യുഎപിഎയോട് യോജിപ്പില്ല, സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പന്തീരാങ്കാവിൽ രണ്ട് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയോട് ഇടത് സർക്കാരിനും യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. പോലീസ് ചാർജ് ചെയ്താൽ ഉടൻ യുഎപിഎ നിലവിൽ വരില്ല, സർക്കാരിന്റേയും യുഎപിഎ സമിതിയുടേയും പരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. യുഎപിഎ ചുമത്തിയതിനോട് യോജിപ്പില്ലെന്ന് നേരത്തെ സിപിഎം സെക്രട്ടേറിയേറ്റും വ്യക്തമാക്കിയിരുന്നു.
യുഎപിഎ ചുമത്തിയ നടപടി പരിശോധിക്കും. യുഎപിഎയെക്കുറിച്ച് പറയാൻ കോൺഗ്രസിന് അവകാശമില്ല. യുഎപിഎയുടെ കാര്യത്തിൽ അടുത്ത കാലത്ത് പാർലമെന്റിൽ ഭേദഗതികൾ വന്നപ്പോൾ ബിജെപിയോടൊപ്പം കോൺഗ്രസും അതിനെ അനുകൂലിക്കുന്നതാണ് കണ്ടത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ സംസ്ഥാന സർക്കാരിനോ അത്തരമൊരു നിയമം നിലനിൽക്കുന്നതിനോട് യോജിപ്പില്ല. രണ്ട് ചെറുപ്പക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തതാണ് സംഭവം. അതിലൊരാളുടെ മാതാപിതാക്കൾ എന്നെ വന്ന് കണ്ടിരുന്നു. എന്താണെന്ന് പരിശോധിക്കുമെന്ന് അവരോട് വ്യക്തമാക്കിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

അറസ്റ്റ് സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചാരണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് പന്തീരങ്കാവിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകരായ അലൻ ഷുഹൈബ്, താഹ എന്നിവരെയാണ് കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.












Click it and Unblock the Notifications