അനാഥാലയ വിവാദം: ഒരാള്‍ കൂടി അറസ്റ്റില്‍
പാലക്കാട്: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മൂന്ന് വര്‍ഷമായി മുക്കത്തെ അനാഥാലയവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഷെഫീഖ് ഷെയ്ഖ് ആണ് അറിസ്റ്റിലായത്.
കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടികളെ നടപടിക്രമങ്ങള്‍ പാലിക്കാതെ കൊണ്ടുവന്ന സംഭവത്തില്‍ ഇതോടെ പത്ത് പേരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്.

ഷെഫീഖ് ഷെയ്ഖ് കഴിഞ്ഞ മൂന്ന് വര്‍ഷമായി അനാഥാലയത്തിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഝാര്‍ഖണ്ഡില്‍ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി ഏജന്റുമാര്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന ഏജന്റ് ആയ ഷക്കീല്‍ അക്തര്‍ എന്നൊരാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കും മുക്കത്തെ അനാഥാലയവുമായി അടുത്ത ബന്ധമുണ്ടത്രെ. ഷക്കീലിന്റെ ഭാര്യ അനാഥാലയത്തിലെ ജീവനക്കാരിയാണെന്ന് പോലീസ് പറയുന്നു.
അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണം ഇതുവരെ എങ്ങും എത്തിയിട്ടില്ല. മനുഷ്യക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ തെളിയിക്കാനും പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതി വിമര്‍ശനും ഇതിനിടെ ഉണ്ടായി.












Click it and Unblock the Notifications