പാലക്കാട് കൊലപാതകം: പൊലീസും ആഭ്യന്തര വകുപ്പും ഉത്തരം പറയേണ്ടിവരും; ആഞ്ഞടിച്ച് സുരേഷ്ഗോപി
പാലക്കാട്: എസ്ഡിപിഐക്കാർ കൊലപ്പെടുത്തിയ ആർ.എസ്.എസ്. പ്രവർത്തകൻ്റെ മരണത്തിൽ പൊലീസും ആഭ്യന്തര വകുപ്പും ഉത്തരം പറയേണ്ടി വരുമെന്ന് സുരേഷ് ഗോപി എം.പി. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഇതുവരെയും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് ആരാണെന്നും സുരേഷ് ഗോപി ചോദിച്ചു. പൊലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ നമുക്ക് നോക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. പാലക്കാട് മരിച്ച സഞ്ജിത്തിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി എം.പി.

കേരളത്തില്‍ സാമൂഹിക നീതി ഉറപ്പാക്കണം. കൊലപാതകത്തിലെ പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ അല്ലെങ്കില്‍ നമുക്ക് നോക്കേണ്ടിവരും. സഞ്ജിത്തിൻ്റെ കൊലപാതകത്തിന് പൊലീസും ആഭ്യന്തര വകുപ്പും മറുപടി പറയണം. കൃത്യം നടന്ന ഒരാഴ്ച പിന്നിടുമ്പോഴും ഇതുവരെയും പൊലീസിന് പ്രതികളെ കണ്ടെത്താനായിട്ടില്ല. പ്രതികൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയത് ആരാണെന്നും സുരേഷ് ഗോപി ചോദിച്ചു. കൊലപാതകത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ട പാതകളില്‍ നിരീക്ഷണമില്ല. പൊലീസിന് വിവരം ലഭിച്ചപ്പോള്‍ ആരൊക്കെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നോ അവരെല്ലാം ഇതിന് ഉത്തരം പറയണം. സമൂഹത്തില്‍ നീതി ഉറപ്പാക്കുകയും ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുകയുമാണ് വേണ്ടതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
ഹോട്ട് ലുക്കില്‍ വീണ്ടും ഞെട്ടിച്ച് അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

സാമൂഹിക അനീതിയാണ് ഇത്തരത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവരേയും മനുഷ്യന്‍ എന്ന നിലയ്‌ക്ക് കണ്ടാല്‍ മതിയെന്നും അതില്‍ രാഷ്‌ട്രീയമോ ജാതിയോ വര്‍ഗമോ വിഭാഗമോ ഒന്നും വേര്‍തിരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.പൊലീസ് ഉദ്യോഗസ്ഥരെങ്കിലും മനുഷ്യരാകാന്‍ ശ്രമിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. വൈകിട്ട് നാലുമണിയോടെ പാലക്കാട്ടെ വീട്ടിലെത്തി മരിച്ച സഞ്ജിത്തിൻ്റെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. അതിനുശേഷമായിരുന്നു പൊലീസിനും ആഭ്യന്തരവകുപ്പിനും നേരെ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്.

അതിനിടെ, ഇന്ന് കോഴിക്കോട് മാധ്യമങ്ങളെ കണ്ട ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെ പ്രതികരിച്ചിരുന്നു. കൊലപാതകം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ഒരു തുമ്പും കേരള പൊലീസിന് കിട്ടിയില്ലെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പൊലീസിന്റെ സഹായം തീവ്രവാദികൾക്ക് കിട്ടിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി സംസാരിക്കുമെന്നും അദ്ദേഹത്തിന് കത്തയക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. പാലക്കാട് മമ്പറത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെയാണ് കാറിലെത്തിയ അക്രമികൾ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തിയത്. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കിൽ നിന്നും സഞ്ജിത്തിനെ തള്ളിയിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് യാതൊരു പ്രകോപനവുമില്ലാതെ നിർദാക്ഷണ്യം കൊലപ്പെടുത്തുകയായിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആസൂത്രിതമായിട്ടാണ് സംഭവം നടന്നിട്ടുള്ളത് എന്നതാണ് കണ്ടെത്തൽ.

സ്ഞ്ജിത്തിൻ്റെ കൊലപാതകത്തിൻ്റെ മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പരിശോധയിൽ കണ്ടെത്തിയിരുന്നു. അതിനിടെ, സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കൊലപാതകം നടത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ട കാറിൽ തമിഴ്നാട്ടിലേക്ക് കടന്നു പോയിട്ടുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്നുള്ളവരാണ് പ്രതികൾ എന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

എട്ട് സംഘങ്ങളായി തിരിഞ്ഞ് കേസന്വേഷണം നടത്തുന്നതിനിടെയാണ് എഡിജിപിയുടെ നിർദ്ദേശാനുസരണം അന്വേഷണസംഘം വിപുലീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് സംശയമുള്ളവരെ പലഘട്ടങ്ങളിലായി ചോദ്യം ചെയ്യുന്നതിലേക്കായി പൊലീസ് വിളിച്ചു വരുത്തിയിരുന്നു. നേരത്തെ ഉത്തരമേഖല ഐ.ജി.അശോക് യാദവ് പാലക്കാട് എസ്.പി ഓഫീസിലെത്തി അന്വേഷണപുരോഗതിയും വിലയിരുത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അൻപതോളം വരുന്ന എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചതായാണ് ലഭിക്കുന്ന വിവരം. ഉന്നത വൃത്തങ്ങളിൽ നിന്ന് പോലും കടുത്ത സമ്മർദ്ദമാണ് പ്രതികളെ പിടികൂടാൻ പൊലീസിന് ഉണ്ടായിരിക്കുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് വലിയ പ്രതിസന്ധിയാണ് പൊലീസിന് സൃഷ്ടിക്കുന്നത്.












Click it and Unblock the Notifications