സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുന്‍പ് എന്ത് സര്‍വേഫലമെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുന്‍പ് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് സര്‍വേകള്‍ക്ക് എന്ത് വിലയാണുള്ളതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കുറച്ചുകൂടി കഴിഞ്ഞാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വീണ്ടും മാറില്ലേ? തെരഞ്ഞെടുപ്പടുപ്പിച്ച് പിന്നെയും മാറില്ലേ? സര്‍വേഫലത്തിന് വിരുദ്ധമായ തെരഞ്ഞെടുപ്പു ഫലങ്ങള്‍ ഉണ്ടായില്ലേയെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപട്ടിക വൈകുന്നത് യു ഡി എഫിന്റെ ജയസാധ്യതയെ ഒരു നിലയ്ക്കും ബാധിക്കില്ല. ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വേറൊരു പാര്‍ട്ടിക്ക് ഇടപെടാന്‍ കഴിയില്ല. എല്ലാ കാര്യത്തിലും തീരുമാനമെടുക്കാന്‍ കഴിവുള്ള മികച്ച നേതൃത്വം കോണ്‍ഗ്രസിനുണ്ട്. തീരുമാനം അവര്‍തന്നെ കൈക്കൊള്ളും. കേരളത്തിലെ സാഹചര്യങ്ങള്‍ യു ഡി എഫിന് അനുകൂലമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേ ഫലങ്ങളെല്ലാം പറഞ്ഞത് കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വരും എന്നായിരുന്നു. ഈ സാഹചര്യത്തിലാണ് അഭിപ്രായ സര്‍വ്വേ ഫലങ്ങളെ തള്ളിക്കളഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നത്.
86 സീറ്റുകളില്‍ ജയിച്ച് സി പി എം നയിക്കുന്ന ഇടത് മുന്നണി അധികാരത്തിലെത്തുമെന്നാണ് ഏറ്റവും ഒടുവുല്‍ പുറത്തുവന്ന ടൈസ് നൌ - സീ വോട്ടര്‍ സര്‍വ്വേ പറയുന്നത്. യു ഡി എഫ് 53 സീറ്റുകളില്‍ ഒതുങ്ങും. കേന്ദ്രം ഭരിക്കുന്ന ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയ്ക്ക് 1 എം എല്‍ എ ഉണ്ടാകുമെന്നും സര്‍വ്വേ പ്രവചിച്ചിരുന്നു.












Click it and Unblock the Notifications