ഒമിക്രോണ്‍; കേരളത്തില്‍ സ്ഥിരീകരിക്കാന്‍ സാധ്യത കൂടുതല്‍, വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് സമിതി
തിരുവനന്തപുരം: ദക്ഷ്ണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത ഓമിക്രോണ്‍ വൈറസിന്റെ പശ്ചാതലത്തില്‍ കേരളത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ വിദഗ്ധ സമിതി നിര്‍ദ്ദേശം. രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ തൊണ്ണൂറ് ശത്മാനത്തിലെത്തിക്കണമെന്നാണ് വിദഗ്ധ സമിതി കേരളത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ സംസ്ഥാനത്ത് മെല്ലെ പോക്കാണെന്നും ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നുമാണ് വിദഗ്ധ സമിതി വിലയിരുത്തുന്നത്.
ലോക രാഝ്യങ്ങളിലെമ്പാടും വളരെ വേഗത്തില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദം വാക്‌സിനേന്റെ മെല്ലെ പോക്ക് സാഹചര്യത്തില്‍ കേരളത്തില്‍ സ്ഥിരീകരിക്കാന്‍ സാധ്യത കൂടുതലാണെന്നും അതിനാല്‍ സര്‍ക്കാരിന്റെ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ അടിസ്ഥാന തത്വങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശം നല്‍കണമെന്ന് വിദഗ്ദ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമിക്രോണ്‍ കണ്ടെത്തിയ അപകടകരമായ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ച് അവിടേക്ക് മാറ്റണമെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചു. ഇവര്‍ക്ക് കോവിഡ് പോസിറ്റീവാണെങ്കില്‍ ജനിതക ശ്രേണീകരണം നടത്തി ഒമിക്രോണ്‍ വകഭേദം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദേശവും വിദഗ്ധ സമിതി നല്‍കിയിട്ടുണ്ട്. നിലവില്‍ 96.05% പേരാണ് സംസ്ഥാനത്ത് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 65 ശതമാനത്തിലധികം പേര്‍ രണ്ടാം ഡോസ് വാക്‌സീനും സ്വീകരിച്ചുവെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

വാക്‌സീന്‍ എടുക്കുന്നതില്‍ ചിലരെങ്കിലും കാലതാമസം വരുത്തുന്നുണ്ടെന്നുമാണ് വിലയിരുത്തുന്നത്. രണ്ടാം ഡോസ് വാക്‌സീനും സ്വീകരിക്കുക എന്നത് രോഗപ്രതിരോധത്തില്‍ നിര്‍ണായകമാണെന്നും താഴേത്തട്ടിലുള്ള ആരോഗ്യപ്രവര്‍ത്തകരെ അടക്കം നിയോഗിച്ച് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ ശ്രമം തുടരാനാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു. ഒമിക്രോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വൈറസ് മൂന്നാം തരംഗമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്. ജനം അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഐ എം എ ആവശ്യപ്പെട്ടു.

അതേസമയം ഒമിക്രോണ്‍ വൈറസിന്റെ പശ്ചാതലത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ യാത്രാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങലില്‍ നിന്ന് വരുന്ന യാത്രക്കാര്‍ 14 ദിവസം യാത്ര ചെയ്ത വിവരങ്ങളും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായും ഹാജരാക്കണമെന്ന് അരോഗ്യ മന്ത്രാലയം പുതുക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ആശങ്കയുയര്‍ത്തുന്ന വകഭേദമാണ് ഓമിക്രോണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഈ പശ്ചാതലത്തിലാണ് യാത്രാ മാര്‍ഗ നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയിരുന്നത്.

യാത്രക്കാര്‍ ആരോഗ്യ എയര്‍ സുവിധ എന്ന പോര്‍ട്ടലില്‍ സത്യവാങ്മൂലവും, രണ്ടാഴ്ച യാത്ര ചെയ്ത വിവരങ്ങളും നിര്‍ബന്ധമായും നല്‍കണം. കൂടാതെ കോവിഡ് 19 ആര്‍പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടത്. കൂടാതെ കോവിഡ് പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയുള്ള സത്യവാങ്മൂലമാണ് പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടതെന്നും കൃത്രിമമായി നിര്‍മിച്ച റിപ്പോര്‍ട്ടുകളാണെങ്കില്‍ അത് നിയമവിരുദ്ധവും ക്രമിനല്‍ കുറ്റവുമാണെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

അടുത്ത മാസം ഒന്ന് മുതലാണ് മുതലാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം നിലവില്‍ വരിക. അപകടസാധ്യതയുള്ള 12 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ കൂടുതല്‍ പരിശോധിക്കുകയും, അവരെ പ്രത്യേകം നിരീക്ഷിക്കുകും ചെയ്യുമെന്നും, എയര്‍പോര്‍ട്ടിലെത്തിയാല്‍ കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്നും ടെസ്റ്റ് റിസള്‍ട്ട് വരുന്നത് വരെ വിമാനത്താവളത്തില്‍ തന്നെ കഴിയണമെന്നും പുതുക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെങ്കില്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. തുടര്‍ന്ന് എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. തുടര്‍ന്ന് അതും നെഗറ്റീവാണെങ്കില്‍ 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
Recommended Video

ടെസ്റ്റ് ചെയ്ത് കോവിഡ് പോസിറ്റീവാണെങ്കില്‍ അവരുടെ സാമ്പിള്‍ ജെനോമിക് ടെസ്റ്റിംഗ് കേന്ദ്രത്തിലേക്ക് അയക്കുമെന്നും ഇവരെ പ്രത്യേകം നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുമെന്നും കോവിഡ് മാനദണ്ഡമനുസരിച്ചുള്ള കൃത്യമായ പരിചരണം അവര്‍ക്ക് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുണ്ടെങ്കില്‍ വീടുകളിലോ, മറ്റോ ക്വാന്റൈനില്‍ പ്രവേശിക്കണമെന്നും കോവിഡ് മാനദനണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ അവരെ നിരീക്ഷിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടന്ന ശേഷം 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.


Click it and Unblock the Notifications