പനയമ്പാട് അപകടം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ; എതിരെ വന്ന ലോറിക്കെതിരേയും കേസ്
പാലക്കാട്: നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. കാസർഗോഡ് സ്വദേശികളായ മഹേന്ദ്ര പ്രസാദ്, വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തിൽ പരിക്കേറ്റ ഇരുവരും നിലവിൽ മണ്ണാർക്കാട് മദർകെയർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരേയും ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
അപകടത്തിൽ വർഗീസിന്റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്രപ്രസാദിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര് അറിയിച്ചു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നാണ് ഡ്രൈവർ നൽകിയ മൊഴി. മഴ പെയ്തത് കാരണം റോഡിൽ തെന്നലുണ്ടായിരുന്നുവെന്നും ഇയാൾ പറഞ്ഞു. അതേസമയം ഇരുവരുടേയും രക്തസാമ്പിളുകൽ പോലീസ് പരിശോധിക്കും. ഇരുവരും മദ്യപിച്ചിട്ടുണ്ടോയെന്നും വാഹനം അമിത വേഗത്തിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുക. വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റേയും പ്രാഥമിക നിഗമനം.

ഇന്ന് വൈകീട്ടായിരുന്നു നാടിനെ ഞെട്ടിച്ച അപകടം നടന്നത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാല് കുട്ടികളുടെ ദേഹത്തേക്ക് ലോറി മറിയുകയായിരുന്നു.പാലക്കാട് ഭാഗത്തുനിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് സിമന്റുമായി വരികയായിരുന്നു ലോറി. ഇതില്‍ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് പാലക്കാടേക്ക് വരികയായിരുന്ന ലോറി വന്ന് ഇടക്കുകയായിരുന്നു. ഇടിയിൽ സിമന്റ് കയറ്റിയിരുന്ന ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കുട്ടികളുടെ ദേഹത്തേക്ക് മറിഞ്ഞു. മൂന്ന് കുട്ടികൾ സംഭവ സ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം- നബീസ ദമ്പതികളിടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്. അതേസമയം കുട്ടികളുടെ സംസ്കാരം വെള്ളിയാഴ്ച നടക്കും. രാവിലെ ആറ് മണിയോടെ മൃതദേഹങ്ങൾ വീടുകളിലെത്തിക്കും. രണ്ട് മണിക്കൂർ നേരം വീടുകളിൽ പൊതുദർശനത്തിന് വെച്ച ശേഷം 8.30 ഓടെ കരിമ്പനയ്ക്കൽ ഹാളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരും. 10 മണിവരെ ഇവിടെ പൊതുദർശനത്തിന് വെക്കും. അതിന് ശേഷം തുപ്പനാട് ജുമാമസ്ജിദിൽ വെച്ച് ഖബറടക്കം നടക്കും. നേരത്തേ സ്കൂളിൽ പൊതുദർശനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. വെള്ളിയാഴ്ച ആയതിനാലും നാല് പേരുടെ മൃതദേഹം സംസ്കരിക്കുന്നത് ഏറെ നേരം എടക്കുമെന്നതിനാലുമാണ് തീരുമാനം മാറ്റിയത്.












Click it and Unblock the Notifications