സാവകാശം വേണം, ഇന്ന് ഹാജരാകാനാകില്ലെന്ന് ശ്രീനാഥ് ഭാസി; പൊലീസിന്റെ മറുപടി ഇങ്ങനെ...
കൊച്ചി: അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇന്നലെ പൊലീസ് ശ്രീനാഥ് ഭാസിക്ക് നോട്ടീസ് അയച്ചിരുന്നു. മരട് പൊലീസാണ് പ്രാഥമിക മൊഴി രേഖപ്പെടുത്തുന്നതിനായി ഇന്ന് ശ്രീനാഥ് ഭാസിയോട് ഇന്ന് സ്‌റ്റേഷനിലെത്താന്‍ പറഞ്ഞത്.
എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അല്‍പ്പം കൂടി സമയം അനുവദിച്ച് നല്‍കണം എന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. എന്നാല്‍ ഇന്ന് ഹാജരാകേണ്ടതില്ല എന്ന് പറഞ്ഞ പൊലീസ് നാളെ ഹാജരാകണം എന്ന് ശ്രീനാഥ് ഭാസിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ശ്രീനാഥ് ഭാസിക്ക് എതിരെ ചുമത്തിയിട്ടുള്ള കേസ്.

അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറി എന്നും തെറി വിളിച്ചു എന്നുമാണ് അവതാരക പരാതി നല്‍കിയിരിക്കുന്നത്. പൊലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 22-ാം തീയതിയാണ് അവതാരക ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി പൊലീസ് നേരത്തെ തന്നനെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

അഭിമുഖം നടന്ന കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസിന്റെ പക്കലുണ്ട്. ഇവ കേസില്‍ നിര്‍ണായകമാകും എന്നാണ് വിലയിരുത്തല്‍. അ്രഭിമുഖം തുടങ്ങി കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ശ്രീനാഥ് ഭാസി ക്ഷോഭിച്ചു പെരുമാറി എന്നാണ് അവതാരക പരാതിയില്‍ പറയുന്നത്.

യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. മൂന്ന് ക്യാമറകളും ഓഫ് ചെയ്യിപ്പിച്ച് ശ്രീനാഥ് ഭാസി തെറിവിളിച്ചെന്നും ഒരിക്കലും ഒരു പൊതുവേദിയില്‍ പറയാന്‍ കഴിയാത്ത വാക്കുകളായിരുന്നു അതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം എന്നും അവതാരക പറയുന്നു.

അതേസമയം, താന്‍ അവതാരകയെ തെറിവിളിച്ചിട്ടില്ല എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല എന്നും തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചതാണ് എന്നുമാണ് ശ്രീനാഥ് ഭാസി പറയുന്നത്. പിന്നാലെ ശനിയാഴ്ച രാത്രിയോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീനാഥ് ഭാസി രംഗത്തെത്തുകയും ചെയ്തു.












Click it and Unblock the Notifications