• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാലാരിവട്ടം പാലം പുനർനിർമ്മാണം പൂർത്തീകരിച്ചത് അഞ്ചര മാസം കൊണ്ട്, അഭിമാനമെന്ന് ജി സുധാകരൻ

കൊച്ചി: പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലാരിവട്ടം പാലം ഞായറാഴ്ച ഗതാഗതത്തിന് തുറന്ന് കൊടുക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗികമായ ഉദ്ഘാടന പരിപാടികള്‍ ഉണ്ടാകില്ല. 5 മാസം കൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ കുറിപ്പ്: '' ജനങ്ങൾക്ക് നൽകിയ ഉറപ്പ് പോലെ തന്നെ 100 വര്‍ഷത്തെ ഈട് ഉറപ്പ് നല്‍കിക്കൊണ്ട് പുനര്‍നിര്‍മ്മാണം നടത്തിയ പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച് 7 ന് വൈകുന്നേരം 4 മണിക്ക് പൊതുമരാത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയറെ കൊണ്ട് ഗതാഗതത്തിനു തുറന്നു കൊടുക്കും. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നത് കൊണ്ട് ഉദ്ഘാടന ചടങ്ങുകള്‍ ഒന്നും ഉണ്ടായിരിക്കുന്നതല്ല. പൂര്‍ത്തിയായ പാലം ഉദ്യോഗസ്ഥരുമായി അന്നേ ദിവസം സന്ദര്‍ശിക്കും.

47.70 കോടി രൂപ എസ്റ്റിമേറ്റില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നപ്പോള്‍ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്‍റെ സാങ്കേതിക ടീം, വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍, ഡോ. ഇ. ശ്രീധരന്‍റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദര്‍ എന്നിവര്‍ നടത്തിയ പരിശോധനയുടേയും റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിലാണ് പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ ഒരു കരാര്‍ സംഘടനയും കരാറുകമ്പനിയും കേസ് നല്‍കിയെങ്കിലും ബഹു. സുപ്രീം കോടതി പുനര്‍നിര്‍മ്മാണത്തിനു അനുമതി നല്‍കി. ഇതു കൂടാതെ അന്നത്തെ നിര്‍മ്മാണത്തിലെ പാളിച്ചകളും ചട്ടലംഘനങ്ങളും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്ന നിലയിൽ വിജിലന്‍സിനോട് ആവശ്യപ്പെടുകയും അതിൻ്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുകയുമാണ്.

കാബിനറ്റ് തീരുമാനപ്രകാരം നിര്‍മ്മാണ മേല്‍നോട്ടം ഡി.എം.ആര്‍.സി-യെ ചുമതലപ്പെടുത്താനും നിര്‍മ്മാണം നടത്താന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയേയും ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു നല്‍കി. 22.68 കോടി രൂപ പുനര്‍നിര്‍മ്മാണച്ചെലവു കണക്കാക്കിയ പ്രസ്തുത നിര്‍മ്മാണത്തിനു 8 മാസക്കാലയളവു നല്‍കിയിരുന്നെങ്കിലും കരാര്‍ കമ്പനി അഞ്ചര മാസത്തിനുള്ളില്‍ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു എന്നത് അഭിമാനകരമാണ്. ഭാരപരിശോധന തൃപ്തികരമായി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനു അനുയോജ്യമാണെന്ന സര്‍ട്ടിഫിക്കറ്റും 04.03.2021 ല്‍ ഡി.എം.ആര്‍.സി-യില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്ന നിലയ്ക്ക് എനിക്ക് ലഭിച്ചിരുന്നു.

ഏനാത്ത് പാലത്തിലെ പ്രശ്നങ്ങള്‍ക്കു ശേഷം പണി പൂര്‍ത്തിയായി തുറന്നു കൊടുക്കുന്ന പാലങ്ങള്‍ക്കു ചീഫ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കൂടി പരിശോധിച്ചു പാലം ഗതാഗതത്തിനു തയ്യാറാണെന്നു സാക്ഷ്യപ്പെടുത്തണമെന്ന ഉത്തരവ് ഇറക്കി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളതാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ പാലാരിവട്ടം മേല്‍പ്പാലത്തിലും കമ്മിറ്റി പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൂര്‍ണ്ണ പിന്തുണയോടെ ഉന്നതനിലവാരം പുലര്‍ത്തുന്ന പ്രധാനപ്പെട്ട അഞ്ചു നിര്‍മ്മാണങ്ങളാണ് കൊല്ലം മുതല്‍ എറണാകുളം വരെ ദേശീയപാതയില്‍ നടത്തിയിട്ടുള്ളത്.

കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപ്പാസ്, കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങള്‍, ഇപ്പോള്‍ പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം മേല്‍പ്പാലവുമാണ് ഈ അഞ്ചു പ്രവൃത്തികള്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അധികാരമേറ്റശേഷം ഇടതുപക്ഷം ജനങ്ങൾക്ക് ഉറപ്പ് നൽകിയതും, പതിറ്റാണ്ടുകളായി മുടങ്ങി കിടന്ന പ്രവൃത്തികളും, അതിനപ്പുറം പുതിയതായി നിർമ്മാണം നടത്തി പൂർത്തീകരിക്കുകയും, കേരളം കണ്ട ഏറ്റവും വലിയ പ്രളയം ഉണ്ടായപ്പേഴും പൊതുമരാമത്ത് വകുപ്പിനേറ്റ കഠിനമായ ആഘാതത്തിന് പരിഹാരമുണ്ടാക്കാനും ഈ കാലയളവിൽ നമുക്ക് സാധിച്ചു എന്നത് എക്കാലവും എനിക്ക് മനസ്സിന് സന്തോഷം നൽകുന്നതാണ്. LDF വന്നു, എല്ലാം ശരിയായിരിക്കുന്നു''.

English summary
Palarivattom Bridge reconstruction completed in 5 months and inauguration on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X