'കുട്ടി പട്ടിക്കൂട്ടില്‍': ആരോപണവിധേയമായ സ്‌കൂള്‍ ഒടുവില്‍ തുറന്നു
തിരുവനന്തപുരം: യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ചു എന്ന് പരാതി ഉയര്‍ന്ന് സ്‌കൂള്‍ ഒടുവില്‍ തുറന്നു. വിദ്യാഭ്യാസമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.
തിരുവനന്തപുരം പാപ്പനംകോടുള്ള ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെയായിരുന്നു പരാതി ഉയര്‍ന്നത്. ഇത് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും പിന്നീട് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടുകയും ആയിരുന്നു.

വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ചു എന്ന പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ചില രക്ഷിതാക്കളുടെ പകപോക്കല്‍ നടപടിയുടെ ഭാഗമായിട്ടാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന വിശദീകരണവുമായി പ്രധാനാധ്യാപിക രംഗത്തെത്തി. ആദ്യം സ്‌കൂളിനെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കിയ മാധ്യമ സ്ഥാപനങ്ങള്‍ തന്നെ പിന്നീട് നിലപാട് മാറ്റി.
സ്‌കൂളിനെതിരെ പ്രതിഷേധവുമായി സ്ഥലത്തെ യുവജന-രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ അധ്യയനം മുടങ്ങിയതോടെ രക്ഷിതാക്കളും അധ്യാപകരം പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ക്ക് നിവേദനം നല്‍കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയില്ല. പിന്നീട് വിദ്യാഭ്യാസമന്ത്രിയെ സമീപിച്ചാണ് സ്‌കൂള്‍ തുറക്കാന്‍ അനുമതി വാങ്ങിയത്.
ഒക്ടോബര്‍ 16 ന് രാവിലെ ഒമ്പതരക്ക് തന്നെ സ്‌കൂള്‍ തുറന്നു. വിവാദമുണ്ടായപ്പോള്‍ ഉണ്ടായ ദൃശ്യമാധ്യമങ്ങളെല്ലാം സ്‌കൂള്‍ തുറന്നപ്പോഴും തത്സമയ സംപ്രേഷണവുമായി രംഗത്തെത്തി. ചിലര്‍ പ്രതിഷേധവുമായി പുറത്ത് ബഹളം വച്ചെങ്കിലും പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.












Click it and Unblock the Notifications