റ്റിസ് സിഡി സിംഗ്, ഏറ്റവും ഒടുവിൽ ജസ്‌റ്റിസ് ഗീരീഷ് കപ്ത്താലിയയുമാണ് കേസ് പരിഗണിച്ചത്.
അതേസമയം, കേസിൽ എസ്എഫ്‌ഐഒ തയ്യാറാക്കിയ കുറ്റപത്രത്തില്‍ ആകെ 13 പ്രതികളാണ് ഉള്ളത്. കേസില്‍ വീണ വിജയന്‍ 11ആം പ്രതിയാണ്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസില്‍ ഒന്നാം പ്രതി. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് വീണാ വിജയനെ ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ഇഡി നടപടികള്‍ പുനരാരംഭിക്കുന്നത്.












Click it and Unblock the Notifications