കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയന് മുരളി കൈകൊടുത്തു; എല്ലാ പ്രശ്നവും തീർന്നു

  • By Soorya Chandran
Google Oneindia Malayalam News

ഒറ്റപ്പാലം: ഒരു വര്‍ഷം മുന്പ് വരെ എംആര്‍ മുരളിക്ക് പിണറായി വിജയന്‍ എന്ന് കേട്ടാല്‍ ഹാലിളകുമായിരുന്നു. പിണറായി വിജയനെതിരെ ഉന്നയിക്കാത്ത ആക്ഷേപങ്ങളും ഉണ്ടായിരുന്നില്ല. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ സിപിഎമ്മിനെതിരെ വാളോങ്ങിക്കൊണ്ട് ആദ്യം പ്രത്യക്ഷപ്പെട്ട മുഖങ്ങളില്‍ ഒന്നായിരുന്നു എംആര്‍ മുരളിയുടേയത്.

പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. എംആര്‍ മുരളിക്ക് നില്‍ക്കക്കള്ളി ഇല്ലാതായിരിക്കുന്നു. യുഡിഎഫിനൊപ്പം നില്‍ക്കാന്‍ വയ്യാത്ത സ്ഥിതി. അപ്പോള്‍ പിന്നെ പഴയ വൈരം മറന്ന് സിപിഎമ്മിനൊപ്പം ചേരുക തന്നെ.

MR Murali

പിണറായി വിജയന്റെ കേരള രക്ഷാമാര്‍ച്ച് ഒറ്റപ്പാലത്തെത്തിയപ്പോള്‍ സ്വീകരിക്കാന്‍ എംആര്‍ മുരളിയും ഉണ്ടായിരുന്നു. പിണറായി വേദിയില്‍ കയറുമ്പോള്‍ തന്നെ രണ്ട് പേരും ഊഷ്മളമായ ഹസ്ത ദാനം കൈമാറി. പിന്നീട് എം ഹംസ എംഎല്‍എ വീണ്ടും മുരളിയെ വീണ്ടും പിണറായിക്കരികിലേക്ക് കൊണ്ടുപോയി. വീണ്ടും ഹസ്ത ദാനം.

ജനകീയ വികസന സമിതി എന്ന പേരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി യുഡിഎഫിന്റെ പിന്തുണയോടെ ഷൊര്‍ണൂര്‍ നഗരസഭ ഭരിച്ച ആളാണ് എംആര്‍ മുരളി. ആദര്‍ശത്തിന്റെ പേരിലാണ് പാര്‍ട്ടി വിട്ടതെന്ന് ഇടക്കിടെ പറയുകയും ചെയ്യുമായിരുന്നു.ഇതിനിടെ എംഎന്‍ വിജയന്റെ ആശീര്‍വാദത്തോടെ തുടക്കമിട്ട അധിനിവേശ പ്രതിരോധ സമിതിയിലും മുരളി ഒരു കൈ നോക്കിയിരുന്നു. അന്ന് ടിപി ചന്ദ്രശേഖരന്‍ അടക്കമുളളവര്‍ എംആര്‍ മുരളിയെ അതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.

ഇപ്പോഴത്തെ എംഎല്‍എ എം ഹംസയുമായിട്ടായിരുന്നു അന്ന് മുരളിക്ക് പ്രശ്‌നം. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നിട്ടും തനിക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നായിരുന്നു പരാതി. പിന്നെ അല്‍പം വിഎസ് പക്ഷ വിഭാഗീയതയും. ഇതിനെല്ലാം പുറമേ ഷൊര്‍ണൂര്‍ നഗരസഭ വൈസ് ചെയര്‍മാനായിരിക്കെ അല്ലറ ചില്ലറ അഴിമതി ആരോപണങ്ങളും മുരളിക്ക് നേരിടേണ്ടി വന്നു. ഇതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി.

എന്തായാലും ഇപ്പോള്‍ സിപിഎമ്മിലേക്കുള്ള മടങ്ങിവരവിന്റെ പാതയിലാണ് എംആര്‍ മുരളി. കുലത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയില്‍, സഖാവായാണ് മുരളി വേദിയില്‍ നില്‍ക്കുന്നതെന്നാണ് സിപിഎം ഏറിയാ സെക്രട്ടറി കേരള രക്ഷാ മാര്‍ച്ചിന് സ്വഗതം ആശംസിച്ചപ്പോള്‍ പറഞ്ഞത്. ഒരിക്കല്‍ ഉന്നയിച്ച ആരോപണങ്ങളൊക്കെ തൊണ്ട തൊടാതെ വിഴുങ്ങി വീണ്ടും സിപിഎമ്മിലേക്ക് പോരുന്ന മുരളി ഇനി എത്ര കാലം അവിടെ ഉണ്ടാകുമെന്ന് കാത്തിരുന്നു കാണാം.

English summary
Pinarayi Vijayan and MR Murali met at Ottappalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X