പ്രതിപക്ഷ വിവാദങ്ങള്‍ ജനം കാര്യമാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതി, എസ്എഫ്‌ഐക്ക് വിമര്‍ശനം
തിരുവനന്തപുരം: എസ്എഫ്‌ഐ, മിനി കൂപ്പര്‍ വിവാദങ്ങള്‍ അടക്കം ചര്‍ച്ചയായി സിപിഎം സംസ്ഥാന സമിതി. അതേസമയം പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തി കൊണ്ടുവരുന്ന വിവാദങ്ങളൊന്നും ജനങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സമിതി യോഗം വിലയിരുത്തി.ഇത്തരം വിവാദങ്ങളുടെ പിന്നാലെ പോകേണ്ടതില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരണമെന്നും സംസ്ഥാന സമിതി നിര്‍ദേശിച്ചു.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വിമര്‍ശിക്കപ്പെട്ട എസ്എഫ്‌ഐക്കും മിനി കൂപ്പര്‍ വാങ്ങി വിവാദത്തില്‍പ്പെട്ട സിഐടിയു നേതാവിനും സംസ്ഥാന സമിതിയില്‍ വിമര്‍ശനം നേരിട്ടു.എസ്എഫ്‌ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം, സംഘടനയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് സിപിഎം വിലയിരുത്തല്‍.എസ്എഫ്‌ഐയില്‍ തിരുത്ത് അനിവാര്യമാണെന്നും, സംഘടനാ തലത്തില്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും സിപിഎം സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു.

അതേസമയം ഏക സിവില്‍ കോഡ്, മണിപ്പൂരിലെ കലാപം എന്നിവയെല്ലാം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. അത് പാര്‍ട്ടിയും മുന്നണിയും ഏറ്റെടുത്ത്, പ്രചാരണപരിപാടികള്‍ ശക്തമാക്കാനും സിപിഎം സംസ്ഥാന സമിതി യോഗം വിലയിരുത്തി.എന്നാല്‍ ഏക സിവില്‍ കോഡില്‍ ഐക്യപ്രക്ഷോഭമെന്ന നിലയില്‍ ലീഗുണ്ടാക്കുന്ന കൂട്ടായ്മയെ മുഖവിലയ്‌ക്കെടുക്കേണ്ടതില്ല എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സംസ്ഥാന സര്‍ക്കാരിനെതിരെ ഉണ്ടാവുന്ന വിവാദങ്ങളെല്ലാം പ്രതിപക്ഷ സൃഷ്ടിയാണ്. ഇത് ഏറ്റെടുക്കുന്നത് വെറും മാധ്യമങ്ങള്‍ മാത്രമാണ്. ജനങ്ങളിലേക്ക് യുഡിഎഫ് പ്രചാരണങ്ങളൊന്നും എത്തിയിട്ടില്ല. ഇവയെല്ലാം വലുതാക്കുന്നത് മാധ്യമങ്ങള്‍ മാത്രമാണ്.പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ സുധാകരനും എതിരെയുള്ള കേസുകളില്‍ പോലും സത്യമുണ്ടെന്ന തോന്നലാണ് ജനങ്ങള്‍ക്കുള്ളതാണെന്നും സംസ്ഥാന സമിതി വിലയിരുത്തി.
മണിപ്പൂര്‍ കലാപം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണം ശക്തമാക്കണം. അവരുടെ വീഴ്ച്ച ചൂണ്ടിക്കാണിക്കണമെന്നും തീരുമാനിച്ചു.കോണ്‍ഗ്രസിനോ, മുസ്ലീം ലീഗിനോ ന്യൂനപക്ഷങ്ങളുടെ ആശങ്ക ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തല്‍. അതേസമയം പാലക്കാട്, ആലപ്പുഴ ജില്ലകളിലെ നേതാക്കള്‍ക്ക് എതിരെ അടക്കം സംഘടനാ നടപടികള്‍ എടുക്കേണ്ട സാഹചര്യവും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നേതൃത്വം നല്‍കി.യൂണിയന്‍ നേതാവായ പികെ അനില്‍ കുമാര്‍ ആഢംബര കാര്‍ വാങ്ങിയത് നേരത്തെ പാര്‍ട്ടിയില്‍ വിവാദമായിരുന്നു. മകന് പിറന്നാള്‍ സമ്മാനമായിട്ടാണ് കാര്‍ വാങ്ങിയതെന്നായിരുന്നു അനില്‍കുമാര്‍ വിശദീകരണം നല്‍കി. എന്നാല്‍ പാര്‍ട്ടി ഇത് തള്ളി. ഇയാളുടെ വാഹന കമ്പം പാര്‍ട്ടി പരിശോധിച്ചു. തുടര്‍ന്ന് അംഗത്വം റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications