പിണറായി കേരളത്തിന്റെ പൊതുശല്യം; ഇതുപോലൊരു പേടിത്തൊണ്ടന്‍ മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്ന് സുധാകരന്‍
മുഖ്യമന്ത്രി പോകുന്നിടത്ത് യൂത്ത് കോണ്‍ഗ്രസിനും കെ എസ് യുവിനും പരിപാടി വെക്കാന്‍ പറ്റാത്ത അവസ്ഥ. അടിയന്തരാവസ്ഥയേക്കാള്‍ ഭീകരം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ പൊതുശല്യമായി മാറിയിരിക്കുകയാണ് എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പാലക്കാട്ടെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കരിങ്കൊടി പ്രതിഷേധം ഭയന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വെച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കെ സുധാകരന്റെ പ്രതികരണം. കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ ശേഷിയില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി.
ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായി മാറി എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. ഊരി പിടിച്ച വടിവാളും ഇന്ദ്രചന്ദ്രനും എന്നൊക്കെ സ്വന്തം അണികളെ സുഖിപ്പിക്കാന്‍ മൈക്കിനു മുന്നില്‍ വീരവാദം വിളമ്പുന്ന പിണറായി വിജയന് തെരുവിലിറങ്ങാന്‍ പൊലീസ് അകമ്പടിയില്ലാതെ കഴിയില്ല എന്നത് നാണക്കേടാണ് എന്നും സുധാകരന്‍ പരിഹസിച്ചു.

പേടിത്തൊണ്ടനായ മുഖ്യമന്ത്രി
പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള ജനാധിപത്യത്തിലെ സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി കശാപ്പ് ചെയ്യുകയാണ് എന്നും നിഴലിനെപ്പോലും ഭയക്കുന്ന പേടിത്തൊണ്ടനായ ഇത് പോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ല എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് സുഗമമായ സഞ്ചാരപാത ഒരുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തേടിപ്പിടിച്ച് കരുതല്‍ തടങ്കലില്‍ ആക്കുകയാണ് എന്നും എന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുള്ളിടത്ത് കറുത്ത വസ്ത്രം ധരിക്കാന്‍ പോലും സാധിക്കില്ല
ഏതെങ്കിലും ജില്ലകളില്‍ മുഖ്യമന്ത്രിക്ക് പൊതുപരിപാടികളുണ്ടെങ്കില്‍ അവിടെ യൂത്ത് കോണ്‍ഗ്രസിനും കെ എസ് യുവിനും സംഘടനാ സമ്മേളനം നടത്താന്‍ പറ്റില്ല എന്ന സ്ഥിതിയാണ്. എന്തിനേറെ പറയുന്നു പൊതുജനത്തിന് കറുത്ത വസ്ത്രം ധരിക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ ഭീകരാന്തരീക്ഷമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥ കാലത്ത് പോലും കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് നടപ്പിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ടി വിടുവേല ചെയ്യുന്നു
പെരുമ്പാവൂരില്‍ രണ്ട് മണിക്കൂര്‍ മുന്‍പ് യൂത്ത് കോണ്‍ഗ്രസിന്റെ സമ്മേളനം തടസപ്പെടുത്തി പത്തോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി കടന്ന് പോകുന്നു എന്നതിന്റെ പേരിലാണ് ഇതെല്ലാം ചെയ്തത്. പാലക്കാടും സമാനമായി രീതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് വേണ്ടി വിടുവേല ചെയ്യുന്ന പൊലീസ് എല്ലാ അതിരുകളും ലംഘിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭയപ്പെടുത്താമെന്ന ചിന്ത വേണ്ട
പുരുഷ പൊലീസ് കെ എസ് യു വനിതാ പ്രവര്‍ത്തകയെ കയറി പിടിച്ചിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ് ഇത് എന്നും സുധാകരന്‍ ഓര്‍മ്മിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയിലിലടച്ച് ഭയപ്പെടുത്താമെന്ന ചിന്ത വേണ്ട എന്നും സുധാകരന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.

തിരിച്ചടിക്കാനറിയാം
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന് അറിയാം എന്നും അതിന് തങ്ങള്‍ ഒരുക്കമാണ് എന്നും സുധാകരന്‍ വെല്ലുവിളിച്ചു. അക്കാര്യം മുഖ്യമന്ത്രിയും പൊലീസും മറക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ കൊള്ളയടിച്ച് നികുതിപ്പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications