ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം.... സനലിനെ ബലമായി റോഡിലേക്ക് തള്ളിയിട്ടു!!
തിരുവനന്തപുരം: വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തില്‍ യുവാവ് വാഹനമിടിച്ച് കൊലപ്പെട്ട സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിന് കുരുക്ക് മുറുകുന്നു. അദ്ദേഹത്തിനെതിരെ നിര്‍ണായക സാക്ഷി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കര്‍ശന നടപടി എടുക്കണമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്.
യുവാവിനെ ഡിവൈഎസ്പി പിടിച്ചു തള്ളിയതോടെയാണ് ഇയാള്‍ എതിരെ വന്ന വാഹനത്തിന് മുന്നിലേക്ക് വീണതെന്നും തുടര്‍ന്നാണ് അപകടമുണ്ടായതെന്നുമാണ് ദൃക്‌സാക്ഷി പറയുന്നത്. സംഭവത്തില്‍ ഡിവൈഎസ്പിക്കെതിരെ ശക്തമായ തെളിവുകള്‍ ഉള്ള സാഹചര്യത്തില്‍ തെളിവുകളുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം. സനലിന്റെ സുഹൃത്തുക്കളും ഇയാള്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

സംഭവം ഇങ്ങനെ....
നെയ്യാറ്റിന്‍കരയില്‍ തര്‍ക്കത്തിനിടെയാണ് ഡിവൈഎസ്പി യുവാവിനെ പിടിച്ചു തള്ളിയത്. ഇതിനിടെയാണ് ഇയാള്‍ വാഹനമിടിച്ച് മരിക്കുകയായിരുന്നു. വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് അപകടം. കൊടങ്ങാവിള സ്വദേശി സനലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. സനലിന്റെ വാഹനം ഡിവൈഎസ്പിയുടെ വാഹനത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നു. സമീപത്തെ വീട്ടില്‍ നിന്നിറങ്ങിയ ഡിവൈഎസ്പി വാഹനം മാറ്റാന്‍ പറഞ്ഞ് കൊണ്ട് സനലിനോട് കയര്‍ക്കുകയായിരുന്നു.

ദൃക്‌സാക്ഷി മൊഴി
സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷി സുല്‍ത്താന്‍ മാഹീന്‍ പറയുന്നു. ആദ്യം ഡിവൈഎസ്പി സനലിനെ അടിച്ചു. കാര്‍ മാറ്റിയിട്ട ശേഷം ചോദിക്കാനായി എത്തിയ സനലുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയിലാണ് ഹരികുമാര്‍ സനലിനെ പിടിച്ചുതള്ളുന്നത്. റോഡിലേക്ക് വീണ സനലിനെ എതിര്‍വശത്ത് നിന്ന് വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊല്ലാനായി പിടിച്ച് തള്ളിയതെന്നാണ് മാഹിന്‍ ആരോപിക്കുന്നത്.

കൈപിടിച്ച് തിരിച്ചു
സനലിന്റെ ഒപ്പമുള്ളവരും ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നിസാര കാര്യത്തില്‍ സനലിനെ ഡിവൈഎസ്പി ക്രൂരമായി മര്‍ദിച്ചു. എതിര്‍ത്തപ്പോള്‍ കൈപിടിച്ച് തിരിച്ച് റോഡിലേക്ക് ബലമായി തള്ളിയിട്ടെന്നാണ് ആരോപണം. അപകടമുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാതെ ഡിവൈഎസ്പി സുഹൃത്തിനൊപ്പം സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞെന്നും സുഹൃത്തുകള്‍ പറയുന്നു.

നാട്ടുകാരുടെ പ്രതിഷേധം
പരുക്കേറ്റ സനലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. മെഡിക്കല്‍ കോളേജിലെത്തിയപ്പോഴേക്കും സനല്‍ മരിച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. ഡിവൈഎസ്പിക്കെതിരെ കൊലപാതകതത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊലക്കുറ്റത്തിന് കേസെടുത്തു
ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ ചുമതലയില്‍ നിന്നും നീക്കിയിട്ടുണ്ട്. സംഭവത്തില്‍ ഡിവൈഎസ്പി കുറ്റക്കാരനാണെന്ന് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വകുപ്പ്തല ഡിജിപിക്കും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ഹരികുമാര്‍ പ്രകോപനം ഉണ്ടാക്കുകയായിരുന്നു. ഇയാളുടേത് ഗുരുത വീഴ്ച്ചയാണെന്നും എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രൂരമായി മര്‍ദിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഭവിക്കാന്‍ പാടില്ലാത്തത്
മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിട്ടുരണ്ട്. നെയ്യാറ്റിന്‍കരയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎസ്പിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. ഗൗരവമായ വിഷയമായിട്ടാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്. കേസ് ഗൗരവത്തോടെ കാണുന്നതിനാല്‍ ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

ഡിവൈഎസ്പി ഒളിവില്‍
ഡിവൈഎസ്പി ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റൂറല്‍ എസ്പി അശോക് കുമാര്‍ പറഞ്ഞു. ഹരികുമാര്‍ സംഭവസ്ഥലത്ത് പോയത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. അതേസമയം എല്ലാ തെളിവുകളും ഡിവൈഎസ്പിക്ക് എതിരായതിനാല്‍ അറസ്റ്റ് അനിവാര്യമാണെന്നാണ് സൂചന. മുഖ്യമന്ത്രി നടപടി ശക്തമാക്കാന്‍ പറഞ്ഞ സാഹചര്യത്തില്‍ അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് സൂചന.












Click it and Unblock the Notifications