വേണ്ടത്ര പരിഗണിക്കുന്നില്ല, ഹൈക്കമാന്റ് ഇടപെടണം; കെ സുധാകരനെതിരെ പരാതിയുമായി എംപിമാർ
ദില്ലി; കെപിസിസി പുന;സംഘടന സംബന്ധിച്ച ചർച്ചയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ദേശീയ നേതൃത്വത്തിന് മുന്നിൽ പരാതിയുമായി എംപിമാർ. ചർച്ചകളിൽ തങ്ങളെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തഴയുകയാണെന്ന ആരോപണമാണ് നേതാക്കൾ ഉയർത്തുന്നത്.
നേരത്തേ കെപിസിസി, ഡിസിസി പുന:സംഘടന ഒരുമിച്ച് നടത്താനായിരുന്നു ഹൈക്കമാന്റ് നിർദ്ദേശം. എന്നാൽ പിന്നീട് ഡിസിസി പുന:സംഘടന വേഗത്തിൽ നടത്താനാനുള്ള രാഷ്ട്രീയകാര്യസമിതി തിരുമാനത്തിന് ഹൈക്കമാന്റഅ അനുമതി നൽകി. ലോക്സഭ തിരഞ്ഞെടുപ്പാണ് ആദ്യം നടക്കാനിരിക്കുന്നതെന്നതിനാൽ എംപിമാരിൽ നിന്നും നിർദ്ദേശം തേടുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ തങ്ങളെ പാടെ തഴയുകയാണെന്ന് ആരോപിച്ച് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി.

ചർച്ചകളിൽ തങ്ങളേയും കൂടി ഉൾപ്പെടുത്താൻ സസുധാകരനോട് ഹൈക്കമാന്റ് നിർദ്ദേശം നൽകണമെന്നും എംപിമാർ വ്യക്തമാക്കി. അതേസമയം വിഷയത്തിൽ സുധാകരനെതിരെ രാഹുൽ ഗാന്ധിയെ സമീപിച്ചുവെന്ന വാർത്ത എംപി കെ മുരധീധരൻ തള്ളി. അതിനിടെ ചർച്ചകൾ ചൂടുപിടിച്ചതോടെ പ്രാതിനിധ്യം ലഭിക്കാതാകുന്നതിൽ കടുത്ത ആശങ്കയിലാണ് ഗ്രൂപ്പ് നേതാക്കൾ.
നേരത്തേ കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവരെ നിയമിച്ചപ്പോൾ തിരിച്ചടി നേരിട്ടതോടെ ഡിസിസി പുന;സംഘടനയിൽ അധികാരം പിടിക്കാനുള്ള നീക്കത്തിലായിരുന്നു നേതാക്കൾ. എന്നാൽ ഗ്രൂപ്പ് വീതംവെയ്പ്പ് അനുവദിക്കില്ലെന്നാണ് കെ സുധാകരന്റെ നിലപാട്. നേരത്തേ തങ്ങൾ കൈവശം വെച്ച ജില്ലകൾ ഇത്തവണയും അനുവദിക്കാനാകില്ലെന്നും കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 9 ജില്ലകൾ എ ഗ്രൂപ്പിനും 5 ജില്ലകൾ ഐ ഗ്രൂപ്പിനുമാണ് ഉള്ളത്. അതേസമയം ഗ്രൂപ്പ് നേതാക്കളെ പിണറാക്കി കെ സുധാകരന് മുന്നോട്ട് പോകാനാകുമോയെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം.
അതിനിടെ കെ മുരളീധരനെ കെപിസിസി പ്രചാരണ സമിതി അധ്യക്ഷനായി ഹൈക്കമാന്റ് നിയോഗിച്ചു. നേരത്തേയും കെ മുരളീധരന് തുരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയർമാനായി ഹൈക്കമാന്റഅ നിയമിച്ചിരുന്നു. മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനായി നിയമിച്ച പിന്നാലെയായിരുന്നു മുരളീധരന് പുതിയ പദവി നൽകിയത്. എന്നാൽ കഴിഞ്ഞ വർഷം സപ്റ്റംബറോടെ മുരളീധരൻ തത്സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.അതേസമയം പുന;സംഘടനയിൽ ഇടഞ്ഞ് നിൽക്കുന്ന മുരളീധരനെ അനുനയിപ്പിക്കുക കൂടി ലക്ഷ്യം വെച്ചാണ് ഇപ്പോഴത്തെ നിയമനം എന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications