ദിവസേന വില മാറ്റുന്നത് നഷ്ടം വർദ്ധിപ്പിക്കുന്നു! ജൂലായ് 11ന് സംസ്ഥാനത്തെ പമ്പുകൾ അടച്ചിട്ട് സമരം..
24 മണിക്കൂർ പമ്പുകൾ അടച്ചിടാനാണ് പമ്പുടമകളുടെ തീരുമാനം. ജൂലായ് 10 തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ജൂലായ് 11 അർദ്ധരാത്രി വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടഞ്ഞുകിടക്കും.
കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന മാറ്റുന്ന രീതിയിൽ സുതാര്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പെട്രോൾ പമ്പുടമകൾ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ജൂലായ് 11 ചൊവ്വാഴ്ച സംസ്ഥാനത്തെ പമ്പുകൾ അടച്ചിട്ട് സമരം ചെയ്യുന്നമെന്ന് പെട്രോളിയം ഡീലേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
24 മണിക്കൂർ പമ്പുകൾ അടച്ചിടാനാണ് പമ്പുടമകളുടെ തീരുമാനം. ജൂലായ് 10 തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ജൂലായ് 11 അർദ്ധരാത്രി വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടഞ്ഞുകിടക്കും. ജൂലായ് 11ന് കൊച്ചി പനമ്പിള്ളി നഗറിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സംസ്ഥാന ഓഫീസിന് മുന്നിൽ വായ മൂടിക്കെട്ടി ധർണ്ണയും സംഘടിപ്പിക്കുന്നുണ്ട്.

തങ്ങൾ ഇന്ധനം വാങ്ങുന്ന വിലയെക്കാൾ കുറച്ച് വിൽക്കേണ്ടി വരുന്നത് നഷ്ടം വർദ്ധിക്കാൻ കാരണമാകുന്നുവെന്നാണ് പെട്രോൾ പമ്പുടമകൾ പറയുന്നത്. ദിവസവും വില മാറുന്ന രീതിയെ എതിര്‍ക്കുകയല്ലെന്നും മറിച്ചു ഡീലര്‍മാര്‍ക്കു നഷ്ടംവരാത്ത രീതിയില്‍ ശാസ്ത്രീയമായി നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പെട്രോളിയം ഡീലേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാര്‍ ആര്‍ ശബരിനാഥ് പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി ജൂലായ് 3 തിങ്കളാഴ്ച മുതൽ പ്രീമിയം ഉത്പന്നങ്ങൾ എടുക്കുന്നത് പെട്രോൾ പമ്പുടമകൾ നിർത്തിവെച്ചിരിക്കുകയാണ്. ജൂലായ് 8 മുതൽ 10 വരെ സ്റ്റോക്ക് എടുക്കാതെ ജൂലായ് 11ന് പമ്പുകൾ അടച്ചിടാനാണ് പമ്പുടമകളുടെ തീരുമാനം. അപൂർവചന്ദ്ര കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക, ഡീലർമാരുടെ കമ്മീഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പമ്പുടമകൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.












Click it and Unblock the Notifications