Pathanamthitta Result 2024: എക്സിറ്റ് പോളുകള്‍ ഫലിച്ചാല്‍ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് നാണംകെടും
പത്തനംതിട്ട: 'പാർട്ടി പ്രവർത്തകർ പോലും വോട്ട് ചെയ്യില്ല, 2019 ല്‍ കെ സുരേന്ദ്രന്‍ നേടിയ വോട്ടിന് അടുത്ത് പോലും എത്തില്ല', അനില്‍ ആന്റണിയെ ബി ജെ പി പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയാക്കിയപ്പോള്‍ ചിലർ അടക്കം പറഞ്ഞ വാക്കുകളായിരുന്നു ഇത്. എന്നാല്‍ വാശിയേറിയ പ്രചരണവും വോട്ടും കഴിഞ്ഞ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ അനില്‍ ആന്റണി പത്തനംതിട്ടയില്‍ എന്ത് മാജിക്കായിരിക്കും കാട്ടുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് വോട്ടർമാർ.
പത്തനംതിട്ടയില്‍ അനില്‍ ആന്റണി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബി ജെ പി നേരത്തെ തന്നെ അവകാശപ്പെടുന്നുണ്ടെങ്കിലും പലരും അത് അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന എക്സിറ്റ് പോളുകള്‍ അഭിപ്രായപ്പെടുന്നത് പത്തനംതിട്ടയില്‍ അനില്‍ ആന്റണി കറുത്ത കുതിരായാകുമെന്ന് തന്നെയാണ്.

സർവ്വേ ഫലിക്കുമോ?
അനില്‍ ആന്റണി ഇടത് സ്ഥാനാർത്ഥി തോമസ് ഐസക്കിനെ മറികടന്ന് രണ്ടാമത് എത്തുമെന്നാണ് മനോര ന്യൂസിന്റെ എക്സിറ്റ് പോള്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ മധ്യകേരളത്തിലെ രാഷ്ട്രീയ ചിത്രത്തില്‍ അത് പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കും. യു ഡി എഫ് 36.53 ശതമാനം വോട്ടുമായി വിജയം തുടരുമ്പോള്‍ അനില്‍ ആന്റണിക്ക് 32.17 ശതമാനം വോട്ട് വിഹിതമാണ് മനോരമ അവകാശപ്പെടുന്നത്. എല്‍ ഡി എഫിന്റെ വോട്ട് വിഹിതം 27.7 ശതമാനത്തിലേക്ക് ഇടിയുകയും ചെയ്യും.
വിജയം ഉറപ്പിച്ച് യുഡിഎഫ്
അനില്‍ ആന്റണി മുന്നേറ്റമുണ്ടാക്കിയാലും ഇല്ലെങ്കിലും അതൊന്നും തങ്ങളുടെ വിജയത്തെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. മണ്ഡലത്തില്‍ തുടർച്ചായ നാലാം തവണയും ആന്റോ ആന്റണിയും യു ഡി എഫും വിജയം ഉറപ്പിക്കുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ തുടക്കത്തില്‍ മുന്നണിയിലും പാർട്ടിയിലും ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രചരണത്തില്‍ ഇതെല്ലാം മറികടക്കാന്‍ കഴിഞ്ഞുവെന്നതാണ് യു ഡി എഫിന്റെ ആത്മവിശ്വാസം.
ഇടത് പ്രതീക്ഷ
പരമ്പരാഗതമായി യു ഡി എഫിന്റെ അടിയുറച്ച മണ്ഡലമായ പത്തനംതിട്ട ഏത് വിധേനയും തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനകീയനും സി പി എം പിബി അംഗവുമായ തോമസ് ഐസക്കിനെ തന്നെ എല്‍ ഡി എഫ് സ്ഥാനാർത്ഥിയാക്കിയത്. ശക്തമായ പ്രചരണം കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇതിനാല്‍ തന്നെ എക്സിറ്റ് പോളുകളെയെല്ലാം അസ്ഥാനത്താക്കി തോമസ് ഐസക് പത്തനംതിട്ടയില്‍ നിന്നും ജയിച്ച് കയറുമെന്നാണ് ഇടതിന്റെ ആത്മവിശ്വാസം.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പുഞ്ഞാർ എന്നീ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, കോന്നി, ആറന്മുള, അടൂർ എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളും അടങ്ങുന്നതാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളിലെല്ലാം വിജയിക്കാന്‍ എല്‍ ഡി എഫിന് സാധിച്ചിരുന്നു. എല്ലാ മണ്ഡലങ്ങളിലുമായി എഴുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും എല്‍ ഡി എഫിനുണ്ട്. ഇത്രയൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെങ്കിലും നേരിയ ഭൂരിപക്ഷത്തിനെങ്കിലും ഐസക്ക് വിജയിക്കുമെന്നാണ് പ്രവർത്തകരുടെ വിശ്വാസം.
അതേസമയം തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ അവലോകനത്തില്‍ വിജയം ഉറപ്പിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ പത്തനംതിട്ടയെ സി പി എം ഉള്‍പ്പെടുത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഏറ്റവും കുറവ് വോട്ട്
സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ട് (63.37 ശതമാനം) രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു പത്തനംതിട്ട. 2019 ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനത്തിന്റെ ഇടിവാണ് മണ്ഡലത്തിലെ പോളിങ് ശതമാനത്തിലുണ്ടായത്. മുന്നണികളുടെ കണക്ക് കൂട്ടലുകളെ ആകെ താളം തെറ്റിക്കാന്‍ പോകുന്നതായിരിക്കും വോട്ട് വിഹിതത്തിലെ ഈ ഇടിവ്.












Click it and Unblock the Notifications