• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

31 മുതല്‍ കാനന പാതകളിലൂടെ തീര്‍ത്ഥാടനം അനുവദിക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

Google Oneindia Malayalam News

പത്തനംതിട്ട : മകരവിളക്ക് മഹോത്സവ തീര്‍ത്ഥാടന കാലത്ത് കാനന പാതകളിലൂടെ തീര്‍ത്ഥാടനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എരുമേലി, മുക്കുഴി, അഴുതക്കടവ് പാതകളിലൂടെ ഈ മാസം 31 മുതല്‍ തീര്‍ത്ഥാടനം അനുവദിക്കും. സത്രം വഴിയുള്ള തീര്‍ത്ഥാടനത്തിന് സര്‍ക്കാരില്‍നിന്നും ഇനിയും അനുമതി ലഭിക്കേണ്ടതുണ്ട്. ഈ പാതയും ഈ മാസം 30ന് മുമ്പ് സഞ്ചാരയോഗ്യമാക്കും.

ഈ പാതകളെല്ലാംതന്നെ ഈമാസം 30ന് മുമ്പ് സഞ്ചാരയോഗ്യമാക്കണമെന്ന് യോഗത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദ്ദേശിച്ചു. ഈ മേഖലയിലും കുടിവെള്ളം, വെളിച്ചം, ചികിത്സാസഹായം എന്നിവ ഉറപ്പാക്കണം. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാന്‍ പോലീസും ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മണ്ഡലപൂജക്കാലത്ത് നല്ല രീതിയില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇനിയിതു മതിയാകില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ മകരവിളക്ക് കാലത്ത് കൂടുതല്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്കെത്തും. അതനുസരിച്ചുള്ള മുന്‍കരുതലുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി

18 കിലോമീറ്റര്‍ നീളമുള്ള അഴുതക്കടവ് - പമ്പ പാത സഞ്ചാരയോഗ്യമാക്കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഈ പാതയിലെ അപകടകരമായ മരങ്ങള്‍ മുറിച്ച് നീക്കിക്കഴിഞ്ഞു. ഇതുവഴി തീര്‍ത്ഥാടകരെ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെമാത്രമേ കടത്തിവിടുകയുള്ളൂ. എരുമേലിയില്‍നിന്നും പുലര്‍ച്ചെ 5.30 നും 10.30 നും ഇടയില്‍ യാത്ര ആരംഭിക്കുന്നവരെയാണ് അഴുതക്കടവിലൂടെ യാത്രചെയ്യാന്‍ അനുവദിക്കുന്നത്. വെര്‍ചല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്ത 10,000 പേര്‍ക്കാണ് പ്രതിദിനം ഈ പാതവഴി യാത്ര ചെയ്യാനാകുക. തീര്‍ത്ഥാടകരെ കൂട്ടം കൂട്ടമായേ യാത്രചെയ്യാന്‍ അനുവദിക്കാവൂവെന്നും യാത്രവേളയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകണമെന്നും യോഗത്തില്‍ തീരുമാനമായി. പുല്ലുമേടില്‍നിന്നും ശബരിമല വരെയുള്ള റോഡ് നന്നാക്കിക്കഴിഞ്ഞു.

സത്രം - പുല്ലുമേട് വീഥിയാണ് ഇനി സഞ്ചാരയോഗ്യമാക്കേണ്ടത്. ആ പ്രവൃത്തിയും 30 നകം പൂര്‍ത്തിയാക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി.ഈ പ്രദേശത്ത് ആവശ്യമായ വൈദ്യസഹായം ഏര്‍പ്പെടുത്തുന്നതിനും കൂടുതല്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും പോലീസ് എയ്ഡ് പോസ്റ്റുകളും സ്ഥാപിക്കുന്നതിനും യോഗം നിര്‍ദ്ദേശിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ശ്വാസതടസവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ടിഎംടി പരിശോധന അടക്കമുള്ള അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനും നടപടിയെടുക്കും. കൂടുതല്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരേയും പാരാമെഡിക്കല്‍ ഉദ്യോഗസ്ഥരേയും മകരവിളക്ക് കാലത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ ആംബുലന്‍സുകളുടെ സേവനവം ഉറപ്പാക്കും. കരിമലയില്‍ ജനുവരി ഒന്നു മുതല്‍ കൂടുതല്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയോഗിക്കും. നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം എന്നിവിടങ്ങളിലെ ഇ.എം.സികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.കാനനപാതയില്‍ കെ.എസ്.ഇ.ബി. 70 വൈദ്യുതപോസ്റ്റുകളാണ് സ്ഥാപിച്ചിരുന്നത്. അതില്‍ 50 ഉം കാട്ടാനകള്‍ മറിച്ചിട്ടിട്ടുണ്ട്. ഇവ പുനസ്ഥാപിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചതായും രണ്ടുദിവസത്തിനകം ഇത് പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.

കുടിവെള്ള വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയാലും ജലലഭ്യതയ്ക്ക് തടസമുണ്ടാകില്ലെന്ന് പ്രതിദിനം ഉറപ്പാക്കിവരുന്നതായും ജല അതോറിട്ടി ഉദ്യോഗസ്ഥരും യോഗത്തില്‍ വിശദീകരിച്ചു. കൂടുതല്‍ ഭക്തര്‍ തീര്‍ത്ഥാടകരായി എത്താന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ഇവര്‍ക്കുള്ള ശൗചാലയങ്ങളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചരല്‍മേടിലെ ദേവസ്വം ബോര്‍ഡ് വക ശൗചാലയവും 30ന് മുമ്പ് പ്രവര്‍ത്തനയോഗ്യമാക്കണം. ലേലംകൊള്ളാന്‍ ആളെത്താത്തതിനാല്‍ അടഞ്ഞ് കിടക്കുന്ന ഈ ശൗചാലയം ബോര്‍ഡിന്റെ തൊഴിലാളികളെ ഉപയോഗിച്ച് നടത്തിക്കാനും യോഗം അനുമതി നല്‍കി.സന്നിധാനത്തെ അഡ്മിനിസ്ടേറ്റീവ് ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉന്നതതല യോഗത്തില്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, മനോജ് ചരളേല്‍, പി.എം. തങ്കപ്പന്‍, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ മനോജ്, കോട്ടയം ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, എഡിജിപി എസ്. ശ്രീജിത്ത് , റവന്യൂ, അഗ്‌നി സുരക്ഷാ ഫോഴ്സ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ദേശീയ ദുരന്തസേന, സിആര്‍പിഎഫ്-ആര്‍എഎഫ്, ദേവസ്വം ബോര്‍ഡ്, തുടങ്ങി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  English summary
  Pilgrimage will be allowed through forest paths from 31: Minister K. Radhakrishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X