ശ്രീജിത്തിനെതിരെ മൂന്നാം മുറ, ലാത്തി ഉപയോഗിച്ച് ഉരുട്ടല്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡി മരണത്തില്‍ ഞെട്ടിപ്പിക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പുറത്ത്. പോലീസ് മര്‍ദനത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ശ്രീജിത്ത് പോലീസ് ലോക്കപ്പില്‍ ക്രൂരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ശ്രീജിത്തിന്റെ മരണത്തില്‍ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നില്‍ക്കുന്ന ഘട്ടത്തിലാണ് അതിഭീകരമായ ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യം ശക്തിപ്പെടാനാണ് സാധ്യത. പോലീസുകാരെ സംരക്ഷിക്കുന്നെന്ന ആക്ഷേപം ഇപ്പോള്‍ തന്നെ അന്വേഷണ സംഘത്തിനെതിരെയുണ്ട്. അതോടൊപ്പം സര്‍ക്കാരിന്റെ പ്രതിച്ഛായയും ഈ വിഷയത്തില്‍ തകര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് ഷുഹൈബ് വധക്കേസിന് പിന്നാലെ ഈ കേസും സര്‍ക്കാരിന് സിബിഐക്ക് കൈമാറേണ്ടി വരുമെന്നാണ് സൂചന.

മൂന്നാംമുറ പ്രയോഗിച്ചു

മൂന്നാംമുറ പ്രയോഗിച്ചു

പോലീസിന്റെ ക്രൂരതകള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. ശ്രീജിത്തിന്റെ മരണം അതിക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ലോക്കപ്പില്‍ ഉരുട്ടല്‍ അടക്കമുള്ള മര്‍ദനങ്ങള്‍ക്ക് ശ്രീജിത്തിന് നേരിടേണ്ടി വന്നുവെന്നും ഇത് ആരോഗ്യനില മോശമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മൂന്നാം മുറ നടന്നിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീജിത്തിന്റെ ശരീരത്തില്‍ കണ്ട പാടുകള്‍ ലോക്കപ്പ് മര്‍ദനത്തിന്റെ ലക്ഷണങ്ങളുള്ളതാണ്. അതുകൊണ്ട് ശ്രീജിത്തിന്റേത് കസ്റ്റഡി മരണമാണെന്ന് ഉറപ്പിച്ച് പറയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ശ്രീജിത്തിന്റെ മര്‍ദിക്കാനായി ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാവാമെന്നും കടുത്ത രീതിയിലാവാം ഇത് പ്രയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

വരാപ്പുഴ സ്റ്റേഷന്‍

വരാപ്പുഴ സ്റ്റേഷന്‍

ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ശേഷമാണ് ക്രൂരമായി മര്‍ദിച്ചത്. ഇവിടെ വച്ച് പ്രതികളായ പോലീസുകാര്‍ ചേര്‍ന്ന് ചവിട്ടിക്കൂട്ടുകയായിരുന്നു. ഇക്കാര്യം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം പിടികൂടിയ ഉടനെ വീടിന് സമീപത്ത് വെച്ച് മര്‍ദിച്ചതായി ശ്രീജിത്ത് മരിക്കുന്നതിന് മുമ്പ് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം ശ്രീജിത്തിന്റെ ഭാര്യ ജോലി ചെയ്തിരുന്ന ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാരോടാണ് ഇക്കാര്യം പറഞ്ഞത്. നിലത്തേക്ക് വലിച്ചിട്ട് വയറ്റില്‍ ചവിട്ടിയെന്നാണ് ശ്രീജിത്ത് പറഞ്ഞത്. ഇതാണ് കടുത്ത വയറുവേദനയ്ക്ക് കാരണമായത്. കുടല്‍ അറ്റുപ്പോവാന്‍ ഇത് കാരണമായിട്ടുണ്ടാവാമെന്നും മരണ കാരണം ഇതിന് പുറമേ ഉണ്ടായ ണര്‍ദനമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം

മര്‍ദനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ വിദഗ്ധ സംഘത്തിന്റെ ഉപദേശം വേണമെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിനായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് ഉടന്‍ രൂപീകരണമെന്നും ഇവര്‍ ശുപാര്‍ശ ചെയ്തു. മര്‍ദനം എങ്ങനെയാണെന്ന് കണ്ടെത്തുന്നതിനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. അതേസമയം ഇപ്പോള്‍ തന്നെ കണ്ടെത്തിയ കാര്യം ഞെട്ടിപ്പിക്കുന്നതാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ശ്രീജിത്തിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചതവുകള്‍ ഉണ്ട്. മുട്ടിന് മുകളിലും തുടയുടെ ഭാഗത്തും ഒരേപോലെയുള്ള ചതവുകളാണുള്ളത്. ഇത് പുറത്തുകാണാത്ത തരത്തിലുള്ളതാണെന്നും പറയുന്നു. ഇത് പോലീസുകാരില്‍ നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത കാര്യമാണെന്നും അന്വേഷണ സംഘം പറയുന്നു.

ഉരുട്ടിക്കൊല......

ഉരുട്ടിക്കൊല......

ഈ കസ്റ്റഡി മരണം ഉരുട്ടിക്കൊലയ്ക്ക് സമാനമാണെന്ന് അന്വേഷണ സംഘം പറയുന്നു. ശരീരത്തില്‍ ചതവുകള്‍ പുറത്തുകാണാതിരിക്കാനായി പ്രത്യേക തരത്തിലുള്ള ആയുധം ഉപയോഗിച്ച് ഉരുട്ടിയിട്ടുണ്ട്. ശ്രീജിത്തിന്റെ ത്വക്കിന് പുറത്തേക്ക് പാടുകള്‍ വന്നിട്ടില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. സാധാരണ രീതിയില്‍ മര്‍ദനമേറ്റാല്‍ ശരീരത്തില്‍ ചുവന്ന പാടുകള്‍ ഉണ്ടാവും. എന്നാല്‍ പുറത്ത് കാണുന്ന സ്ഥലത്തൊന്നും ഇത്തരം പാടുകള്‍ കാണാതിരിക്കാന്‍ മര്‍ദിച്ചവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുട്ടിന് തുടയ്ക്കും ഇടയിലാണ് കൂടുതലായും പാടുകളുള്ളത്. ചതവുള്ള ഭാഗത്ത് നീല നിറത്തിലുള്ള പാടുകളുണ്ട്. ശ്രീജിത്തിന്റെ മരണത്തിന് മൂന്ന് ദിവസത്തിനുള്ളില്‍ നടന്ന മര്‍ദനമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ലാത്തിപോലുള്ള എന്തെങ്കിലും വസ്തുക്കള്‍ കൊണ്ടാകാം ശ്രീജിത്തിനെ ഉരുട്ടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസുകാരനെടുത്ത ചിത്രം

പോലീസുകാരനെടുത്ത ചിത്രം

വരാപ്പുഴ സ്റ്റേഷനിലെ പോലീസുകാരനെടുത്ത ചിത്രം കേസില്‍ നിര്‍ണായമായിരിക്കുകയാണ്. ഈ ചിത്രം വഴിയാണ് ലോക്കപ്പിലാണ് മര്‍ദനം നടന്നതെന്ന് കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചത്. കേസില്‍ മുഖ്യസാക്ഷിയായ ഗണേഷിന്റെ മൊഴിയും ഇക്കാര്യത്തില്‍ നിര്‍ണായകമായി. സ്റ്റേഷനില്‍ മര്‍ദനം നടക്കുന്നതിന് മുമ്പാണ് പോലീസുകാരന്‍ ചിത്രമെടുത്തത്. ഈ ചിത്രത്തില്‍ ശ്രീജിത്ത് അവശനായിരുന്നില്ല. കസ്റ്റഡിയിലെടുത്ത സമയത്ത് ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന് ഗണേഷ് മൊഴി നല്‍കിയിട്ടുള്ളത്. അതേസമയം കസ്റ്റഡിയില്‍ എടുത്തത് ചോദ്യം ചെയ്തപ്പോള്‍ ശ്രീജിത്തിന്റെ മുഖത്ത് പോലീസുകാര്‍ അടിച്ചിരുന്നുവെന്ന് ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്. എസ്പി ഓഫീസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആലുവ കണ്‍ട്രോള്‍ റൂമില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ വിളി വന്നിരുന്നുവെന്ന കാര്യം അന്വേഷണ സംഘം ഗൗരവമായി പരിശോധിക്കുന്നുണ്ട്.

ശ്രീജിത്തിന് മാത്രമല്ല......

ശ്രീജിത്തിന് മാത്രമല്ല......

കേസുമായി ബന്ധപ്പെട്ട് ശ്രീജിത്തിന് മാത്രമല്ല മറ്റുള്ളവര്‍ക്കും പോലീസിന്റെ മര്‍ദനമേറ്റെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. കേസില്‍ ബാക്കിയുള്ള പ്രതികള്‍ക്കാണ് മര്‍ദനമേറ്റതെന്നാണ് സൂചന. അതേസമയം ശ്രീജിത്തിന്റെ മരണകാരണം തുടയിലെ പരിക്കല്ല വയറിനേറ്റ ക്ഷതമാണെന്ന് അന്വേഷണ സംഘം പറയുന്നു. ചെറുകുടല്‍ മുറിഞ്ഞ് ഭക്ഷണാവശിഷ്ടം പുറത്തുവന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറിന് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മൂന്നു ദിവസത്തെ മര്‍ദനത്തിന് ശേഷം ഒമ്പതാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസില്‍ പ്രതിയായ പോലീസുകാര്‍ക്ക് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ എസ്പി ഓഫീസില്‍ നിന്ന് അഭിനന്ദനം ലഭിച്ചിരുന്നു. ഇക്കാര്യം ഗണേഷ് നല്‍കിയ മൊഴിയിലുണ്ട്. അഭിനന്ദനം അറിയിച്ച ഈ ഉന്നതന്‍ രാഷ്ട്രീയ തലത്തിലുള്ളവരുമായി ബന്ധമുള്ള ഉദ്യോഗസ്ഥനാണെന്ന് സൂചനയുണ്ട്.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

കേസില്‍ സിബിഐ വന്നാല്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്ന് ബന്ധുക്കള്‍ പറയുന്നു. യഥാര്‍ത്ഥ പ്രതികളെ പോലീസും സര്‍ക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മകന്റെ രാഷ്ട്രീയവും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് കേസ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള പറയുന്നു. അതേസമയം വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീജിത്തിനെ ഇത്ര തിടുക്കപ്പെട്ട് എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും ബന്ധുക്കള്‍ ചോദിക്കുന്നു. എസ്പി ഓഫീസില്‍ നിന്ന് വിളിച്ചത് ആരാണെന്നറിയണം. അതിന് റൂറല്‍ എസ്പി അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പരിശോധിക്കണം. ഇപ്പോള്‍ അറസ്റ്റിലായവരല്ല യഥാര്‍ത്ഥ പ്രതികളെന്നും ആര്‍ടിഎഫ് സംഘാംഗങ്ങളെ ഉന്നത ഉദ്യോഗസ്ഥന് വേണ്ടി കേസില്‍ കുടുക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

സജിത്തിനെ തേടി വന്നവര്‍ ശ്രീജിത്തിന്റെ ജീവനെടുത്തു, അഖിലയുടെ ഞെട്ടിപ്പിക്കുന്ന മൊഴി!!

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിൽ പോലീസ് കുടുങ്ങുന്നു.. ഡോക്ടർമാരുടെ മൊഴി പുറത്ത്

വരാപ്പുഴ കസ്റ്റഡി മരണം; പോലീസും സിപിഎമ്മും വ്യാജ തെളിവുണ്ടാക്കുന്നു

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
police brutaly beaten sreejith in custody

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X