പ്രതിക്ക് ഉന്നതരുടെ സഹായവും സംരക്ഷണവുമുണ്ടെന്ന് വിഡി സതീശന്‍; ആറുവയസുകാരനെ സന്ദര്‍ശിച്ചു
കണ്ണൂര്‍: കാറില്‍ ചാരി നിന്നതിനെ തുടര്‍ന്ന് യുവാവ് ചവിട്ടിയ ആറ് വയസുകാരനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തലശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇതര സംസ്ഥാന സ്വദേശിയായ കുട്ടിയെയാണ് പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചത്. നിഷ്‌ക്കളങ്കതയെ പരിഗണിക്കാതെ കൊടുംക്രൂരത കാട്ടിയൊരാള്‍ ഉള്‍പ്പെടുന്നൊരു സമൂഹത്തിന്റെ പ്രതിനിധിയായാണ് ഞങ്ങള്‍ ആ പിഞ്ചോമനയ്ക്ക് മുന്നില്‍ നിന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.
ആറ് വയസുകാരനായ ഒരു കൊച്ച് കുട്ടിയുടെ നിഷ്‌ക്കളങ്കമായ കുസൃതികളും കൗതുകവുമൊക്കെ ആര്‍ക്കും മനസലിക്കാവുന്നതേയുള്ളൂ. കാരണം നമ്മുടെയൊക്കെ വീട്ടിലും ഇതു പോലുള്ള കുട്ടികളുണ്ട്. നമ്മളും ഇതുപോലെയോ ഇതിലേറെയോ കുസൃതികളൊക്കെ കാട്ടിയവരും മുതിര്‍ന്നവരുടെ സ്നേഹശാസനകള്‍ ഏറ്റുവാങ്ങിയവരുമൊക്കെയാണ്. അങ്ങനെയുള്ള നമുക്ക് എങ്ങനെയാണ് കൊച്ചുമക്കളോട് ക്രൂരമായി പെരുമാറാന്‍ സാധിക്കുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു.

കാറില്‍ ചാരി നിന്നതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി തലശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറ് വയസുകാരനെ ഇന്ന് വൈകിട്ട് സന്ദര്‍ശിച്ചു. അതുവരെ വേദന കൊണ്ട് കരഞ്ഞിരുന്ന അവന്‍ ഞങ്ങളുടെ കയ്യിലുള്ള കളിപ്പാട്ടങ്ങളും മിഠായികളും കണ്ടതോടെ നിഷ്‌ക്കളങ്കതയോടെ ചിരിക്കുകയും കൈനീട്ടുകയും ചെയ്തു. എന്തൊരു ഹൃദയഭേദകമായ കാഴ്ചയായിരുന്നെന്ന് വി ഡി സതീശന്‍ പറഞ്ഞു.
അവന്റെ നിഷ്‌ക്കളങ്കതയെ പരിഗണിക്കാതെ കൊടുംക്രൂരത കാട്ടിയൊരാള്‍ ഉള്‍പ്പെടുന്നൊരു സമൂഹത്തിന്റെ പ്രതിനിധിയായാണ് ഞങ്ങള്‍ ആ പിഞ്ചോമനയ്ക്ക് മുന്നില്‍ നിന്നത്. ആര്‍ക്കും കുറ്റബോധത്തോടെയേ നില്‍ക്കാനാകൂ. താല്‍ക്കാലികമായി അവനെ ഞങ്ങള്‍ക്ക് സന്തോഷിപ്പിക്കാനായെങ്കിലും ശരീരത്തിലൂണ്ടായ പരിക്കുകളേക്കാള്‍ ആ പിഞ്ചോമനയുടെ മനസിലുണ്ടാക്കിയ മുറിവും നടുക്കവുമൊന്നും ആര്‍ക്കും പരിഹരിക്കാനാകില്ല.
ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ ജന്മനാട് വിട്ട് വഴിയോരക്കച്ചവടത്തിനെത്തിയ രാജസ്ഥാന്‍ ദമ്പതികളുടേതാണ് ആക്രമണത്തിന് ഇരയായ കുട്ടി. ഈ കുരുന്നിനെയല്ല, സംസ്‌ക്കാര സമ്പന്നരെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ ഓരോരുത്തരുടെയും നെഞ്ചിലേക്കാണ് നമ്മളിലൊരാള്‍ കാലുയര്‍ത്തി തൊഴിച്ചത്. എന്നിട്ടും പ്രതിയെ സംരക്ഷിക്കാനാണ് നിയമം നടപ്പാക്കേണ്ട പൊലീസും ശ്രമിച്ചത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും ഉടനടി വിട്ടയ്ക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി ഏത് ഉന്നത നേതാവിന്റെ ഓഫീസില്‍ നിന്നാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം കേരള പൊലീസിനും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കുമുണ്ട്. ഈ പ്രതിക്ക് ഉന്നതരുടെ സഹായവും സംരക്ഷണവുമുണ്ട്. എന്തും ചെയ്യാന്‍ മടിക്കാത്തവരാണവര്‍. അതിനാല്‍ ഈ കുട്ടിക്കും അവന്റെ കുടുംബത്തിനും ആവശ്യമായ സുരക്ഷ പൊലീസ് ഉറപ്പാക്കണം. മികച്ച ചികിത്സ ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്.
തല ഉയര്‍ത്താനാകാത്ത നാണക്കേടാണ് ഈ സംഭവം കേരളത്തിനാകെ ഉണ്ടാക്കിയത്. കൊടും ക്രൂരതയ്ക്ക് ഇരയായ ആറ് വയസുകാരന് നീതി വാങ്ങിക്കൊടുക്കേണ്ടത് ഓരോ മലയാളികളുടെയും ഉത്തരവാദിത്തമാണെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.












Click it and Unblock the Notifications