ഇന്ധനവിലയിൽ കുതിപ്പ് തുടരുന്നു; തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപയിലെത്തി
ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപ കടന്നു
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയിലുള്ള കുതിപ്പ് തുടരുന്നു. ഇന്നും പെട്രോൾ, ഡീസൽ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഡീസലിന് 31 പൈസയും പെട്രോളിന് 19 പൈസയുമാണ് വർധിച്ചത്. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഇന്ധനവില വർധിക്കുന്നത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപ കടന്നു. പെട്രോൾ ലിറ്ററിന് 95 രൂപ രണ്ട് പൈസയാണ് തലസ്ഥാനത്തെ വില. ഡീസലിന് 90 രൂപ എട്ട് പൈസ. 93 രൂപ 14 പൈസയാണ് കൊച്ചിയിൽ പെട്രോളിന് വില. ഡീസലിന് 88 രൂപ 32 പൈസയും.

ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും ഇന്ധന വില വർധിച്ചിരുന്നു. ഫെബ്രുവരി 27ന് ഇന്ധന വില റെക്കോർഡിലെത്തി. 24 ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നശേഷം മാർച്ച് 24, 25 തീയതികളിലും മാർച്ച് 30നും എണ്ണ കമ്പനികൾ വിലയില്‍ നേരിയ കുറവുവരുത്തി. തുടർന്ന് 15 ദിവസം വില മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നും വില കുറച്ചു. പിന്നീട് 18 ദിവസം വില മാറ്റമില്ലാതെ തുടർന്നശേഷം മെയ് നാലിനായിരുന്നു വീണ്ടും വില വർധിപ്പിച്ചു തുടങ്ങിയത്.
ഫെബ്രുവരിയിൽ പെട്രോൾ വില രാജസ്ഥാനിലും മധ്യപ്രദേശിലും 100 കടന്നിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഒരു ലിറ്റർ പെട്രോളിന് 103.27 രൂപയാണ്. ഡീസൽ വില 95.97 രൂപയാണ്. മധ്യപ്രദേശിലെ അനുപ്പൂരിൽ പെട്രോളിന് 102.96 രൂപയാണ് വില. ഡീസലിന് 93.69 രൂപയും. ഈ മാസത്തെ വർധനവോടെ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും വിവിധ നഗരങ്ങളിൽ പെട്രോൾ വില 100 കടന്നു.
രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. അമേരിക്കയിൽ എണ്ണ ആവശ്യകത വർധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും വർധിക്കുമെന്നാണ് അധികൃതർ പറയുന്നത്. എല്ലാ ദിവസവും രാവിലെ ആറു മണിക്കാണ് പുതുക്കിയ വില നിലവിൽ വരുന്നത്.












Click it and Unblock the Notifications