ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍; ഫെഫ്കയ്ക്കും ഫിലിം ചേംബറിനും നോട്ടീസ്
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ താരങ്ങളുടെ കൂട്ടായ്മ ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍. ഡബ്ല്യുസിസിക്ക് വേണ്ടി രമ്യ നമ്പീശനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സംഘടനകള്‍ക്ക് നോട്ടീസ് അയച്ചു.

നേരത്തെ ഇതേ ആവശ്യം മുന്‍നിര്‍ത്തി മറ്റൊരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നടിമാരായ പത്മപ്രിയയും റിമ കല്ലിങ്കലുമാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഈ ഹര്‍ജിക്കൊപ്പമാണ് ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കുക. പത്മപ്രിയ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി എകെ ബാലന്‍ അറിയിച്ചിരുന്നു.
സിനിമാ രംഗത്തെ ലൈംഗിക ചൂഷണം തടയണമെന്നാവശ്യപ്പെട്ടാണ് പത്മപ്രിയയും റിമ കല്ലിങ്കലും ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നും ഇരുവരും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. ഇരുകക്ഷികള്‍ക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിട്ടുണ്ട്.
ഹര്‍ജിയിലെ ആവശ്യങ്ങളോട് സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളതെന്ന് മന്ത്രി ബാലന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഡബ്ല്യുസിസി രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഡബ്ല്യുസിസി ഭാരവാഹികള്‍ നേരിട്ട് കണ്ടിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക കമ്മീഷന്‍ നിയോഗിക്കുമെന്നു അന്ന് ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ രൂപീകരിച്ചതെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.












Click it and Unblock the Notifications