ഒടുവില്‍ ജയം കോണ്‍ഗ്രസിന്; സീറ്റുകളുടെ എണ്ണത്തില്‍ പിജെ ജോസഫ് വഴങ്ങി,തീരുമാനം ചെന്നിത്തലയെ അറിയിച്ചു
കോട്ടയം: നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പുള്‍ മുന്‍ നിര്‍ത്തിയുള്ള സീറ്റ് വിഭജന ചര്‍ച്ചകളിലാണ് സംസ്ഥാനത്ത് പ്രമുഖ മുന്നണികളെല്ലാം. കഴിഞ്ഞ തവണ മുന്നണിയുടെ ഭാഗമല്ലാതിരുന്ന ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കും ഇടതുമുന്നണി സീറ്റുകള്‍ വീതിച്ചു നല്‍കേണ്ടതുണ്ട്. മറുപക്ഷത്ത് യുഡിഎഫിലാവട്ടെ മുന്നണി വിട്ടുപോയവരുടെ സീറ്റുകള്‍ വീതം വെക്കുന്നത് സംബന്ധിച്ചാണ് പ്രധാന ചര്‍ച്ച. ഇതില്‍ കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതോടെ അവശേഷിക്കുന്ന സീറ്റുകള്‍ക്കായി പിജെ ജോസഫ് വലിയ അവകാശവാദം ഉന്നയിച്ചതായിരുന്നു യുഡിഎഫിനുള്ളി തലവേദന.

കഴിഞ്ഞ തവണ
കഴിഞ്ഞ തവണ യുഡിഎഫിന്‍റെ ഭാഗമായി 15 സീറ്റുകളിലായിരുന്നു അവിഭക്ത കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇതില്‍ 10 സീറ്റില്‍ പഴയ മാണി പക്ഷവും ശേഷിക്കുന്ന 5 സീറ്റില്‍ ജോസഫ് വിഭാഗവും മത്സരിച്ചു. 15 ല്‍ 6 സീറ്റിലായിരുന്നു വിജയിച്ചത്. മാണി പക്ഷത്ത് നിന്ന് പാലായില്‍ കെഎം മാണി, ചങ്ങനാശ്ശേരിയില്‍ സിഎഫ് തോമസ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ് എന്നിവരായിരുന്നു വിജയിച്ചത്.

വിജയിച്ചവര്‍
ജോസഫ് പക്ഷത്ത് നിന്ന് തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും വിജയിച്ചു. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്നതോടെ പാലാ യുഡിഎഫിന്‍റെയും കേരള കോണ്‍ഗ്രസിന്‍റെയും കയ്യില്‍ നിന്ന് പോയി. പാര്‍ട്ടി തര്‍ക്കങ്ങളില്‍ സിഎഫ് തോമസ് ജോസഫ് ഗ്രൂപ്പിനൊപ്പം ചേര്‍ന്നതോടെ എംഎല്‍എമാരുടെ എണ്ണത്തില്‍ മുന്‍തൂക്കം പിജെ ജോസഫിനായിരുന്നു.

സിഎഫ് തോമസ്
എന്നാല്‍ സിഎഫ് തോമസ് അന്തരിച്ചതോടെ ഇരുപക്ഷത്തും രണ്ട് വീതം എംഎല്‍എമാരായിരുന്നപ്പോഴാണ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോവുന്നത്. ജോസ് പോയെങ്കിലും കഴിഞ്ഞ തവണ പാര്‍ട്ടി മത്സരിച്ച 15 സീറ്റുകളും തങ്ങള്‍ക്ക് വേണമെന്നായിരുന്നു പിജെ ജോസഫിന്‍റെ നിലപാട്. തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യത്തിലും ഇതേ നിലപാടായിരുന്നു ജോസഫ് സ്വീകരിച്ചത്.

പാര്‍ട്ടിയുടെ ശക്തി
എന്നാല്‍ പിളര്‍പ്പിലുടെ ശക്തി ക്ഷയിച്ച കേരള കോണ്‍ഗ്രസിന്‍റെ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ജോസ് പോയതോടെ ബാക്കിയായ സീറ്റുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിരു. ജോസഫ് വാഴക്കന്‍, ലതിക സുഭാഷ്, കെസി ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ഇത്തവണ കോട്ടയം ജില്ലയില്‍ മത്സരിക്കാന്‍ ലക്ഷ്യമിടുന്നവരാണ്.

പരമാവധി 3 സീറ്റുകള്‍ കൂടി
കേരള കോണ്‍ഗ്രസില്‍ കഴിഞ്ഞ തവണ പിജെ ജോസഫ് മത്സരിച്ച സീറ്റുകള്‍ക്ക് പുറമെ പരമാവധി 3 സീറ്റുകള്‍ കൂടി അധികം നല്‍കാം എന്നതായിരുന്നു കോണ്‍ഗ്രസ് നിലപാട്. എല്‍ഡിഎഫ് വിട്ട് ഇടതുമുന്നണി ഇപ്പുറത്ത് എത്തിയാല്‍ 3 എന്നുള്ളത് രണ്ടോ ഒന്നോ ആയി മാറാമെന്ന സൂചനയും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. പിജെ ജോസഫ് വീണ്ടും സമ്മര്‍ദം ചെലുത്തിയെങ്കിലും ജോസ് വിഭാഗത്തില്‍ നിന്ന് പ്രമുഖ നേതാക്കളെയൊന്നും എത്തിക്കാന്‍ കഴിയാതിരുന്നത് വിലപേശല്‍ ശക്തി കുറച്ചു.

മുന്നണി മര്യാദ
ഇതോടെ ജോസഫ് മുന്‍ നിലപാടില്‍ അയവ് വരുത്തുന്നുവെന്നതിന്‍റെ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റുകളുടെ കാര്യത്തില്‍ മുഖ്യാവകാശം തങ്ങള്‍ക്കാണെന്നും എന്നാല്‍ മുന്നണി മര്യാദ കണക്കിലെടുത്ത് വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാണെന്നുമാണ് ജോസഫ് ഇപ്പോള്‍ രമേശ് ചെന്നിത്തലയെ അറിയിച്ചിരിക്കുന്നത്.

ചെന്നിത്തലയെ അറിയിച്ചു
ഇന്നലെ കോട്ടയത് ചേര്‍ന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി യോഗത്തിനിടെയാണ് ഇക്കാര്യം പിജെ ജോസഫ് ചെന്നിത്തലയെ ധരിപ്പിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫലത്തില്‍ ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതിലൂടെ അവശേഷിക്കുന്ന സീറ്റുകള്‍ വീതം വെക്കുന്നതില്‍ കോണ്‍ഗ്രസ് നിലപാട് വിജയം കാണുകയായിരുന്നു.

ഉമ്മൻചാണ്ടിയും
അതേസമയം, നാളെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കേരള കോൺഗ്രസ് (ജോസഫ്) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫും തമ്മിൽ ചര്‍ച്ച നടക്കുന്നുണ്ട്. എതൊക്കെ സീറ്റുകളില്‍ ആരെല്ലാം മത്സരിക്കണം എന്ന കാര്യം ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് ജയസാധ്യത കൂടുതലെങ്കില്‍ അവര്‍ക്ക് സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന കാര്യം ഉമ്മന്‍ചാണ്ടിയെ അറിയിക്കും.

വിജയ സാധ്യതയുള്ള സീറ്റുകള്‍
എന്നാല്‍ പകരം തങ്ങള്‍ക്ക് വിജയ സാധ്യതയുള്ള സീറ്റുകള്‍ കോണ്‍ഗ്രസും വിട്ടു നല്‍കണം. ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ല. സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിന്‍റെ പിടിവാശിക്ക് മുന്നില്‍ കൂടുതല്‍ വഴങ്ങേണ്ടതില്ലെന്നും ഇന്നലെ നടന്ന യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യുഡിഎഫിന്‍റെ നിലനില്‍പ്പിന് പാര്‍ട്ടി അനിവാര്യമാണെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ അവകാശപ്പെട്ടു.

യോഗത്തില്‍
യോഗത്തില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ്, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ തോമസ് ഉണ്ണിയാടൻ, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, ജോൺ കെ. മാത്യൂസ്, ഡി.കെ. ജോൺ, ജേക്കബ് ഏബ്രഹാം, പി.സി. ചാണ്ടി, ജോസഫ് എം. പുതുശ്ശേരി എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു