നോമ്പ് കാലത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് പുറത്ത് വിടണം; സുരേന്ദ്രന് ഫിറോസിന്റെ മറുപടി..
കോഴിക്കോട്: നോമ്പ് കാലത്ത് മലപ്പുറം ജില്ലയിൽ എത്തുന്നവർക്ക് ഒരു തുള്ളി വെള്ളം കിട്ടില്ല എന്ന ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. വരുന്ന നോമ്പുകാലത്ത് കോഴിക്കോട് രാമനാട്ടുകര മുതൽ മലപ്പുറത്തെ എടപ്പാൾ വരെ യാത്ര ചെയ്യാൻ സുരേന്ദ്രൻ തയ്യാറുണ്ടെങ്കിൽ കൊണ്ടുപോകാൻ യൂത്ത് ലീഗ് തയ്യാറെന്നും അതിലൂടെ സുരേന്ദ്രന്റെ ആരോപണം ശരിയാണോ തെറ്റാണോ എന്ന് സ്വയം മനസ്സിലാക്കാമെന്നും ഫിറോസ് പറഞ്ഞു.
നോമ്പ് കാലത്ത് ജില്ലയിൽ കടകൾ തുറക്കാത്തത് കച്ചവടം കുറയുന്നത് കൊണ്ടാണ്. ഈ കാലയളവിൽ കച്ചവടം കൂട്ടാൻ സുരേന്ദ്രൻ ബി ജെ പിക്കാരോട് മലപ്പുറത്തേക്ക് പോവാൻ പറയട്ടെ എന്നും ഫിറോസ് പറഞ്ഞു. ബി ജെ പിയുടെ മുൻ അധ്യക്ഷൻ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് നുണ പറയുകയാണ്. സ്ഥാനം നഷ്ടപ്പെട്ടതിലെ നിരാശയാണോ ഇതിന് പിന്നിൽ എന്ന് വ്യക്തമല്ല. അത് എന്ത് തന്നെയായാലും നോമ്പ് കാലത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് പുറത്ത് വിടണമെന്നും ഫിറോസ് പറഞ്ഞു.

സുരേന്ദ്രൻ മതേതരത്തെക്കുറിച്ച് പറയുന്നത് ഹിറ്റ്ലർ അഹിംസ സർട്ടിഫിക്കറ്റ് നൽകുന്നത് പോലെയാണ്. നുണകളിലൂടെ നിറഞ്ഞ് നിൽക്കാനാണ് സുരേന്ദ്രന്റെ ശ്രമം. ഇത്തരം പരാമർശങ്ങളിൽ സംസ്ഥാന സർക്കാർ മറുപടി പറയണം, വിദ്വേഷ പ്രചാരണങ്ങളിൽ സർക്കാർ കേസ് എടുക്കാത്തതിൽ അത്ഭുതം ഇല്ല. രാജ്യദ്രോഹ കുറ്റം പോലും ചുമത്തേണ്ട കൊടകര കേസിൽ സുരേന്ദ്രനെ സാക്ഷിയാക്കിയവരാണെന്നും ഫിറോസ് പറഞ്ഞു.
കേരളത്തിൽ പിന്നാക്ക സംവരണം മുസ്ലിങ്ങൾ തട്ടിയെടുക്കുന്നു എന്ന ആരോപണത്തിൽ ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്. ജാതി സെൻസസ് നടത്തിയാൽ ഇതിലെ വസ്തുത വ്യക്തമാകും. ജാതി സെൻസസിന് എതിര് നിൽക്കുന്ന ബി ജെ പിക്ക് സുരേന്ദ്രന്ഡ കെണി ഒരുക്കിയതാണോ എന്നും സംശയമുണ്ട്. മുസ്ലിങ്ങൾക്ക് അർഹമായത് പോലും ലഭിച്ചിട്ടില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് എന്നും ഫിറോസ് പറഞ്ഞു.












Click it and Unblock the Notifications