സരിതയുടെപരാതി:അബ്ദുള്ളക്കുട്ടിക്കെതിരെ പീഡനക്കേസ്
തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. സരിത എസ് നായരുടെ പരാതിയിലാണ് നടപടി. നേരത്തെ തന്നെ അബ്ദുള്ളക്കുട്ടിക്കെതിരെ സരിത ആരോപണം ഉന്നയിച്ചിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 376 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാനഭംഗ ശ്രമം, ലൈംഗികമായി ശല്യപ്പെടുത്തല്‍, ഭീഷണി എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്.

സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടി ഇപ്പോള്‍ കണ്ണൂരില്‍ നിന്നുള്ള ജനപ്രതിനിധിയാണ്. സോളാര്‍ തട്ടിപ്പ് കേസില്‍ ജയിലില്‍ നിന്നിറങ്ങിയ സരിത എസ് നായര്‍ ആദ്യം വെളിപ്പെടുത്തിയത് അബ്ദുള്ളക്കുട്ടിയുടെ പേരായിരുന്നു.
സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട അബ്ദുള്ളക്കുട്ടി പിന്നീട് തന്നെ നിരന്തരം ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയിരുന്നുവെന്നായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. തുടക്കത്തില്‍ മാന്യമായി സംസാരിച്ചിരുന്ന അബ്ദുള്ളക്കുട്ടി പിന്നീട് സഭ്യമല്ലാത്ത രീതിയിലാണ് തന്നോട് പെരുമാറിയിരുന്നത്. ഒടുവില്‍ തന്നെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിക്കുകവരെ ഉണ്ടായെന്ന് സരിത ആരോപിച്ചിരുന്നു.
എന്നാല്‍ സരിതയുടെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സരിതയുടെ ആരോപണം എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
അബ്ദുള്ളക്കുട്ടിയുടെ വാദങ്ങള്‍ എല്ലാം ഖണ്ഡിച്ച സരിത, തന്റെ കയ്യില്‍ എല്ലാത്തിനും തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വാക്കാല്‍ പരാതി നല്‍കിയ സരിത ഇപ്പോള്‍ പരാതി എഴുതി നല്‍കിയിട്ടുണ്ട്.
വാര്‍ത്ത പുറത്ത് വന്ന ഉടന്‍ തന്നെ അബ്ദുള്ളക്കുട്ടി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി.












Click it and Unblock the Notifications