'സൗകര്യമുണ്ടെങ്കിൽ സ്ഥാനാർത്ഥിയെ പിൻവലിച്ചോട്ടെ, ആരുടെയും പിറകെ നടക്കാൻ പോകുന്നില്ല': വിഡി സതീശൻ
പാലക്കാട്: പി വി അൻവറിനെ വിമർശിച്ച് വി ഡി സതീശൻ. തിരഞ്ഞെടുപ്പ് സഹകരണത്തിനായി പി വി അൻവറുമായി ഇനി ചർച്ച ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫിനോട് വിലപേശാൻ പി വി അൻവർ വളർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. അൻവർ പുതിയ പാർട്ടി ഉണ്ടാക്കി തങ്ങളുമായി സഹകരണത്തിന് വന്നെന്നും തങ്ങൾ സംസാരിച്ചെന്നും സതീശൻ പറയുന്നു.
ഞങ്ങൾക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയ ശേഷമാണോ സംസാരിക്കാൻ വരുന്നതെന്ന് അൻവറിനോട് ചോദിച്ചു. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പറഞ്ഞു. നിങ്ങൾ റിക്വസ്റ്റ് ചെയ്താൽ പിൻവലിക്കാമെന്ന് അൻവർ പറഞ്ഞു. പിന്നാലെ റിക്വസ്റ്റ് ചെയ്തിരിക്കുന്നു പിൻവലിക്കൂ എന്ന് താൻ പറഞ്ഞെന്നും സതീശൻ പറയുന്നു.

പിന്നാലെയാണ് കണ്ടീഷൻസ് വെച്ചുള്ള അൻവറിന്റെ വാർത്താ സമ്മേളനം ഉണ്ടായതെന്നും എ ഐ സി സി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെ പിൻവലിക്കാനാണ് അൻവർ പറയുന്നത്, യു ഡി എഫ് എത്ര വർഷമായുള്ളതാണ്. യു ഡി എഫിന്റെ സ്ഥാനാർത്ഥികളാണ് മൂന്ന് പേരും എ ഐ സി സി അനൗൺസ് ചെയ്ത സ്ഥാനാർത്ഥികളാണ്, അവരെ വെച്ച് ബാർഗെയ്ൻ ചെയ്യാൻ ഞങ്ങൾക്ക് പറ്റുമോ സതീശൻ ചോദിച്ചു. തങ്ങൾ ആരുടെയും പിന്നാലെ നടക്കാൻ പോകുന്നില്ലെന്നും സതീശൻ പറഞ്ഞു.
സൗകര്യമുണ്ടെങ്കിൽ സ്ഥാനാർത്ഥിയെ പിൻവലിച്ചോട്ടെ ഇല്ലെങ്കിൽ നിന്നോട്ടെ, അതുകൊണ്ട് ഞങ്ങളുടെ വിജയ സാധ്യതയ്ക്ക് മങ്ങലേൽക്കാൻ പോകുന്നില്ല, ഞങ്ങൾ ആരുടെയും പിറകെ നടക്കാൻ പോകുന്നില്ല അദ്ദേഹം പറഞ്ഞു.ആ ചാപ്റ്റർ ക്ലോസ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ അൻവറിന് പിന്തുണകൊടുക്കാമെന്ന തരത്തിലുള്ള ആലോചനകൾ നടത്തിയിട്ടില്ലെന്നും വി ഡി സതീശൻ പറയുന്നു.
സി പി എമ്മും ബി ജെ പിയും ഷാഫിയെ കേന്ദ്രീകരിച്ച് വ്യാജനിർമ്മിതകളായ വാർത്തകൾ വിടുകയാണ്. ഷാഫിയാണ് ടാർഗറ്റ്. കാരണം അവർക്ക് ഷാഫിയെ പേടിയാണ് വി ഡി സതീശൻ പറയുന്നു. എ ഡി എം നവീൻ ബാബുവിന്റെ കുടുംബത്തെ വിളിച്ച് ആശ്വസിപ്പിക്കാനുള്ള മനസ്സാക്ഷി മുഖ്യമന്ത്രിക്കില്ലെ എന്ന് സതീശൻ ചോദിച്ചു. ഒരു കത്തെഴുതി അയക്കാമല്ലോ, പത്രക്കുറിപ്പ് ഇറക്കാമല്ലോ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ആരോപണ വിധേയായ പി പി ദിവ്യയെ സംരക്ഷിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.












Click it and Unblock the Notifications