ക്രിസ്മസ് വിരുന്നൊരുക്കാൻ പ്രധാനമന്ത്രി മോദി; മതമേലധ്യക്ഷൻമാരും ക്രൈസ്തവ സഭ പ്രമുഖരും പങ്കെടുക്കും
ഡൽഹി: ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 യ്ക്ക് ഔദ്യോഗിക വസതിയിൽ വെച്ചാണ് വിരുന്ന്. പരിപാടിയിൽ മതമേലധ്യക്ഷരും ക്രൈസ്തവ സഭയിലെ പ്രമുഖരും പങ്കെടുക്കും. അതേസമയം കേരളത്തിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. ഡൽഹിയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്.
ഇതാദ്യമായാണ് ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. ഗോവ, മഹാരാഷ്ട്ര, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സഭാധ്യക്ഷർക്കും വിരുന്നിന് ക്ഷണമുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേയാണ് ഇത്തരത്തിൽ മോദിയുടെ വിരുന്ന് എന്നത് ശ്രദ്ധേയമാണ്.

മണിപ്പുർ കലാപത്തെ തുടർന്ന് അകന്ന ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്തുക കൂടിയാണ് വിരുന്നിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി സംസ്ഥാന ബിജെപി നേതാക്കളുടേയും പ്രവർത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം ഈ മാസം 21 ന് കേരളത്തിൽ ആരംഭിച്ചിരുന്നു.
കൊച്ചിയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സന്ദർശിച്ചാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്നേഹയാത്രക്ക് തുടക്കമിട്ടത്. സ്നേഹ യാത്രയിൽ രാഷ്ട്രീയമില്ലെന്നും ക്രിസ്തുമസ് ആശംസകൾ എല്ലാവീടുകളിലും എത്തിക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞു. സാമൂഹ്യ സമരസത, പരസ്പര ഐക്യം, സൗഹാര്‍ദ്ദം എന്നിവ ഊട്ടിയുറപ്പിക്കുകയാണ് യാത്രയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ മാസം 31 വരെ പത്ത് ദിവസങ്ങളിലാണ് ബി ജെ പിയുടെ സ്നേഹയാത്ര നടക്കുന്നത്. കഴിഞ്ഞ ഈസ്റ്ററിനും വീടുകളിലെത്തി മധുരം നൽകി ബി ജെ പി ഇത്തരം ശ്രമം നടത്തിയിരുന്നു. കേന്ദ്രപദ്ധതികളെ കുറിച്ച് അവബോധം നൽകിയും ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിന് സ്വീകരിച്ച നടപടികൾ വിശദീകരിച്ചുമായിരുന്നു ബി ജെ പി നേതാക്കളുടെ യാത്ര.
കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം പകുതിയോളം ന്യൂനപക്ഷങ്ങളാണ്. ഇതിൽ 18 ശതമാനമാണ് ക്രിസ്ത്യൻ വിഭാഗങ്ങൾ. ക്രിസ്തീയ വിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാനായാൽ അത് ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റത്തിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. മധ്യതിരുവിതാംകൂറിൽ ഇത് കൂടുതൽ വോട്ടുകൾ നേടാൻ സഹായിക്കുമെന്ന് നേതൃത്വം കരുതുന്നുണ്ട്. മധ്യകേരളത്തിലെ ക്രിസ്ത്യൻ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന കേരള കോണ്‍ഗ്രസിന്റെ സ്വാധീനത്തിലുണ്ടായ ഇടിവ് പരമാവധി മുതലെടുക്കാൻ സാധിക്കുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications