'ശക്തനാണെന്നും എല്ലാവർക്കും ഭയമാണെന്നുമാണ് പ്രധാനമന്ത്രിയുടെ വിചാരം', മോദിയെ തെല്ലും ഭയമില്ലെന്ന് രാഹുൽ

വയനാട്: അദാനി ബന്ധം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കടന്നാക്രമിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പാർലമെന്റിലെ പ്രസംഗത്തിൽ അദാനിയെ കുറിച്ച് പറഞ്ഞതെല്ലാം വസ്തുതകൾ ആയിട്ടും രേഖകളിൽ നിന്ന് നീക്കം ചെയ്തുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വയനാട്ടിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ: ''പ്രധാനമന്ത്രിയും അദാനിയും തമ്മിലുളള ബന്ധത്തെക്കുറിച്ച് താന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. താന്‍ ഏറ്റവും മാന്യമായാണ് സംസാരിച്ചത്. മോശം ഭാഷയും ഉപയോഗിച്ചില്ല. ആരെയും ആക്ഷേപിച്ചിട്ടുമില്ല. താന്‍ ചില വസ്തുതകള്‍ ഉയര്‍ത്തിക്കാട്ടുക മാത്രമാണ് ചെയ്തത്. അദാനി പ്രധാനമന്ത്രിക്കൊപ്പം വിദേശ യാത്രകള്‍ നടത്തിയത് താന്‍ ചൂണ്ടിക്കാട്ടി. വിദേശ യാത്രകള്‍ക്ക് തൊട്ട് പിറകെ ആ രാജ്യങ്ങളില്‍ നിന്ന് അദാനിക്ക് കരാറുകള്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞു.
30 ശതമാനം വിമാനത്താവളങ്ങളും നിയന്ത്രിക്കുന്നത് അദാനിയാണ്. അതിനുളള ഒരേയൊരു കാരണമാകട്ടെ അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള ബന്ധമാണ്. ഈ വിമാനത്താവളങ്ങള്‍ അദാനിക്ക് ലഭിക്കാന്‍ വേണ്ടി എത്തരത്തില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി എന്നതിനെ കുറിച്ചും താന്‍ പാര്‍ലമെന്റില്‍ സംസാരിച്ചു. വിമാനത്താവള നടത്തിപ്പില്‍ മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് നേരത്തെ കരാര്‍ നല്‍കുമായിരുന്നില്ല. എന്നാല്‍ അദാനിക്ക് കരാര്‍ നല്‍കാന്‍ വേണ്ടി ആ ചട്ടം മാറ്റി.

നീതി ആയോഗ് അടക്കമുളളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അത് പരിഗണിക്കാതെ അദാനിക്ക് കരാര്‍ നല്‍കി. അദാനിക്ക് കരാര്‍ നല്‍കാന്‍ പ്രധാനമന്ത്രി ശ്രീലങ്കയില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ശ്രീലങ്കയിലെ ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തലുണ്ടായി. പ്രധാനമന്ത്രി ബംഗ്ലാദേശില്‍ പോയ ഉടനെ അവിടയെുളള കരാര്‍ അദാനിക്ക് കിട്ടി. അദാനിയും പ്രധാനമന്ത്രി ഓസ്‌ട്രേലിയയില്‍ പോയതിന് പിന്നാലെ സ്‌റ്റേറ്റ് ബാങ്ക് 1 ബില്യണ്‍ ഡോളറാണ് ലോണ്‍ നല്‍കിയത്.
പാര്‍ലമെന്റിലെ തന്റെ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം രേഖകളില്‍ നിന്ന് നീക്കം ചെയ്തു. അദാനിയുടേയോ അംബാനിയുടേയോ പേര് പറയുന്നത് പോലും പ്രധാനമന്ത്രിയെ അപമാനിക്കുന്നതായിട്ടാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ ഇവര്‍ ഒരുമിച്ചുളള ചിത്രങ്ങള്‍ കാണാം. അദാനിയുടെ വിമാനത്തില്‍ പ്രധാനമന്ത്രി സഞ്ചരിക്കുന്നതും ചിരിക്കുന്നതുമെല്ലാം കാണാം. താന്‍ പറഞ്ഞവയെല്ലാം വസ്തുതകള്‍ മാത്രമാണ്. വസ്തുതാ വിരുദ്ധമായോ ആരെയെങ്കിലും തേജോവധം ചെയ്യുകയോ ചെയ്താല്‍ പ്രസംഗത്തിലെ ഭാഗങ്ങള്‍ നീക്കം ചെയ്യാം. എന്നാല്‍ താന്‍ അത് ചെയ്തിട്ടില്ല. പറഞ്ഞതിനെല്ലാം തെളിവുണ്ട്.
പറഞ്ഞതിന് തെളിവ് ചോദിച്ചു, തെളിവ് സഹിതം സ്പീക്കര്‍ക്ക് കത്ത് നല്‍കി. എന്നാലും താന്‍ പറഞ്ഞ കാര്യങ്ങള്‍ രേഖയില്‍ വരുമെന്ന് കരുതുന്നില്ല. അതേസമയം പ്രധാനമന്ത്രി തന്നെ വ്യക്തിപരമായി ആക്ഷേപിച്ചാണ് പ്രസംഗിച്ചത്. താന്‍ എന്തുകൊണ്ടാണ് ഗാന്ധി ആയതെന്നും നെഹ്‌റു അല്ലെന്നും മോദി ചോദിച്ചു. എന്നാല്‍ അത് രേഖകളില്‍ നിന്ന് നീക്കിയിട്ടില്ല. താനത് കാര്യമാക്കുന്നില്ല. കാരണം സത്യം എപ്പോഴായാലും പുറത്ത് വരും. പ്രസംഗിക്കുമ്പോള്‍ തന്റെയും മോദിയുടേയും മുഖം നോക്കിയാല്‍ മതി. പ്രസംഗത്തിനിടെ മോദി എത്ര തവണ വെള്ളം കുടിച്ചുവെന്നും കൈ വിറച്ചുവെന്നും നോക്കിയാല്‍ മതി. താന്‍ ഏറ്റവും ശക്തവാനാണ് എന്നും എല്ലാവരും തന്നെ ഭയക്കുന്നു എന്നുമാണ് അദ്ദേഹം കരുതുന്നത്. എന്നാല്‍ താന്‍ അദ്ദേഹത്തെ തെല്ലും ഭയക്കുന്നില്ല. എന്തൊക്കെ കരുത്ത് ഉണ്ടെങ്കിലും സത്യം മോദിയുടെ ഭാഗത്തല്ല''. ഒരു ദിവസം മോദിക്ക് സത്യത്തെ നേരിടേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications