കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനലൂര്‍ പൊന്‍കുന്നം റോഡിന്റെ കരാര്‍ പുതുക്കും മന്ത്രി ജി സുധാകരന്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ലോകബാങ്കുമായി അഭിപ്രായവ്യത്യാസങ്ങള്‍ കാരണം വര്‍ഷങ്ങളായി നിര്‍മാണം ആരംഭിക്കാന്‍ കഴിയാത്ത പുനലൂര്‍പൊന്‍കുന്നം റോഡിന്റെ കരാര്‍ പുതുക്കുന്നതിന് ലോ കബാങ്ക് സമ്മതിച്ചിട്ടുള്ളതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. മണ്ണാറക്കുളഞ്ഞികോഴഞ്ചേരി റോഡിന്റെ നിര്‍മാണോദ്ഘാടനം നാരങ്ങാനം ആലുങ്കല്‍ ജംഗ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കരാര്‍ പുതുക്കിയാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.തിരുവനന്തപുരം ജില്ലയിലെ കളിയിക്കവിള മുതല്‍ കാസര്‍ഗോഡ് ജില്ലയിലെ മന്താരക്കടവ് വരെ 3500 കോടി രൂപ ചെലവില്‍ 1250 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന മലയോര ഹൈവേയുടെ നിര്‍മാണോദ്ഘാടനം ഉടന്‍ നടക്കും. ഇതിന്റെ ഒരു ഭാഗം പത്തനംതിട്ട ജില്ലയിലൂടെയും കടന്നുപോകുന്നുണ്ട്.

ഇത് ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം ജില്ലയുടെ വികസനത്തിനും കുതിപ്പേകും. നിര്‍മാണോദ്ഘാടനം നടത്തിയ കോഴഞ്ചേരി മണ്ണാറക്കുളഞ്ഞി റോഡ് ഒരു കിലോമീറ്ററിന് 1.5 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നിയന്ത്രണത്തിലുള്ള ദേശീയ പാതകള്‍ നവീകരിക്കുന്നതിന് കിലോമീറ്ററിന് ഒരു കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതിലും 50 ലക്ഷം രൂപ കൂടുതല്‍ കിലോമീറ്ററിന് ചെലവഴിച്ചാണ് കോഴഞ്ചേരിമണ്ണാറക്കുളഞ്ഞി റോഡ് നവീകരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്നം റോഡ് നിര്‍മിച്ചാലുടന്‍ വാട്ടര്‍ അതോറിറ്റിയും വിവിധ കേബിള്‍ കമ്പനികളും അത് വെട്ടിപ്പൊളിക്കുന്നതാണ്. എത്ര ഉന്നത നിലവാരത്തില്‍ റോഡുകള്‍ നിര്‍മിച്ചാലും റോഡ് സൂക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ പാലിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും തയാറാകാത്തത് റോഡുകളുടെ സ്ഥിതി ഏറെ ശോചനീയമാക്കുന്നുണ്ട്.

shaji12

ഈ അവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരം എന്ന നിലയിലാണ് 12 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള എല്ലാ റോഡുകളിലും പുതുതായി നവീകരിക്കുമ്പോള്‍ രണ്ട് വശങ്ങളിലും പൈപ്പുകളുംകേബിളുകളും സ്ഥാപിക്കുന്നതിനുള്ള ഡക്ടുകള്‍ കൂടി നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. പ്രധാന ജംഗ്ഷനുകളില്‍ റോഡ് മുറിക്കാതെ തന്നെ കേബിളുകളും പൈപ്പുകളും കൊണ്ടുപോകുന്നതിന് റോഡ് നിര്‍മിക്കുമ്പോള്‍ തന്നെ ക്രോസ് ഡക്ടുകളും നിര്‍മിക്കും. ഇത് റോഡുകളുടെ ദീര്‍ഘകാല നിലനില്‍പ്പിന് സഹായിക്കും. നിര്‍മാണ സമയത്ത് ചിലവ് അല്‍പ്പം കൂടുമെങ്കിലും ഇതിന്റെ പ്രയോജനം വര്‍ഷങ്ങളോളം ലഭിക്കും എന്നതാണ് മെച്ചം. നമ്മുടെ റോഡ് സംസ്‌കാരം മാറേണ്ടത് ഏറെ അത്യാവശ്യമാണ്.

റോഡുകള്‍ മുഴുവന്‍ വഴിയോര കച്ചവടക്കാര്‍ കൈയേറിയിരിക്കുകയാണ്. സര്‍ക്കാരിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും നികുതി അടച്ച് വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് വ്യാപാരം നടത്താനാവാത്ത വിധമാണ് വഴിയോരക്കച്ചവടക്കാര്‍ പൊതുമരാമത്ത് റോഡുകള്‍ കൈയേറുന്നത്. ഇതിന് മാറ്റമുണ്ടായേതീരൂ. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വാട്ടര്‍ അതോറിറ്റിയിലും പൊതുമരാമത്ത് വകുപ്പിലും വന്‍ അഴിമതിയാണ് നടന്നിരുന്നത്. അന്ന് ജലവിഭവ വകുപ്പിലെ പണികള്‍ക്കായി വാങ്ങിയ പൈപ്പുകള്‍ ഒട്ടും നിലവാരമുള്ളവയായിരുന്നില്ല. സ്ഥാപിച്ച ഉടനെ ഇവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അഴിമതികള്‍ ഇല്ലാതാക്കുവാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞുവെങ്കിലും മുന്‍കാലത്ത് ഉണ്ടായ ക്രമരഹിതമായ നടപടികള്‍ ഈ വകുപ്പകളില്‍ പലപ്രശ്നങ്ങള്‍ക്കും ഇപ്പോഴും കാരണമാകുന്നുണ്ട്. ആഗസ്റ്റിന് മുമ്പ് ശബരിമല റോഡുകളുടെ പണികള്‍ പൂര്‍ത്തിയാക്കും.

ശബരിമല തീര്‍ഥാടകര്‍ക്ക് കൂടി പ്രയോജനപ്പെടത്തക്കവിധം പത്തനംതിട്ട ജില്ലയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. ആറന്മുള നിയോജകമണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മരാമത്ത് പണികള്‍ക്ക് മാത്രം 300 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. 50 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പത്തനംതിട്ട അബാന്‍ ജംഗ്ഷനിലെ ഫ്ളൈ ഓവര്‍ നഗരത്തിന്റെ മുഖച്ഛായ മാറ്റും. രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കുന്ന കോഴഞ്ചേരിമണ്ണാറക്കുളഞ്ഞി റോഡ് ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം നാരങ്ങാനം പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റുമെന്നും എംഎല്‍എ പറഞ്ഞു. കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.വി.ബിനു, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍.അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കടമ്മനിട്ട കരുണാകരന്‍, മിനി ശ്യാം മോഹന്‍, പി.കെ.ഗോപി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസി വി.തോമസ്, എ.എന്‍.ദീപ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി.സുരേഷ്, അഭിലാഷ് കെ.നായര്‍, രാഷ്ട്രീയകക്ഷി നേതാവ് വിക്ടര്‍ ടി.തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആറന്മുള നിയോജകമണ്ഡലത്തിലെ കോഴഞ്ചേരി പഴയ തെരുവില്‍ നിന്നും ആരംഭിച്ച് നാരങ്ങാനം വഴി പുനലൂര്‍മൂവാറ്റുപുഴ റോഡില്‍ എത്തുന്നതാണ് കോഴഞ്ചേരിമണ്ണാറക്കുളഞ്ഞി റോഡ്. 15.7 കിലോമീറ്റര്‍ ദൂരമുള്ള റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 23.46 കോടി രൂപയ്ക്കാണ് നവീകരിക്കുന്നത്. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലും വാഹന സാന്ദ്രതയുടെ അടിസ്ഥാനത്തിലും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടായേക്കാവുന്ന വാഹനപ്പെരുപ്പം കൂടി പരിഗണിച്ച് ശാസ്ത്രീയമായാണ് റോഡ് നവീകരിക്കുന്നത്. ഏഴ് മീറ്റര്‍ വീതിയാണ് റോഡിനുള്ളത്. ജലവിതരണത്തിനുള്ള പൈപ്പുകള്‍, വാര്‍ത്താവിനിമയ സംവിധാനത്തിനുള്ള കേബിളുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് റോഡിന്റെ ഇരുവശങ്ങളിലും കേബിള്‍ ഡക്ടുകളും പ്രധാന ജംഗ്ഷനുകളില്‍ ക്രോസ് ഡക്ടുകളും സ്ഥാപിക്കുന്നുണ്ട്.

കാല്‍നടയാത്രക്കാര്‍ക്കായി ഇന്റര്‍ലോക്ക് പാതകള്‍, റോഡിന്റെ ഉപരിതലത്തിലെ ജലം കൊണ്ടുപോകുന്നതിനുള്ള ഓടകള്‍, അപകടം കുറയ്ക്കുന്നതിനുള്ള ക്രാഷ് ബാരിയറുകള്‍, ബസ് ബേകള്‍ എന്നിവയും റോഡിന്റെ പ്രത്യേകതകയാണ്. ദേശീയ റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം റോഡിന്റെ ഇരുവശങ്ങളിലും മധ്യഭാഗത്തും റോഡ് മാര്‍ക്കിംഗും സീബ്ര ലൈനുകളും സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കുന്നുണ്ട്. ഈ റോഡ് പൂര്‍ത്തിയാകുന്നതോടെ മലയോര മേഖലയുടെ സമഗ്ര വികസനത്തിനും ശബരിമല തീര്‍ഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുന്നതിനും സാധ്യമാകും.

English summary
Pathanamthitta Local News road gsudahakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X