ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിന് പരോൾ; ഇളവ് 15 ദിവസത്തേക്ക്
കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി. കഴിഞ്ഞ മൂന്നാം തീയതിയാണ് ഹൈക്കോടതി മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ചത്. 15 ദിവസത്തേക്കായിരിക്കും നിഷാമിന് പരോൾ അനുവദിക്കുക. സംസ്ഥാന സര്‍ക്കാരിനോട് വ്യവസ്ഥതകള്‍ നിശ്ചയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവിൽ കഴിയുകയായിരുന്നു മുഹമ്മദ് നിഷാം. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്. ശോഭാ സിറ്റിയിലെ താമസക്കാരനായിരുന്നു പ്രതിയായ മുഹമ്മദ് നിഷാം. 2015 ജനുവരി 29 പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

നിഷാം വന്നപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാന്‍ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാര്‍ഡ് ചോദിച്ചതിലും പ്രകോപിതനായാണ് ഇയാൾ ചന്ദ്രബോസിനെ ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു പ്രതി. വീണുകിടന്ന ചന്ദ്രബോസിനെ എഴുന്നേല്‍പിച്ച് വാഹനത്തില്‍ കയറ്റി പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചുവെന്ന് കണ്ടെത്തിയിരുന്നു.
നിഷാമിന്റെ ക്രൂരമായ ആക്രമണത്തില്‍ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലുകള്‍ തകരുകയും മറ്റ് സാരമായ പരിക്കുകൾ പറ്റുകയും ചെയ്‌തിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് തൃശൂര്‍ അമല ആശുപത്രിയില്‍ വച്ചാണ് ചന്ദ്രബോസ് മരണത്തിന് കീഴടങ്ങിയത്.
സംഭവ സമയം സെക്യൂരിറ്റി റൂമും ഫര്‍ണിച്ചറുകളും, ജനലുകളും അടിച്ച് തകര്‍ത്ത മുഹമ്മദ് നിഷാം ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്ങല്‍ വീട്ടില്‍ അനൂപിനെയും ആക്രമിച്ചിരുന്നു. മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫ്‌ളയിങ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും നിഷാമിനെ പിടികൂടിയതും.
ചന്ദ്രബോസിന്റെ മരണത്തിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് നിഷാമിനെതിരെ ഉയർന്നത്. പിന്നാലെ നിഷാമിനെ അറസ്‌റ്റ് ചെയ്‌ത പോലീസ് അന്വേഷണം പൂർത്തിയാക്കി. 2016 ജനുവരി 21ന് ചന്ദ്രബോസ് വധക്കേസില്‍ കൊലപാതകമുള്‍പ്പെടെ 9 കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും നിഷാം കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു. നിഷാമിന് കേസിൽ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.












Click it and Unblock the Notifications