കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് നഗരസഭ അവിശ്വാസ പ്രമേയം: ബിജെപിയുടെ ജനവിരുദ്ധതയ്ക്കും അഴിമതിക്കുമെതിരായ നിലപാടിൽ പ്രതിഷേധിച്ചെന്ന് സികെആർ

  • By Desk
Google Oneindia Malayalam News

പാലക്കാട്: പാലക്കാട് നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റികൾക്കെതിരായി സിപിഐ എം വോട്ട് ചെയ്തത് ബിജെപിയുടെ ജനവിരുദ്ധതയ്ക്കും അഴിമതിക്കുമെതിരായ നിലപാടിൽ ഉറച്ചുനിന്നാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. തികച്ചും പ്രാദേശികമായ ഒരു പ്രശ്നത്തിൽ ഇവിടെ മാത്രം സ്വീകരിച്ച നിലപാടാണിത്. നഗരസഭാ ഭരണത്തിൽ നടന്ന അഴിമതിക്കും ജനവിരുദ്ധതയ്ക്കുമെതിരെയും ഇതേ നിലപാട്തന്നെയാണ് സിപിഐ എം സ്വീകരിച്ചത്.

നഗരസഭാ തെരഞ്ഞെടുപ്പുകാലത്ത് നഗരത്തിലെ റോഡുകൾ, നടപ്പാതകൾ, മാലിന്യ സംസ്കരണം എന്നിവയുടെ തകർച്ചയും അഴിമതിയും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഭരണത്തിനെതിരെ ബിജെപി പ്രചാരണം നടത്തിയത്. നഗരസഭയിൽ അധികാരത്തിലെത്തിയപ്പോൾ ബിജെപിയും അഴിമതിയിലും കെടുകാര്യസ്ഥതയിലും ജനദ്രോഹത്തിലും മുങ്ങി. ഇതിനെതിരായ നിലപാടിന്റെ ഭാഗമായാണ് സ്റ്റാൻഡിങ് കമ്മിറ്റികളെ പുറത്താക്കാൻ ബിജെപിക്കെതിരെ വോട്ടു ചെയ്തത്. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ സ്വീകരിച്ച നിലപാടാണിത്.

 cpim

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രാഷ്ട്രീയാടിസ്ഥാനത്തിൽ മാത്രം നിലപാടെടുക്കാൻ കഴിയില്ല. വികസനമാണ് പ്രധാനം. വികസനത്തിന് അനുകൂലമായ നിലപാടാണ് എൽഡിഎഫ് സ്വീകരിക്കുക. നഗരസഭ ജനപക്ഷ നിലപാടുകൾ സ്വീകരിക്കുമ്പോൾ അനുകൂലിക്കാൻ മടിച്ചിട്ടില്ല. ജനവിരുദ്ധ നിലപാടുകൾക്കെതിരെ എക്കാലവും ശക്തമായ നിലപാട് സ്വീകരിക്കും.

ഇക്കാര്യത്തിൽ കോൺഗ്രസുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. അവരുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. അവിഹിത കൂട്ടുകെട്ട് എന്ന ആരോപണം ബിജെപി ഉന്നയിച്ചിട്ടുണ്ട്. ഭരണത്തിന്റെ പങ്കുപറ്റാനോ അതിന്റെ പേരിൽ ലാഭമുണ്ടാക്കാനോ സിപിഐ എം ശ്രമിച്ചിട്ടില്ല.

പിന്നെങ്ങനെയാണ് അവിഹിത കൂട്ടുകെട്ടെന്ന് ആരോപിക്കുന്നത്. ബിജെപിയുടെ ജനവിരുദ്ധതയ്ക്കെതിരായാണ് സിപിഐ എം പ്രതികരിച്ചത്. 2008ൽ ഒന്നാം യുപിഎ സർക്കാരിനെതിരെ ഇടതുപക്ഷവും എൻഡിഎയും വോട്ടു ചെയ്തിട്ടുണ്ട്. 1999ലും 2003ലും വാജ്പേയി സർക്കാരിനെതിരെ ഇടതുപക്ഷവും കോൺഗ്രസും വോട്ടു ചെയ്തിട്ടുണ്ട്. വി പി സിങ് സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസും ബിജെപിയും വോട്ടു ചെയ്തിട്ടുണ്ട്. സിപിഐ എം പാർടി കോൺഗ്രസ് തീരുമാനത്തിന്റെ ഭാഗമാണിതെന്ന പ്രചാരണം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പ്രസ്താവനയിൽ പറഞ്ഞു.

English summary
palakad municipality; no confidence motion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X