പാര്‍ട്ടി വിട്ടത് യുഡിഎഫിന് അധികാരം ലഭിക്കുമെന്ന് കരുതി കൂടെ പോന്നവര്‍; മാണി സി കാപ്പന്‍
കോട്ടയം: സ്വന്തം പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പില്‍ പ്രതികരണവുമായി പാലാ എംഎല്‍എ മാണി സി കാപ്പന്‍. എന്‍സിപിയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് കൂടുമാറിയതിന് ശേഷം മാണി സി കാപ്പന്‍ രൂപീകരിച്ച എന്‍സികെയില്‍ നിന്നും സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്‍റ് ഉള്‍പ്പടേയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയ നേതാക്കള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് മാണി സി കാപ്പന്‍ നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലേറുമെന്ന് പ്രതീക്ഷിച്ച് കൂടെ വന്നവരാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടതെന്നാണ് മാണി സി കാപ്പന്‍ അഭിപ്രായപ്പെടുന്നത്.

യുഡിഎഫിലേക്ക് വരുമ്പോള്‍ ഭരണം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍ കൂടെ ചേര്‍ന്നത്. എന്നാല്‍ അതിന് വിപരീതമായ കാര്യം സംഭവിച്ചപ്പോള്‍ മുതല്‍ തന്നെ പാര്‍ട്ടിയില്‍ അപശബ്ദങ്ങളുണ്ടാവാന്‍ തുടങ്ങിയിരുന്നു. പാര്‍ട്ടി വിട്ട എന്‍സികെ നേതാക്കള്‍ എല്‍ഡിഎഫിലുള്ള ഏതെങ്കിലും കക്ഷിയിലേക്ക് മാറണമെന്ന് ലക്ഷ്യം വെച്ചായിരിക്കണം പോയതെന്നും പാലാ എംഎല്‍എ പറഞ്ഞു.

പാര്‍ട്ടി വിട്ട നേതാക്കള്‍ എല്‍ഡിഎഫിലേക്ക് പോവുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതയാണ് വിവരം. എന്‍സികെ എന്ന പാര്‍ട്ടി ജൂണ്‍ മുന്നിന് തന്നെ പിരിച്ച് വിട്ടതാണ്. ഇപ്പോള്‍ കടകംപള്ളി സുകു സംസ്ഥാന കണ്‍വീനറും പതിനാല് ജില്ലകളിലെ ജില്ലാ കണ്‍വീനര്‍മാരും മാത്രമാണ് പാര്‍ട്ടിക്ക് ഭാരവാഹികളായുള്ളതെന്നും മാണി സി കാപ്പന്‍ പറയുന്നു.

കണ്‍വീനര്‍മാരുടെ നേതൃയോഗം ഇന്ന് ചേര്‍ന്നു. യുഡിഎഫുമായി ചേര്‍ന്ന് ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഇതുപ്രകാരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള വിവിധ പരിപാടികള്‍ ആസുത്രണം ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നേതാക്കളുടെ ഒരു ടീം കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെ യാത്രചെയ്യും. എന്‍സിപിയില്‍ നിന്നും മറ്റ് പല പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ വരാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലേക്ക് പുതുതായി വരുന്നവരെ കൂടി ഉള്‍പ്പെടുത്തി പേര് രജിസ്റ്റര്‍ ചെയ്താല്‍ പാര്‍ട്ടി ശക്തിപ്പെടുമെന്നാണ് കരുതുന്നത്. എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വന്നത് ഒരിക്കലും ഒരു നഷ്ടമായിട്ട് തോന്നിയിട്ടില്ല. പാര്‍ട്ടി യുഡിഎഫ് മുന്നണിയില്‍ തന്നെ ഉറച്ച് നില്‍ക്കും. അടുത്ത തവണ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സിറ്റിങ് എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ മുന്നണി വിട്ട് യുഡിഎഫില്‍ എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്നും മത്സരിച്ച അദ്ദേഹം ജോസ് കെ മാണിയെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയ്തു. അതേസമയം എന്‍സികെ എന്ന പേര് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക് പുതിയ പേര് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് മാണി സി കാപ്പന്‍.
Recommended Video

എൻസിപിയുടെ പൂർണ്ണ രൂപമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്ന പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകൃത പാർട്ടികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്ന പേര് അംഗീകരിക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുകയായിരുന്നു. ഡെമോക്രാറ്റിക് കോൺഗ്രസ് കേരള (ഡിസികെ), ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (ഡിസിപി) എന്നീ രണ്ട് പേരില്‍ ഏതെങ്കിലും ഒന്ന് അംഗീകരിക്കുമെന്നാണ് മാണി സി കാപ്പന്‍ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications