പാലക്കാട് പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയാകും; കോൺഗ്രസിനെ ഞെട്ടിക്കുന്ന നീക്കവുമായി സിപിഎം
പാലക്കാട്: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി പി സരിൻ മത്സരിച്ചേക്കും. നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ച തീരുമാനത്തിനെതിരെ സരിൻ പരസ്യമായി രംഗത്ത് വരികയും ഇതിനെ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് സരിൻ ഇടത് മുന്നണിയുമായി സഹകരിക്കുമെന്ന് ഉറപ്പായത്.
പി സരിനെ പിന്തുണയ്ക്കണമെന്ന ആവശ്യം സിപിഎമ്മിൽ ശക്തമായിരുന്നു. ഇതിനിടയിലാണ് ജില്ലാ സെക്രട്ടറിയേറ്റ് വിഷയത്തിലെ അനുകൂല നിലപാട് സ്വീകരിച്ചത്. തുടർന്ന് നേതാക്കൾ സരിനുമായി കൂടിക്കാഴ്‌ച നടത്തുകയായിരുന്നു. ഇതിലാണ് ഇടത് മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പി സരിൻ സമ്മതം മൂളിയത്. ഇതോടെ പാലക്കാട്ടെ വിമതനീക്കത്തിൽ കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ് സിപിഎം.

നാളെ നടത്തുന്ന പത്രസമ്മേളനത്തിൽ സരിൻ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ പാലക്കാട് ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് തെളിഞ്ഞു കാണുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി മത്സര ചിത്രത്തിൽ എവിടെയും ഇല്ലാതിരുന്ന സിപിഎം ഇതോടെ മുന്നോട്ട് കയറിവന്നിരിക്കുകയാണ്.
ഇതോടെ സരിനും രാഹുൽ മാങ്കൂട്ടത്തിലും നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പ് കൂടിയായി ഇത് മാറും. രണ്ട് യുവനേതാക്കൾ തമ്മിലുള്ള കടുത്ത പോരാട്ടത്തിനാവും ഇതോടെ പാലക്കാട് സാക്ഷ്യം വഹിക്കുക. കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചുകൊണ്ട് ഇന്ന് ആദ്യ എതിർപ്പ് ഉന്നയിച്ച സരിൻ ഇത്രയും പെട്ടെന്ന് കൂടുമാറുമെന്ന് അവർ ഒരിക്കലും കരുതിയില്ല എന്നതാണ് യാഥാർഥ്യം.
അതിനിടെ സരിനെ ഒപ്പം നിർത്തുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് കൃത്യമായ പ്രതികരണം നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗം എകെ ബാലനും തയ്യാറാവാതിരുന്നതോടെ അണിയറയിൽ കാര്യമായ ഒരുക്കങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ശരിവച്ചുകൊണ്ടാണ് ഇപ്പോൾ സരിൻ ഇടത് പാളയത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.
അതേസമയം, പാലക്കാട് ജില്ലയിൽ നിന്നുള്ള ആളല്ലാത്ത രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ ഇന്ന് രാവിലെയാണ് സരിൻ എതിർപ്പ് അറിയിച്ചുകൊണ്ട് പരസ്യ പ്രതികരണം നടത്തിയത്. പാർട്ടി കാണിക്കുന്ന തോന്ന്യാസം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു സരിന്റെ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം എഐസിസി പുനപരിശോധിക്കണമെന്നും സരിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരസ്യ പ്രതികരണം നടത്തിയ സരിന്റെ നടപടിക്കെതിരെ പാർട്ടിയിൽ നിന്ന് കടുത്ത എതിർപ്പാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് യുവനേതാവ് സിപിഎം നേതൃത്വവുമായി ചർച്ചകൾ നടത്തിയത്.












Click it and Unblock the Notifications