"ചില്ലകള്‍ വെട്ടി കളയേണ്ടി വന്നാല്‍,വെട്ടി കളയും;മാറ്റമുണ്ടായില്ലേല്‍ കോണ്‍ഗ്രസിന് തിരിച്ചുവരവ് സാധിക്കില്ല"
ചില്ലകള്‍ വെട്ടി കളയേണ്ടി വന്നാല്‍, വെട്ടി കളയും; മാറ്റമുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിക്കില്ലെന്നും വി.ഡി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് മുതൽ പാർട്ടിക്കുള്ളിലും മുന്നണിയിലും പ്രതിപക്ഷത്തും എങ്ങനെ ആയിരിക്കും തന്റെ പ്രവർത്തനമെന്ന് വ്യക്തമാക്കുകയാണ് വി.ഡി സതീശൻ. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതനായി തിരഞ്ഞെടുക്കപ്പെട്ടയാളെന്ന നിലയ്ക്ക് ഗ്രൂപ്പ് രാഷ്ട്രീയം എന്നും തലവേദന സൃഷ്ടിച്ചിട്ടുള്ള കോൺഗ്രസിൽ നേതാക്കളെയും പ്രവർത്തകരെയും ഒപ്പം നിർത്താൻ സതീശന് സാധിക്കുമോയെന്ന ചോദ്യം തുടക്കം മുതൽ ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് ഗ്രൂപ്പുകളുടെ സഹായമൊന്നും വേണ്ടെന്ന് പറയുന്നു സതീശൻ. റിപ്പോർട്ടർ ടിവിയോടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

കോണ്‍ഗ്രസില്‍ ഗ്രൂപ്പെന്നും വേണ്ടെന്ന് പറഞ്ഞാല്‍ അതിലൊരു അനൗചിത്യമുണ്ടെന്ന് സതീശൻ പറഞ്ഞു. താനുൾപ്പടെ എല്ലാവരും ഒരിക്കൽ കോൺഗ്രസിൽ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചവരാണ് തങ്ങളെല്ലാം എന്ന് പറഞ്ഞ സതീശൻ ഗ്രൂപ്പുകൾ ആവാം എന്നും എന്നാൽ പാർട്ടിയേക്കാൾ വലുതല്ലെന്നും ചൂണ്ടികാട്ടി. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിലുണ്ടാകും. എല്ലാ പാര്‍ട്ടികളിലും ഗ്രൂപ്പുകളുണ്ട്. അതൊക്കെ അവിടെ നിന്നോട്ടെ. പക്ഷെ പാര്‍ട്ടിയെക്കാളും വലുതല്ല ഗ്രൂപ്പുകള്‍. പാര്‍ട്ടിയാണ് ഒന്നാമത്. രണ്ടാമതാണ് ഗ്രൂപ്പ്, സതീശൻ പറഞ്ഞു.

"കോണ്‍ഗ്രസ് ഇത്തവണ കനത്ത പരാജയം നേരിട്ടിരിക്കുന്നു. തുടര്‍ച്ചയായി പത്തുവര്‍ഷം പ്രതിപക്ഷത്ത് ഇരിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. എല്ലാവരും വിഷമിച്ചിരിക്കുന്ന അവസ്ഥയില്‍ ഈ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ ഞാന്‍ ശ്രമിക്കുകയാണ്. മാറ്റമുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിക്കില്ല."

മരമൊന്നും വെട്ടേണ്ടെന്നും എന്നാൽ പക്ഷെ വീടിന് അപകടകരമായി നിന്നാല്‍, അതിന്റെ ചില്ലകള്‍ വെട്ടി വീടിനെ സുരക്ഷിതമായി നിര്‍ത്തണമെന്നും സതീശൻ പറഞ്ഞു. അത് ചെയ്യാം. ചില്ലകള്‍ വെട്ടി കളയേണ്ടി വന്നാല്‍ ചില്ലകള്‍ വെട്ടി കളയും. ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കൊണ്ട് വീട് തകര്‍ന്ന് പോകരുത്. അതിനുള്ള വലിയ താക്കീതാണ് ജനങ്ങള്‍ തന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2016നും 2021ലും തോറ്റു. പത്തു വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കണമെന്ന് ജനങ്ങള്‍ പറഞ്ഞിരിക്കുന്നു. തടസങ്ങളെ എല്ലാം അതിജീവിച്ച്, മറികടന്ന് ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും വി.ഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

"പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് ഗ്രൂപ്പുകളുടെ സഹായമൊന്നും വേണ്ട. പക്ഷെ പാര്‍ട്ടിയുടെ സഹായം വേണം. പാര്‍ട്ടി സഹായിക്കും, പ്രവര്‍ത്തകര്‍ അതിന് തയ്യാറാണ്. കെപിസിസി തയ്യാറാണ്. ഡിസിസികള്‍ തയ്യാറാണ്. കേരളത്തിലെ നേതാക്കളും പ്രവര്‍ത്തകരും എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരണമെന്നാണ്. അതിന് ഗ്രൂപ്പുകളൊന്നും തടസമാവില്ല."
Recommended Video

രമേശ് ചെന്നിത്തല കേരള രാഷ്ട്രീയത്തില്‍ വളരെ സജീവമായി നില്‍ക്കുന്ന ഒരാളാണെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സതീശന്റെ പേര് ഉയർന്ന് കേൾക്കുമ്പോഴും ഹൈക്കമാൻഡ് പ്രഖ്യാപനം വരുന്നത് വരെ രമേശ് ചെന്നിത്തല തുടരുമെന്നായിരുന്നു നേതാക്കളും പ്രവർത്തകരും കരുതിയിരുന്നത്. യുവനേതാക്കളുടെ പിന്തുണയും രാഹുലിന്റെ തീരുമാനവുമാണ് സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിച്ചത്.












Click it and Unblock the Notifications