'മുൻപ് ചന്ദനക്കുറി തൊടാൻ പേടിയായിരുന്നു; കോൺഗ്രസ് വിടാനിരിക്കുന്നവരുടെ പേര് കേട്ട് ബോധം പോയി'; പത്മജ
തിരുവനന്തപുരം: മുൻപ് താൻ പലപ്പോഴും ചന്ദനക്കുറി തൊടാൻ ഭയന്നിരുന്നുവെന്നും എന്നാൽ ഇനി തനിക്ക് അത് ധൈര്യമായി ചെയ്യാമെന്നും ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയതിന് പിന്നാലെ ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പത്മജയുടെ പരാമർശം. തനിക്ക് പിന്നാലെ ഉടൻ തന്നെ കൂടുതൽ പേർ ബി ജെ പിയിലേക്ക് എത്തുമെന്നും അതിൽ ചില പ്രമുഖരുടെ പേര് കേട്ട് താൻ അത്ഭുതപ്പെട്ടുവെന്നും പത്മജ അഭിമുഖത്തിൽ പറഞ്ഞു.
'ചില വിശ്വാസങ്ങൾ മാത്രം അരോചകമാകുന്ന രീതിയിലുള്ള നെറേറ്റീവ് ഉതുത്തിരിഞ്ഞ് വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.പലപ്പോഴും പേടിച്ച് ചന്ദനക്കുറി തൊടാറില്ല. എനിക്ക് ചന്ദനക്കുറി തൊടാൻ ഭയങ്കര ഇഷ്ടമുള്ളയാളാണ്. പക്ഷേ അത് തൊട്ടാൽ ഉടൻ അവർ എന്റെ മുഖത്തേക്ക് നോക്കും. അതുകൊണ്ട് ഞാൻ തൊട്ടുകഴിഞ്ഞാൽ വേഗം ഉള്ളിൽപോയി തുടച്ച് പുറത്തേക്ക് വരും. എല്ലാ കമ്മ്യൂണിറ്റിയുമായി അടുപ്പമുള്ളയാളാണ് ഞാൻ. എന്റെ വീട്ടിൽ നിൽക്കുന്ന ജോലിക്കാരെല്ലാം വേറെ വേറെ മതത്തിലുള്ളവരാണ്. അവരെയെല്ലാം സ്വന്തം പോലെയാണ് ഞാൻ കൊണ്ടുനടക്കാറുള്ളത്. ഏത് പാർട്ടിക്കും ഒരു വിഭാഗം ആളുകളെ മാത്രം കൂടെ നിർത്തി മുന്നോട്ട് പോകാൻ ആകില്ല. എല്ലാവരും ചേരുമ്പോൾ മാത്രമാണ് ഒരു പാർട്ടിയാകുന്നത്. പാർട്ടിക്ക് വളരണമെങ്കിൽ എല്ലാവരുടേയും പിന്തുണ വേണം. കേരളത്തിൽ ന്യൂനപക്ഷങ്ങളുള്ള നാടാണ്.

ഞാൻ കുറച്ചുനാൾ മുമ്പ് വാരണാസിയിൽ പോയിരുന്നു. അവിടെചെന്നപ്പോൾ എല്ലാ മുസ്ലീം കമ്മ്യൂണിറ്റിയും ബി ജെ പിയുടെ കൂടെയാണ്. ഞാൻ ഞെട്ടി. അപ്പോൾ എന്റെയടുത്തു പറഞ്ഞു, നിങ്ങൾക്ക് കേരളത്തിലൊക്കെയാണ് ബുദ്ധിമുട്ട്. ഇവിടെ ബ്രാഹ്മണരും മുസ്ലീമുകളുമൊക്കെ ഒറ്റക്കെട്ടാണ്. ഞങ്ങൾക്ക് ശക്തനായൊരു ഭരണാധികാരിയുണ്ട്. ഞങ്ങൾക്കൊരു ബുദ്ധിമുട്ടുമില്ല, പിന്നെ എന്താണ് എന്നാണ് ചോദിക്കുന്നത്. കേരളത്തിൽ ഇനിയും ബിജെപിയിലേക്ക് ആളുകളെത്തും. പേരുകൾ കേട്ടപ്പോൾ ഞാൻ ബോധം കെട്ടുപോയി. അത്രയും വലിയ നേതാക്കൾ, തീർച്ചയായും പ്രമുഖർ തന്നെ', പത്മജ വ്യക്തമാക്കി.
അതേസമയം ചന്ദനക്കുറി തൊടാൻ ഭയമായിരുന്നുവെന്ന പത്മജ പറയുന്ന അഭിമുഖത്തിന്റെ ഭാഗം ബി ജെ പി വലിയ രീതിയിൽ പ്രചരിപ്പിക്കുന്നുണ്ട്. പാർട്ടിയുടെ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ വീഡിയോ പങ്കിട്ടിട്ടുണ്ട്. മുൻ കോൺഗ്രസ് നേതാവായ പത്മജ വേണുഗോപാൽ പറയുന്നത് കേൾക്കൂ, കോൺഗ്രസ് ഹിന്ദു ധർമ്മത്തിനെതിരാണ്', എന്ന വരികളോടെയാണ് ദേശീയ തലത്തിൽ ഇത് ബി ജെ പി പ്രചരണായുധമാക്കുന്നത്.












Click it and Unblock the Notifications