പി സരിന്‍ വിജ്ഞാന കേരളം ഉപദേശകന്‍; 80000 രൂപ ശമ്പളം, പുതിയ തട്ടകത്തില്‍ തിളങ്ങാന്‍...
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി സരിന് പുതിയ നിയമനം. വിജ്ഞാന കേരളം ഉപദേശകനായിട്ടാണ് നിയമനം. പ്രതിമാസം 80000 രൂപ ശമ്പളത്തിലാണ് ജോലി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തിയ ശേഷമാണ് നിയമനം എന്നാണ് വിവരം. നേരത്തെ സിവില്‍ സര്‍വീസ് യോഗ്യത നേടിയ സരിന്റെ കഴിവ് പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം.
33ാം വയസിലാണ് സിവില്‍ സര്‍വീസ് രാജിവച്ച് രാഷ്ട്രീയത്തില്‍ സരിന്‍ സജീവമായത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം അടുത്തിടെ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് സരിന്‍ പാര്‍ട്ടി വിട്ടതും സിപിഎമ്മില്‍ ചേര്‍ന്നതും.

എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് സരിന്‍ സിവില്‍ സര്‍വീസ് യോഗ്യത നേടിയത്. ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് സര്‍വീസില്‍ ഓഫീസറായിരുന്നു അദ്ദേഹം. ജോലിയില്‍ അധികകാലം തുടരുന്നതിന് മുമ്പ് തന്നെ 33ാം വയസില്‍ രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങി. കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത സരിന്‍ പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ മേധാവിയായി പ്രവര്‍ത്തിക്കവെയാണ് രാജിവച്ചത്.
അതിനിടക്ക് സിവില്‍ സര്‍വീസ് മോഹമുള്ള വിദ്യാര്‍ഥികള്‍ക്കായി പലിശീലന കേന്ദ്രം തുടങ്ങിയിരുന്നു സരിന്‍. 2021ല്‍ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയെങ്കിലും തോറ്റു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തിയെങ്കിലും സരിന് നേട്ടമായില്ല. 14000 വോട്ടുകള്‍ക്കാണ് സിപിഎമ്മിന്റെ അഡ്വ. കെ പ്രേംകുമാറിനോട് സരിന്‍ തോറ്റത്.
ശേഷം പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു സരിന്‍. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമായും തിളങ്ങി. 2023ലാണ് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ മേധാവിയായത്. നേരത്തെ ഈ പദവി വഹിച്ചിരുന്ന അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് സരിനെ നിയമിച്ചത്. എംഎം ഹസന്‍ കെപിസിസി പ്രസിഡന്റായിരിക്കെ ആയിരുന്നു നിയമനം.
പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് കഴിഞ്ഞ വര്‍ഷം ഉപതിരഞ്ഞെടുപ്പ് നടന്നത്. പി സരിന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ നറുക്ക് വീണത് രാഹുല്‍ മാങ്കൂട്ടത്തിലാണ്. ഷാഫി പറമ്പിലിന്റെ ആവശ്യം പരിഗണിച്ചാണ് രാഹുലിനെ കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ഥിയാക്കിയത് എന്നായിരുന്നു വാര്‍ത്തകള്‍. തൊട്ടുപിന്നാലെയാണ് സരിന്‍ കോണ്‍ഗ്രസ് വിട്ടതും പാലക്കാട് ഇതട് സ്ഥാനാര്‍ഥിയായതും.
വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി ഉയര്‍ന്ന ശമ്പളത്തില്‍ സരിനെ നിയമിക്കുന്നതിലൂടെ സിപിഎം ഒരുപിടി സന്ദേശമാണ് നല്‍കുന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് വരുന്നവരെ വഴിയില്‍ കളയില്ല എന്നതാണ് ഒരു കാര്യം. മാത്രമല്ല, സരിന്റെ കഴിവ് ഉപയോഗപ്പെടുത്തുമെന്ന് നേരത്തെ സിപിഎം നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. പുതിയ തട്ടകത്തില്‍ തിളങ്ങാന്‍ സരിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും സിപിഎമ്മും.












Click it and Unblock the Notifications