മുഖ്യമന്ത്രി പിതൃതുല്യൻ, ശാസിക്കാൻ അധികാരമുണ്ട്;കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം തുടരുമെന്ന് ജലീൽ
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയൻ തനിക്ക് പിതൃതുല്യമാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാനും ഉപദേശിക്കാനും അവകാശം ഉണ്ടെന്നും കെടി ജലീൽ.ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കുഞ്ഞാലിക്കുട്ടിയ്ക്കെതിരായ പോരാട്ടം അവസാനം വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ എ ആർ ബാങ്ക് അഴിമതി സംബന്ധിച്ച ആരോപണത്തിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട കെടി ജലീലീനെ തള്ളി മുഖ്യമന്ത്രി പിണറായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിന്റ പ്രതികരണം.

ജലീലിന്റെ വാക്കുകൾ ഇങ്ങനെ 'ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിൻ്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.
മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാം', അദ്ദേഹം പറഞ്ഞു.
ഇന്നലെ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ജലീലിനെ തള്ളിയത്. ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തതോടെ കുറേക്കൂടി വിശ്വാസ്യത അദ്ദേഹത്തിന് വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. ഏതാായാലും കേരളത്തിന്റെ സഹകരണമേഖല കൈകാര്യം ചെയ്യേണ്ടത് ഇഡിയല്ല. സാധാരണ നിലയിൽ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. അന്വേഷിക്കാൻ ആവശ്യമായ എല്ലാ സംവിധാന്ങളും ഇവിടെ ഉണ്ടെന്നും അത് ഇപ്പോൾ നടക്കാത്തത് കോടതിയുടെ ഇടപെടലിന്റെ ഭാഗമായാണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞു.
എആർ നഗർ സർവ്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കണമെന്നായിരുന്നു കെടി ജലീൽ ആവശ്യപ്പെട്ടത്. എ.ആർ നഗർ
സർവീസ് സഹകരണ ബാങ്കിൽ 1021 കോടിരൂപയുടെ ദേശദ്രോഹ, കള്ളപ്പണ, ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നും ഇതിൻ്റെയെല്ലാം മുഖ്യസൂത്രധാരർ മുസ്ലിംലീഗ് നേതാവും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎയും അദ്ദേഹത്തിൻ്റെ ബിനാമി ദീർഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന ഹരികുമാറുമാണെന്നും ജലീൽ ആരോപിച്ചിരുന്നു.
Recommended Video
പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആർ നഗർ കോപ്പറേറ്റീവ് ബാങ്കിൽ അൻപതിനായിരത്തിൽപരം അംഗങ്ങളും എൺപതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്.257 കസ്റ്റമർ ഐ.ഡി കളിൽ മാത്രം 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാർ നടത്തിയിരിക്കുന്നത്.എ.ആർ നഗർ സഹകരണ ബാങ്കിലെ മുഴുവൻ കസ്റ്റമർ ഐഡികളും പരിശോധിക്കപ്പെട്ടാൽ കള്ളപ്പണ ഇടപാടിൽ രാജ്യത്തെതന്നെ ഞെട്ടിക്കുന്ന പകൽ കൊള്ളയുടെ ചുരുളഴിയും. ഈ സഹകരണ സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കായാണ് മാറ്റിയിരിക്കുന്നതെന്നും ജലീൽ പറഞ്ഞിരുന്നു.
അതേസമയം ജലീലിനെ തള്ളി സിപിഎമ്മും രംഗത്തെെത്തി.സഹകരണ ബാങ്കിലേക്ക് ഇഡിയെ ക്ഷണിച്ചുവരുത്തുന്ന നടപടിയായിപ്പോയി ജലീലിന്റേതെന്നാണ് പാർട്ടി നിലപാട്. പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ജലീനിനെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചുവെന്നാണ് റിപ്പോർട്ട്.പ്രതികരണങ്ങൾ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.അതേസമയം ജലീലിനെതിരെ സഹകരണ മന്ത്രി വിഎൻ വാസവനും ശക്തമായി രംഗത്തെത്തി. വ്യക്തിവൈരാഗ്യം തീർക്കാനുള്ള വേദിയായി സർക്കാർ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് വാസവൻ പറഞ്ഞു. ക്രമക്കേണ്ട് ഉണ്ടെങ്കിൽ അത് അന്വേഷണിക്കാനുള്ള സംവിധാനം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications