പി ജയരാജനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റും
കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ പി.ജയരാജന് വിദഗ്ധ ചികിത്സവേണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജനെ ഡോക്ടര്‍മാരുടെ സംഘം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
ഇതിനുശേഷം മെഡിക്കല്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിന്‍ സൂപ്രണ്ട് തീരുമാനിച്ചത്. കൂടുതല്‍ സൗകര്യങ്ങളുള്ള ദില്ലി എയിംസിലേക്കോ ശ്രീ ചിത്തിര ആശുപത്രിയിലേക്കോ മാറ്റണമെന്നായിരുന്നു മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം.

ജയരാജന്റെ നില നിലവില്‍ തൃപ്തികരമാണെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടെങ്കിലും ഇടയ്ക്കിടെ വരുന്ന നെഞ്ചുവേദന ഗൗരവതരമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. നാലുതവണയോളം ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനായ ജയരാജന്റെ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളില്‍ തകരാറുണ്ട്. അതുകൊണ്ടുതന്നെ ഹൃയാഘാദമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തൈറോയ്ഡിന്റെ തകരാര്‍ എന്നിവയുണ്ട്. 15 കൊല്ലം മുന്‍പുണ്ടായ ആക്രമണത്തിലേറ്റ പരുക്കുകളുടെ പാടുകള്‍ ശരീരത്തിലുണ്ട്. അന്നത്തെ ആക്രമണത്തിന്റെ പരിക്കുകള്‍ ജയരാജനെ ഇപ്പോഴും ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതോടെയാണ് വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications