പിഎസ്‌സി ഓഫീസിന് മുന്നില്‍ നിരാഹാരം; ബന്ധുവിന് ജോലി; അനുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെ ജോലി ലഭിക്കില്ലെന്ന മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. തിരുവനന്തപുരം കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനു എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. അനുവിന്റെ ആത്മഹത്യയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും പിഎസ്‌സിക്കുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധവും നടക്കുകയാണ്. പലയിടത്തും ഉണ്ടായ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
അനില്‍ നമ്പ്യാരുടെ പേരുപറഞ്ഞ് സ്വര്‍ണക്കടത്ത് കേസ് വഴി തിരിച്ചുവിടുന്നു; കെ സുരേന്ദ്രന്‍

നിരാഹാരം
നാളെ തിരുവോണ നാളില്‍ PSC ഓഫീസിന് മുന്നില്‍ നിരാഹാരം നടത്തുമെന്ന് ഷാഫി പറമ്പില്‍ അറിയിച്ചു. 'മുഖ്യമന്ത്രിയെക്കാള്‍ ശമ്പളത്തില്‍ സ്വപ്ന സുരേഷിനെ ജോലിയില്‍ നിയമിച്ച ഈ ഗവണ്‍മെന്റ്, അനുവിനെ പോലെയുള്ള ചെറുപ്പക്കാരന് ജോലി ലഭിക്കാനുള്ള എല്ലാ സാധ്യതകളും ധാര്‍ഷ്ട്യം കൊണ്ട് കൊട്ടിയടക്കുകയായിരുന്നുവെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

ജോലിയും സാമ്പത്തിക സഹായവും
അനുവിന്റെ മരണം അദ്ദേഹത്തിന് വലിയ നഷ്ടമാണുണ്ടാക്കിയതെന്നും സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റൊരാള്‍ക്ക് ജോലിയും സാമ്പത്തിക സഹായവും നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിലും നിലവിലെ റാങ്ക് ലിസ്റ്റ് നീട്ടിയാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്നും അസാധാരണ സാഹചര്യങ്ങളിലെ അസാധാരണ നടപടിയായി അതിനെ വിലയിരുത്താവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

ആത്മഹത്യയിലേക്ക്
അതേസമയം ഒഴിവുകള്‍ ഇല്ലാത്തതിനാലാണ് അനുവിന് നിയമനം ലഭിക്കാതെ പോയതെന്നാണ് പിഎസ് സിയുടെ വിശദീകരണം. എന്നാല്‍ 2019 ല്‍ നിലവില്‍ വന്ന 3502 അംഗ സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് കേവലം 416 നിയമനങ്ങള്‍ മാത്രമാണ് നടന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടികാട്ടുന്നു. സര്‍ക്കാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും കൊവിഡ് സാഹചര്യത്തിലും റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസമെങ്കിലു നീട്ടണമെന്ന ആവശ്യം പിഎസ്സി അംഗീകരിക്കാത്തതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍
അനുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. സെക്രട്ടറിറ്റേിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാടും യുവജന പ്രസ്ഥാനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടേയും പിഎസ്സി ചെയര്‍മാന്റേയും കോലം കത്തിച്ചു. സുല്‍ത്താന്‍പേട്ട ജംഗ്ഷനില്‍ 20 മിനിട്ട് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

നരഹത്യ
സംഭവത്തില്‍ പിണറായി വിജയനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.അനുവിന്റെ ആത്മഹത്യക്ക് കാരണം പിഎസ്‌സിയും സര്‍ക്കാരുമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പത്താം ക്ലാസ് പോലും പാസാവാത്ത സ്വപ്നക്ക് പ്രതിമാസ ശമ്പളമായി പത്ത് ലക്ഷം രൂപ കൊടുത്തിട്ടാണ് ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചത്. അത്തരത്തില്‍ എത്രയെത്ര സ്വപ്‌നമാരാണ് നിയമിതമായതെന്നും സുരേന്ദ്രന്‍ ചോദിച്ചു.