പിണറായി സർക്കാരിനെ പൂർണമായും മോഡിയുടെ പ്രേതം ബാധിച്ചിരിക്കുന്നു: പോപ്പുലർ ഫ്രണ്ട്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനെ കാവിവൽക്കരിക്കാൻ ആർഎസ്എസിൻ്റെ അച്ചാരം വാങ്ങി പണിയെടുക്കുന്ന ഉദ്യോഗസ്ഥൻമാരെ പുറത്താക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ. ഉത്തര സൂചികയിലെ വംശീയ പരാമർശം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാല ആസ്ഥാനത്തേക്ക് പോപുലർ ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് പൂർണമായും കാവിവൽക്കരിച്ചുവെന്ന ആക്ഷേപമാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ ആഭ്യന്തര വകുപ്പിനെയും വിദ്യാഭ്യാസ വകുപ്പിനെയും മാത്രമല്ല, പിണറായി സർക്കാരിനെ പൂർണമായും മോഡിയുടെ പ്രേതം ബാധിച്ചിരിക്കുകയാണ്.

കേരള സര്‍വകലാശാല പരീക്ഷ ഉത്തര സൂചികയില്‍ ന്യൂനപക്ഷങ്ങൾക്കും ന്യൂനപക്ഷ സംഘടനകള്‍ക്കും തീവ്രവാദ മുദ്ര ചാര്‍ത്തിയ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഹിന്ദുത്വ വർഗീയവൽകരണത്തിനുള്ള പ്രത്യക്ഷ തെളിവാണ്. ചോദ്യപേപ്പർ സൂചിക തയ്യാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. ഇതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തു കൊണ്ടുവരണം.
വിദ്യാഭ്യാസ വകുപ്പിലെ ഇത്തരമൊരു നീക്കം യാദൃശ്ചികമായി ഉണ്ടായതല്ല. കേരള സർക്കാരിൻ്റെ നയനിലപാടുകൾക്ക് വിരുദ്ധമായി പല വകുപ്പുകളിലും നടപ്പിലാക്കി കൊണ്ടിരിക്കുന്ന തീരുമാനങ്ങൾ മുസ്ലിം, ന്യൂനപക്ഷ വിരുദ്ധമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സംഘടനകളേയും മോശമായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്.
ന്യൂനപക്ഷ സുരക്ഷകരെന്ന് മേനി നടിക്കുന്ന എൽഡിഎഫ് സർക്കാരിൻ്റെ ഭാഗത്തു നിന്നുതന്നെ ഇത്തരം ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങൾ നടക്കുന്നത് ഗൗരവതരമാണ്. ആർഎസ്എസ് വിധേയത്വം പുലർത്തുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണ്.
ആർഎസ്എസിൻ്റെ മുസ്ലിം വിരുദ്ധ അജണ്ടകൾ നടപ്പിലാക്കാൻ ഏണി ചാരുന്ന സമീപനമാണ് പിണറായി സർക്കാരും സംഘപരിവാര ദാസൻമാരായ ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത്. പിണറായിയെ പിടികൂടിയ മോഡിയുടെ പ്രേതത്തെ ഒഴിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം ഇടപെടണം.
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ അടിമുടി പൊളിച്ചെഴുതി ഹിന്ദുത്വ അജണ്ടകൾ തിരുകി കയറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എൽഡിഎഫ് ഭരിക്കുന്ന കേരളത്തിൽ ഇത്തരം നീക്കങ്ങൾ നടക്കുമ്പോൾ സിപിഎമ്മും മറ്റ് ഇടതുസംഘടനകളും തുടരുന്ന കുറ്റകരമായ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Recommended Video
കേരള സർവകലാശാലയിലേക്ക് നടന്ന പ്രതിഷേധ മാർച്ച് കവാടത്തിന് മുന്നിൽ പോലിസ് തടഞ്ഞു. തിരുവനന്തപുരം സോണൽ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡൻ്റ് റഷീദ് മൗലവി, ജില്ലാ സെക്രട്ടറിമാരായ ഷിയാസ്, സജീർ, നോർത്ത് ജില്ലാ പ്രസിഡൻ്റ് റഫീഖ് മൗലവി, സെക്രട്ടറി നവാസ് ഖാൻ സംസാരിച്ചു.












Click it and Unblock the Notifications