പ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു
കൊച്ചി: പ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. 45 വയസായിരുന്നു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളമായി ചികിത്സയിലായിരുന്ന രാധിക എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. പനി ബാധിച്ച് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് രാധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുരേഷാണ് ഭര്‍ത്താവ്. മകള്‍ ദേവികയും ഗായികയാണ്.
സ്‌റ്റേജ് ഷോകളിലെ സജീവ സാന്നിധ്യമായിരുന്ന രാധിക എഴുപതിലേറെ ചലച്ചിത്രഗാനങ്ങളും ഇരുന്നൂറിലേറെ ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും ലളിതഗാനങ്ങള്‍ പാടിയിരുന്നു തുടക്കം. ദൂരദര്‍ശനുള്‍പ്പെടെ വിവിധ ചാനലുകളില്‍ അവതാരകയായും രാധിക തിലക് പേരെടുത്തു.

സംഘഗാനം എന്ന ചിത്രത്തിലെ പുല്‍ക്കൊടിത്തുമ്പിലും എന്ന ഗാനത്തിലൂടെ ആയിരുന്നു ചലചിത്ര ഗാനരംഗത്തേക്കുള്ള തുടക്കം. എന്റെ ഉള്ളില്‍ ഉടുക്കുംകൊട്ടി, നിന്റെ കണ്ണില്‍ വിരുന്നു വന്നു (ദീപസ്തംഭം മഹാശ്ചര്യം), മായാമഞ്ചലില്‍ (ഒറ്റയാള്‍ പട്ടാളം), ദേവസംഗീതം (ഗുരു), മഞ്ഞക്കിളിയുടെ (കന്മദം) മനസില്‍ മിഥുന മഴ (നന്ദനം) തുടങ്ങിയവ രാധികയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്.
കേട്ടാസ്വാദിച്ച ആ പാട്ടുകളുടെ ശബ്ദത്തിനുടമ; രാധികയുടെ മികച്ച 10 ഗാനങ്ങള്‍
എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പഠന കാലയളവില്‍ കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. പ്രശസ്ത പിന്നണി ഗായകരായ സുജാത, വേണുഗോപാല്‍, പറവൂര്‍ സഹോദരിമാര്‍ എന്നിവര്‍ രാധികയുടെ ബന്ധുക്കളാണ്.












Click it and Unblock the Notifications