സിപിഎമ്മിലേക്ക് വന്നാല്‍ പ്രശ്‌നം, ബിജെപിയിലേക്ക് പോയവരെ ഒന്നും പറയാറില്ലല്ലോ? സതീശനോട് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോണ്‍ഗ്രസില്‍ നിന്ന് സി പി എമ്മിലേക്ക് വരുന്ന നേതാക്കളെ മാത്രമാണ് സതീശന്‍ വിമര്‍ശിക്കുന്നത് എന്നും മറിച്ച് ബി ജെ പിയിലേക്ക് പോകുന്നവരെ ഒരു തരത്തിലും വിമര്‍ശിക്കുന്നില്ലെന്നും റിയാസ് പറഞ്ഞു. ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ച് പാര്‍ട്ടി വിട്ട് വരുന്നവരെ കോണ്‍ഗ്രസ് ആക്രമിക്കുകയാണ്.
ബി ജെ പിയിലേക്ക് കോണ്‍ഗ്രസില്‍ നിന്ന് പോയ മുഖ്യമന്ത്രിമാരുണ്ട്, ജനപ്രതിനിധികളുണ്ട്, പാര്‍ട്ടി അധ്യക്ഷന്മാരുണ്ട്, മുതിര്‍ന്നതും പ്രമുഖരുമായ നേതാക്കളുമുണ്ട്. എന്നാല്‍ ഇവരെയൊന്നും കോണ്‍ഗ്രസ് എന്താണ് ഒന്നും പറയാത്തത് എന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനും പ്രതിപക്ഷ നേതാവിനും പാര്‍ട്ടി നേതാക്കള്‍ ബി ജെ പിയിലേക്ക് പോകുന്നതല്ല ഇടതുപക്ഷത്തേക്ക് പോകുന്നതാണ് പ്രശ്‌നമെന്നും റിയാസ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട പി സരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സതീശന്‍ നടത്തിയത്. സരിന്‍ ബി ജെ പിയെ സമീപിച്ചതിന് ശേഷമാണ് സി പി എമ്മിലേക്ക് പോയത് എന്നും അങ്ങനെ ഒരാളെ എങ്ങനെയാണ് തങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കുക എന്നുമായിരുന്നു സതീശന്‍ ചോദിച്ചത്. ഇതിന് പിന്നാലെയാണ് സതീശനെ കുറ്റപ്പെടുത്തി കൊണ്ട് മുഹമ്മദ് റിയാസ് രംഗത്തെത്തിയത്.
കോണ്‍ഗ്രസിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ബി ജെ പിയുടെ അണ്ടര്‍ കവര്‍ ഏജന്റാണ് എന്നും തങ്ങള്‍ ഉയര്‍ത്തിയ രാഷ്ട്രീയത്തിന് മറുപടി പറയാതെ പിച്ചും പേയും പറഞ്ഞാല്‍ കൈയും കെട്ടി നില്‍ക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഇനിയും അനില്‍ കുമാര്‍മാരും പ്രശാന്തുമാരും സരിന്മാരും കോണ്‍ഗ്രസിലുണ്ട് എന്നും റിയാസ് വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തില്‍ പാര്‍ട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ യോഗ്യരായിരിക്കും എന്നും റിയാസ് പറഞ്ഞു.
വി ഡി സതീശനെതിരായ രാഷ്ട്രീയ വിമര്‍ശനം ഇനിയും തുടരുമെന്നും റിയാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയം പറയേണ്ട സ്ഥലത്ത് രാഷ്ട്രീയം പറയാതെ വ്യക്തിപരമായി വിമര്‍ശിക്കുകയാണ് സതീശന്‍ ചെയ്യുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയപ്പോള്‍ ഓടിയൊളിച്ച പ്രതിപക്ഷ നേതാവിനെ ഭീരു എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് എന്നും റിയാസ് ചോദിച്ചു.
'തൃശൂരില്‍ ബി ജെപി വിജയിച്ചത് ഗൗരവതരമാണ്. എവിടെയായിരുന്നു കുഴപ്പം എന്നും വ്യക്തമാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് ഡി സി സി ഓഫീസില്‍ അടിയുണ്ടായില്ലേ. ഡി സി സി പ്രസിഡന്റിനെ മാറ്റിയില്ലേ? തൃശൂരിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ധൈര്യമുണ്ടോ?', റിയാസ് വെല്ലുവിളിച്ചു.












Click it and Unblock the Notifications