മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന്റെ അമിതവേഗം; റിപ്പോര്‍ട്ട് തേടി കോടതി
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോൾ മജിസ്‌ട്രേറ്റിന്റെ വാഹനവും സമീപത്തുണ്ടായിരുന്നു.

കോട്ടയം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടകരമായ രീതിയിൽ ഓടിച്ചതിൽ റിപ്പോർട്ട് തേടി പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. കുറുവിലങ്ങാട് എസ്.എച്ച്.ഒ. നിർമൽ മുഹ്‌സിനോടാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. സാധാരണക്കാരനും റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി ചോദിച്ചു. വെള്ളിയാഴ്ചയാണ് കോഴ മേഖലയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അമിതവേഗത്തിൽ കടന്നു പോയത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോൾ മജിസ്‌ട്രേറ്റിന്റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയിൽ വാഹനങ്ങൾ കടന്നുപോയതിൽ മജിസ്‌ട്രേറ്റിന് അതൃപ്തിയുണ്ടായിരുന്നു. ഈ വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. ഇതു സംബന്ധിച്ച് 17-ാം തീയതിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കിയത്. പല സ്ഥലത്തും വഴിതടയുകയും പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ യാത്രയെ തുടർന്ന് യൂത്ത് കോൺഗ്രസ് സമ്മേളനം തടസപ്പെടുത്തിയതിലാണ് പ്രതിഷേധം.പെരുമ്പാവൂർ മലമുറിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനം പൊലീസ് തടഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നടപടിയെ തുടർന്ന് സ്ഥലത്ത് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് എൽദോസ് കുന്നപ്പിള്ളി അടക്കമുള്ളവർ രംഗത്തുവന്നു.












Click it and Unblock the Notifications