പെട്രോള്‍ ബോംബേറ്, പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി, ഹര്‍ത്താലില്‍ വ്യാപക ആക്രമണം
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ സംസ്ഥാനത്താകെ വ്യാപക അക്രമം. ആദ്യ കുറച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ വിവിധയിടങ്ങളില്‍ ബസ്സിന് കല്ലേറ് വരെയുണ്ടായി. കട അടപ്പിക്കാനും പലയിടത്തും നീക്കങ്ങള്‍ നടന്നു. സംസ്ഥാനത്ത് പരക്കെ സമരാനുകൂലികള്‍ ആക്രമണങ്ങള്‍ നടത്തിയിരിക്കുകയാണ്.
കെഎസ്ആര്‍ടിഎസ് ബസ്സുകളുടെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. സ്വകാര്യ വാഹന യാത്രക്കാരെയും സമരക്കാര്‍ വെറുതെ വിട്ടില്ല. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആക്രമണം നേരിടേണ്ടി വന്നു. ഹര്‍ത്താല്‍ അനുകൂലികളായ കുറച്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോട്ടയം ഈരാറ്റുപേട്ടയില്‍ വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. പോലീസ് ഇവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. അഞ്ചോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൂറോളം പേര്‍ കരുതല്‍ തടങ്കലിലാണ്. ഇവരെ ഈരാറ്റുപ്പേട്ട, പോലീസ് സ്‌റ്റേഷനുകളിലേക്ക് മാറ്റി.
ഈരാറ്റുപ്പേട്ടയില്‍ സംഘര്‍ഷഭരിതമായിരുന്നു കാര്യങ്ങള്‍. ഹര്‍ത്താല്‍ അനുകൂലികള്‍ രാവിലെ എഴുമണിയോടെ തന്നെ തെരുവില്‍ ഇറങ്ങി കടകള്‍ അടപ്പിക്കാന്‍ തുടങ്ങി. ആളുകളെ ഭീഷണിപ്പെടുത്തിയതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.
നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ് പോലീസ്. കടകള്‍ അടയ്പ്പിക്കാനുള്ള നീക്കം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്നായിരുന്നു ലാത്തിച്ചാര്‍ജ് നടന്നത്. കൂടുതല്‍ പോലീസുകാരെ ഈരാറ്റുപേട്ട നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണിത്. കണ്ണൂരിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബൈക്ക് യാത്രക്കാരന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ആശുപത്രിയിലാണ്.
കൊല്ലത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസ് ഉദ്യോഗസ്ഥരെയാണ് ബൈക്കിടിച്ച് വീഴ്ത്തിയത്. പോലീസുകാര്‍ക്ക് പരിക്കുണ്ട്. യാത്രക്കാരെ ഹര്‍ത്താല്‍ അനുകൂലികല്‍ അസഭ്യം പറഞ്ഞത് പോലീസ് തടയാന്‍ ശ്രമിക്കവെയാണ് ബൈക്കിടിച്ച് വീഴ്ത്തിയത്.
പോലീസിന് നേരെ ആക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ തുറന്നുപ്രവര്‍ത്തിച്ച കട സരമാനുകൂലികള്‍ ആക്രമിച്ചു. കൊച്ചിയിലെ പള്ളുരുത്തിയില്‍ വഴി തടഞ്ഞ പന്ത്രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കാട്ടൂരില്‍ വാഹനത്തിന് നേരെ പോപ്പുലര്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണൂരില്‍ രണ്ട് ലോറികളുടെ താക്കോല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ എടുത്തുകൊണ്ടുപോയി. ഇതോടെ ഗതാഗത തടസ്സവുമുണ്ടായി. കോഴിക്കോട് നടക്കാവില്‍ ഹോട്ടലിന് നേരെയുള്ള ആക്രമണത്തില്‍ ചില്ലുകള്‍ തകര്‍ന്നു. കോട്ടയത്ത് കുറിച്ച് ഔട്ട് പോസ്റ്റിലും, സമീപ പ്രദേശങ്ങളിലും ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറുണ്ടായി.












Click it and Unblock the Notifications