മദ്യലഹരിയില്‍ സുരേഷ് ഗോപിയുടെ വാഹനം കടത്തിവിട്ടില്ല; ഇടം വലം വെട്ടിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: നടനും മുന്‍ എം പിയുമായി സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കല്ലക്കുറിച്ചി പിള്ളയാര്‍കാവില്‍ തെരുവ് എസ് ഭരതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ കൊല്ലം സുധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം തൃശൂരിലേക്ക് പോകുമ്പോഴാണ് സംഭവം. കളമശേരി തോഷിബ ജംഗഷന് സമീപത്തുവച്ചാണ് വാഹനത്തെ കടത്തിവിടാതെ തടസപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ലോറിയുടെ സമീപത്ത് എത്തി പലതവണ ലൈറ്റ് തെളിയിച്ചുവെങ്കിലും അപകടകരമായ രീതിയില്‍ ഇടത്തോട്ടും വലത്തോട്ടും ലോറി വെട്ടിച്ച് ഓടിക്കുകയായിരുന്നു.

ഒരു തരത്തിലും വാഹനത്തെ കടത്തിവിടാന്‍ ലോറി ഡ്രൈവര്‍ അനുവദിച്ചില്ല. തുടര്‍ന്ന് സുരേഷ് ഗോപി കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. അങ്കമാലിയില്‍ വച്ച് പൊലീസ് എത്തി ഡ്രൈവറെയും ലോറിയെയും തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെ പിടികൂടിയത്.
ലോറി ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതി ഭരതിനെതിരെ പൊലീസ് സ്വമേധയ കേസെടുത്തു. ലോറി കോടതിക്ക് കൈമാറി. വി എ സുബൈര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications