പി സി ജോര്‍ജിന്റെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ്; പൊലീസ് ബന്ധുവീടുകളിലും
കോട്ടയം: പി സി ജോര്‍ജിനായി അന്വേഷണം ശക്തിപ്പെടുത്തി പൊലീസ്. ബന്ധുവീടുകളിലും പരിശോധന നടത്തുന്നുണ്ട്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. വിദ്വേഷപ്രസംഗത്തില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പോലീസ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്.
പി സി ജോര്‍ജ്ജിന്റെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയില്‍ വീട്ടില്‍ നിന്ന് കിട്ടിയതായി പൊലീസ് പറഞ്ഞു. കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നേൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
എറണാകുളത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വലിയ പൊലീസ് സംഘം തന്നെ സ്ഥലത്ത് എത്തിയിട്ടുണ്ട്. അറസ്റ്റുണ്ടായാല്‍ സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് സജ്ജമായിരിക്കുന്നത്.

വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. കൃത്യമായ കൂടിയാലോചനകള്‍ക്ക് ശേഷമേ അറസ്റ്റ് ഉണ്ടാവുമെന്നും തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്നും പൊലീസ് പറഞ്ഞു.
കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം എറണാകുളം ജില്ല സെക്ഷന്‍സ് കോടതി തള്ളിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് രേഖപ്പെടത്തുന്നതിന് പാലാരിവട്ടം പൊലീസിന് ഇനി നിയമപ്രശ്‌നങ്ങള്‍ ഇല്ല. എന്നാല്‍ അറസ്റ്റ് ഉടന്‍ വേണ്ടെന്നായിരുന്നു പൊലീസ് തീരുമാനം. അതിനിടെയാണ് പരിശോധന നടത്തുന്നത്.

വെണ്ണലയിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ടുള്ള കേസിലാണ് മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. അപേക്ഷ തള്ളിയ സാഹചര്യത്തില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് പോലീസിന് കടക്കാവുന്നതാണ്.
മതത്തിനുള്ളില്‍ നിലനില്‍ക്കുന്ന ചില പ്രശ്നങ്ങളെ വിമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു പി സി ജോര്‍ജിന്റെ വാദം.എന്നാല്‍ പ്രസംഗം വിശദമായി പരിശോധിച്ച കോടതി വാദം തള്ളുകയായിരുന്നു.
പി സി ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ച് കോടതിയെ വരെ പി സി ജോര്‍ജ് വെല്ലുവിളിക്കുകയാണെന്നും ആചാര അനുഷ്ഠാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. സാധാരണക്കാരനല്ല ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് മറിച്ച് ഒരു മുന്‍ ജനപ്രതിനിധിയായ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തിലും പിസി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ഇതിന് പിന്നാലെ പി സിക്കെതിരെ കേസെടുത്തിരുന്നു. കേസെടുത്തതിന് പൊലീസ് പൊലീസ് പിസി ജോര്‍ജിന്റെ ഔരാറ്റുപേട്ടയിലെ വീട്ടിലെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കേസില്‍ പി സി ജോര്‍ജിന് ജാമ്യം കിട്ടിയിരുന്നു. ഉപാധികളോടെയായിരുന്നു ജാമ്യം കിട്ടിയത്. എന്നാല്‍, ജാമ്യം കിട്ടിയതിന് പിന്നാലെ താന്‍ പറഞ്ഞതില്‍ മാറ്റമില്ലെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. മുസ് ലിങ്ങളുടെ ഹോട്ടലില്‍ ചായയില്‍ വന്ധ്യത വരുത്താനുല്‌ള തുള്ളി മരുന്നൊഴിക്കുന്നുണ്ട് എന്ന് ഉള്‍പ്പെട്ടെയുള്ള ആരോപണങ്ങളാണ് പിസി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തില്‍ ഉണ്ടായത്.
ജാമ്യം കിട്ടിയതിന് പിന്നാലെയായിരുന്നു കൊച്ചി വെണ്ണലയിലെ പ്രസംഗം. അവിടെ വെച്ചും ഇദ്ദേഹം വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കുകയായുിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികളുടെ ലിസ്റ്റില്‍ പി സി ജോര്‍ജിന്റെ പേര് ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് പരിപാടിയില്‍ പിസി ജോര്‍ജ് പങ്കെടുത്തതെന്ന് പൊലീസ് ചോദിച്ചിരുന്നു. ഇതിന് പിന്നില്‍ ഗൂഢാസോചനയുണ്ടോ എന്ന് അന്വേഷിക്കുമെന്നും വ്യക്തമാക്കിയിരുന്നു.