കളിയിക്കാവിള കൊലപാതകം: പ്രതികൾക്ക് തീവ്രവാദ ബന്ധമെന്ന് പോലീസ്, ജീവനിൽ ആശങ്കയെന്ന് പ്രതിഭാഗം!!
തിരുവനന്തപുരം: കളിയിവിളയിൽ എഎസ്ഐയെ വെടിവെച്ചുകൊന്ന കേസിൽ അറസ്റ്റിലായ പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ്. പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് പോലീസ് കോടതിയിലാണ് അറിയിച്ചത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചാൽ കൊല്ലപ്പെട്ടേക്കുമെന്ന വാദമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഇതോടെ കസ്റ്റഡി അപേക്ഷയിൽ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മകനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുമെന്ന് ഭയക്കുന്നതായി തൌഫീഖിന്റെ അമ്മയും പ്രതികരിച്ചിരുന്നു. കേസിലെ പ്രതികൾക്കായി ബന്ധുക്കൾ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും സമർപ്പിച്ചിട്ടുണ്ട്.
കളിയിക്കാവിളയിൽ എഎസ്ഐ വിൽസൺ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ഷമീം, തൌഫീഖ് എന്നിവരെ അതീവ സുരക്ഷയോടെയാണ് ജില്ലാ കോടതിയിലേക്ക് കൊണ്ടുവന്നത്. പ്രതികളെ 28 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഈ ആവശ്യമുന്നയിച്ചിട്ടുള്ളത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമാണ് പോലീസ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.

എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വിട്ടാൽ ജീവന് ഭീഷണിയുണ്ടെന്നും യുഎപിഎ ചുമത്താൻ തെളിവില്ലെന്ന വാദവും പ്രതിഭാഗം ഉയർത്തുന്നുണ്ട്. പ്രതിഭാഗം വിവിധ വാദങ്ങൾ ഉന്നയിച്ചതോടെയാണ് ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് വിധി പറയാൻ കോടതി മാറ്റിവെച്ചത്. പ്രതികളെ ഇപ്പോൾ തിരുനെൽവേലി ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
കർണാടകത്തിലെ ഉഡുപ്പിയിൽ നിന്നാണ് തൌഫീഖ്, അബ്ദുൾ ഷമീം എന്നിവർ അറസ്റ്റിലായത്. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. കൃത്യം നടപ്പാക്കുന്നതിനായി കളിയിക്കാവിള തിരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതിനാൽ ആണെന്നും പ്രതികൾ മൊഴി നൽകിയിരുന്നു.












Click it and Unblock the Notifications