കോഴിക്കോട് ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
താമരശേരി: കൈതപ്പൊയിലിൽ സ്വകാര്യ ധനകാര്യസ്ഥാപന ഉടമയെ ജീവനോടെ തീകൊളുത്തിയ കേസിലെ പ്രതി പിടിയിൽ. എറണാകുളം സ്വദേശി സുമേഷ് കുമാറാണ് തിരൂരിൽ നിന്നും പിടിയിലായത്.
കവർച്ചയായിരുന്നു ലക്ഷ്യമെന്ന് സുമേഷ് വെളിപ്പെടുത്തിയതായി സൂചനയുണ്ട്.
കൈതപ്പൊയിലിലെ മലബാർ ഫിനാൻസിയേഴ്സ് ഉടമ പി ടി കുരുവിളയെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പ്രതി പെട്രോൾ ഒഴിച്ച് ജീവനോടെ തീകൊളുത്തിയത്. സുമേഷ് കുമാർ ആറാം തീയതി സ്ഥാപനത്തിൽ എത്തി വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചതായി പറയപ്പെടുന്നു.

അന്ന് ഇയാളുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നിയ കുരുവിള മൊബൈലിൽ പകർത്തിയ ചിത്രമാണ്
പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. പ്ലംബിങ് ജോലികൾ കരാറെടുത്തു നടത്തിവന്ന ഇയാൾ രണ്ടു ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും കുരുവിളയുടെ ഓഫിസിൽ എത്തുകയായിരുന്നു. സ്വർണം പണയം തരാൻ ഭാര്യ ഉടനെ വരുമെന്നും ഇയാൾ പറഞ്ഞു.
ഇയാളുടെ കൈയിൽ ഈ സമയം പെട്രോൾ ഉണ്ടായിരുന്നു. സംസാരത്തിനിടെ പെട്രോൾ മണത്ത കുരുവിള ഇത് എന്തിനാണെന്ന് സുമേഷിനോട് ചോദിക്കുകയും പുറത്ത് വയ്പ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ബാത്ത് റൂമിൽ പോയി മടങ്ങി വന്ന തന്റെദേഹത്ത് യുവാവ് പെട്രോൾ ഒഴിച്ച് ലൈറ്റർ കത്തിച്ചുവെന്നായിരുന്നു കുരുവിളയുടെ മൊഴി.
മരണ വെപ്രാളത്തിൽ ഒന്നാം നിലയിൽ നിന്നും താഴേക്കു ചാടിയ കുരുവിളയെ ഓടിക്കൂടിയ നാട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ചികിൽസ തുടരുന്നതിനിടെ ശനിയാഴ്ച കുരുവിള മരണപ്പെടുകയായിരുന്നു.












Click it and Unblock the Notifications