പി സരിന് വേണ്ടി ഇപി ജയരാജൻ പാലക്കാടേക്ക്; വ്യാഴാഴ്ച പൊതുയോഗത്തിൽ പങ്കെടുക്കും
പാലക്കാട്: ആത്മകഥാ വിവാദം കത്തിനിൽക്കെ ഇപി ജയരാജനെ പാലക്കാട് പ്രചരണത്തിനിറക്കാൻ സി പി എം. ജയരാജന്റെ ആത്മകഥയിൽ പാലക്കാട് എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിനെതിരെ പരാമർശം ഉണ്ടായിരുന്നു. ഇത് പ്രതിപക്ഷം ആയുധമാക്കുന്നതിനിടയിലാണ് ഇപിയെ തന്നെ പ്രചരണത്തിനെത്തിച്ച് വിഷയത്തിൽ പ്രതിരോധം തീർക്കാനുള്ള സി പി എം നീക്കം.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുനിസിപ്പൽ ബസ്റ്റാൻഡിൽ നടക്കുന്ന പൊതുയോഗത്തിലാണ് ഇപി ജയരാജൻ പങ്കെടുക്കുക. നേരത്തേ ഇപി ജയരാജൻ പാലക്കാട് പ്രചരണത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതായി വിവരങ്ങൾ ഉണ്ടായിരുന്നില്ല. വിവാദത്തിന് പിന്നാലെയാണ് ഇപ്പോൾ സി പി എമ്മിലെ തിരക്കിട്ട നീക്കം. സി പി എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത് പ്രകാരമാണ് ഇപി ജയരാജൻ എത്തുന്നതെന്നാണ് വിവരം.

'കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന ഇപി ജയരാജന്റെ ആത്മകഥയിൽ പി സരിൻ്റെ സ്ഥാനാർത്ഥിത്വത്വക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങളും പുറത്തുവന്നിരുന്നു. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നായിരുന്നു പരാമർശം. സരിനെ സ്ഥാനാർഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നുംപി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നുമാണ് പുസ്തകത്തിൽ ഉള്ളത്.
അതേസമയം വിഷയത്തിൽ പ്രതികരിച്ച് പി സരിൻ രംഗത്തെത്തിയിരുന്നു. 'ഇത്തരത്തിൽ വാർത്തയുണ്ടെന്ന് കരുതി അത് വസ്തുത ആകുന്നില്ല. ജനങ്ങളുടെ മനസിൽ ഒരു സംശയം ഉണ്ടാക്കിയെടുക്കുന്ന രീതി കാലങ്ങളായി ഉണ്ട്. അതിന്റെ ഒരു എക്സ്റ്റൻഷൻ ആയി മാത്രമേ ഇതിനെ കാണുന്നുള്ളൂ. ഇതിനെയൊക്കെ അതിജീവിക്കാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ട്. ഇതിനെയെല്ലാം മറികടക്കാൻ സാധിക്കും', എന്നായിരുന്നു സരിന്റെ വാക്കുകൾ.
അതിനിടെ ഇപി ജയരാജന്റെ ആത്മകഥയിലൂടെ പുറത്തുവന്നത് പിണറായി സര്‍ക്കാരിനെ കുറിച്ച് സി പി എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള മോശം അഭിപ്രായമാണന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടുന്ന ആള്‍' എന്നതിനേക്കാള്‍ വലിയ സര്‍ട്ടിഫിക്കറ്റ് പാലക്കാട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കാനില്ലെന്നും ബി ജെ പിയില്‍ സ്ഥാനാര്‍ത്ഥിത്വം ചോദിച്ചു പോയ ആളെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഎമ്മില്‍ കലാപമാണെന്ന് പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതാണ് ഇ പി ജയരാജന്‍ ആത്മകഥയിലൂടെ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications