പത്തനംതിട്ട സീറ്റോ ഗവർണർ പദവിയോ.. പിജെ കുര്യന് മുന്നിലേക്ക് വമ്പൻ ഓഫറുകൾ? പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: പത്തനംതിട്ട ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് സസ്‌പെന്‍സ് തുടരുകയാണ്. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചെങ്കിലും അതിലും പത്തനംതിട്ട ഉള്‍പ്പെടുത്തിയിട്ടില്ല. കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചുവെന്ന ബിജെപി വൃത്തങ്ങളില്‍ നിന്നുളള വിവരം ശരിയാണെങ്കില്‍ എന്തിനാണ് പ്രഖ്യാപിക്കാന്‍ വൈകുന്നത്.
ആരെയാണ് പത്തനംതിട്ടയിലേക്ക് ബിജെപി കാത്തിരിക്കുന്നത്. ഈ ചോദ്യമാണ് അണികളടക്കം ചോദിക്കുന്നത്. കോണ്‍ഗ്രസ് പ്രമുഖന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന അഭ്യൂഹം അന്തരീക്ഷത്തിലുണ്ട്. അമിത് ഷാ നേരിട്ട് ആണ് കരുക്കള്‍ നീക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദാംശങ്ങള്‍ ഇങ്ങനെ:

ഞെട്ടിച്ച ചോർച്ച
കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ടാണ് ടോം വടക്കന്‍ നേരം ഇരുട്ടി വെളുത്തപ്പോള്‍ ബിജെപിക്കാരനായത്. എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ട കെവി തോമസ് ബിജെപിയിലേക്ക് പോകുമെന്നും അഭ്യൂഹങ്ങള്‍ പരന്നു. വമ്പന്‍ ഓഫറുകള്‍ മുന്നോട്ട് വെച്ചാണ് കെവി തോമസിനെ സോണിയ ഗാന്ധി പിടിച്ച് നിര്‍ത്തിയത്.

അടുത്തത് ആരാകും
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍ കോണ്‍ഗ്രസിലെ വമ്പന്‍ സ്രാവുകള്‍ ബിജെപിയിലേക്ക് എത്തുമെന്ന് ശ്രീധരന്‍ പിളള അടക്കമുളള നിരവധി തവണ ആവര്‍ത്തിച്ചതാണ്. ഇത് കോണ്‍ഗ്രസിനെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഏറ്റവും ഒടുവില്‍ പിജെ കുര്യനെ ചുറ്റിപ്പറ്റിയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

പിജെ കുര്യനെ ഉന്നം
പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപി കാത്തിരിക്കുന്ന് പിജെ കുര്യനെ ആണെന്നാണ് സൂചന. മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനായ പിജെ കുര്യനെ പത്തനംതിട്ടയിലേക്ക് എത്തിക്കാന്‍ അമിത് ഷാ നേരിട്ടാണ് കരുക്കള്‍ നീക്കുന്നത് എന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
.

അമിത് ഷാ വിളിച്ചു
പിജെ കുര്യനുമായി അമിത് ഷാ ഫോണില്‍ സ്ഥാനാര്‍ത്ഥിക്കാര്യം സംസാരിച്ചിരുന്നു എന്നാണ് ദേശാഭിമാനി വാര്‍ത്ത. ബിജെപി കേന്ദ്രങ്ങളില്‍ നിന്നുളള സൂചനകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത. രണ്ടാഴ്ച മുന്‍പാണ് പിജെ കുര്യനെ അമിത് ഷാ ഫോണില്‍ ബന്ധപ്പെട്ടത് എന്നും വാര്‍ത്തയില്‍ പറയുന്നു.

സ്ഥാനാർത്ഥിയാകാനില്ല
കോണ്‍ഗ്രസ് വിട്ടുവരാനുളള സന്നദ്ധത പിജെ കുര്യന്‍ ഷായെ അറിയിച്ചു എന്നും വാര്‍ത്തയിലുണ്ട്. എന്നാല്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാനുളള അമിത് ഷായുടെ ഓഫര്‍ പിജെ കുര്യന്‍ നിഷേധിച്ചു. പകരം ഗവര്‍ണര്‍ സ്ഥാനം അടക്കമുളള പദവികളിലാണ് താല്‍പര്യം അറിയിച്ചത് എന്നും റിപ്പോര്‍ട്ടിലുണ്ട്.

ആ സർപ്രൈസ് സ്ഥാനാർത്ഥി
കുമ്മനം രാജശേഖരന്‍ രാജി വെച്ച മിസോറാം ഗവര്‍ണര്‍ പദവി അടക്കമുളള വാഗ്ദാനങ്ങള്‍ പിജെ കുര്യന് മുന്നിലേക്ക് ബിജെപി വെച്ച് നീട്ടിയിട്ടുണ്ടെന്നും ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നു. രണ്ടാഴ്ച മുന്‍പ് നടന്ന ഈ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് പത്തനംതിട്ടയിലേക്ക് ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുന്നുവെന്ന് ബിജെപി വൃത്തങ്ങള്‍ അവകാശപ്പെട്ടത്.

രാജ്യസഭാ സീറ്റ് വിവാദം
രാജ്യസഭാ സീറ്റ് വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വവുമായി അത്ര രസത്തിലല്ല പിജെ കുര്യന്‍.. പിജെ കുര്യനെ തഴഞ്ഞ് കേരള കോണ്‍ഗ്രസ് എമ്മിനാണ് രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് നല്‍കിയത്. പിന്നാലെ പിജെ കുര്യനെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ ബിജെപി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

തളളിക്കളഞ്ഞ് കുര്യൻ
അതേസമയം ബിജെപിയിലേക്ക് പോകുമെന്നും പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുമുളള വാര്‍ത്തകളെ പിജെ കുര്യന്‍ തളളിക്കളഞ്ഞു. സ്ഥാനാര്‍ത്ഥിയാകണം എന്നുണ്ടായിരുന്നുവെങ്കില്‍ തനിക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാമായിരുന്നുവെന്ന് പിജെ കുര്യന്‍ പ്രതികരിച്ചു.

വലിയ ഓഫറുകൾ ലഭിച്ചു
തനിക്ക് പത്തനംതിട്ടയില്‍ മത്സരിക്കുകയും ആന്റോ ആന്റണി ഇടുക്കിയിലേക്ക് മാറുകയും ചെയ്യാമായിരുന്നു. എന്നാല്‍ സീറ്റ് വേണ്ട എന്ന് പറഞ്ഞയാളാണ് താന്‍. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയിരുന്ന കാലത്ത് ഇതിനേക്കാള്‍ വലിയ ഓഫറുകള്‍ ലഭിച്ചിട്ടുണ്ട് എന്നും കുര്യന്‍ വെളിപ്പെടുത്തി.

ആരും ബന്ധപ്പെട്ടിട്ടില്ല
അന്ന് സര്‍ക്കാരില്‍ നിന്നാണ് ഓഫര്‍ വന്നത്. അത് സ്വീകരിക്കാത്ത ആളാണ് താന്‍. എന്നും താന്‍ കോണ്‍ഗ്രസുകാരനായിത്തന്നെ തുടരും. സ്ഥാനാര്‍ത്ഥിയാകാന്‍ ഇതുവരെ ബിജെപിയില്‍ നിന്നും ആരും ബന്ധപ്പെട്ടിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രിലെ സുഹൃത്തുക്കളാണോ എന്ന് സംശയിക്കുന്നതായും പിജെ കുര്യന്‍ പറഞ്ഞു.
മുരളീധരനെ ഓടിച്ച് എസ്എഫ്ഐ, എസ്എഫ്ഐയെ ഭിത്തിയിലൊട്ടിച്ച് വിടി ബൽറാം! ഫേസ്ബുക്ക് പോസ്റ്റ്